'കര്‍ക്കശക്കാരന്‍ എന്ന് ബ്രാന്‍ഡ് ചെയ്യപ്പെടുന്നതാണ്,അത് ആഗ്രഹിക്കുന്ന ചിലരുണ്ട്'; അഭിമുഖത്തില്‍ മോഹന്‍ലാലിനോട് മുഖ്യമന്ത്രി
കുടുംബം, കുട്ടിക്കാലം, രാഷ്ട്രീയം ജീവിത സാഹചര്യം എന്നിവ തുറന്നുപറഞ്ഞ് കണ്ടും മിണ്ടിയും ഇരുവര്‍ എന്ന അഭിമുഖത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ കുട്ടിക്കാലത്തെ ജീവിതം പറഞ്ഞായിരുന്നു നടന്‍ മോഹന്‍ലാലുമായുള്ള അഭിമുഖം ആരംഭിച്ചത്.
അഞ്ചാം തരത്തില്‍ പഠനം ഉപേക്ഷിച്ച് ബീഡി കെട്ടുന്ന പണിക്ക് പോയിരുന്ന ഒരു ബാല്യമായിരുന്നു തനിക്കുണ്ടായിരുന്നത്. പക്ഷെ അവിടെ ചെന്നപ്പോള്‍ കുട്ടി പഠിക്കട്ടെ എന്നാണ് അവര്‍ പറഞ്ഞത്. അതറിഞ്ഞ് എത്തിയ പ്രധാനധ്യാപകനും മാനേജറും അമ്മയോട് സംസാരിച്ചതിന് പിന്നാലെയാണ് യുപി സ്‌കൂളില്‍ ചേരുന്നതെന്നും അദ്ദേഹം ഓര്‍ത്തെടുത്തു.
യുപി സ്‌കൂളില്‍ വച്ച് കഥാപ്രസംഗം നടത്തിയിരുന്നു. ചെറുപ്പത്തില്‍ നന്നായി വായിക്കുമായിരുന്നു. ഇപ്പോള്‍ അത് കുറഞ്ഞു. ടോള്‍സ്റ്റോയ്, വിക്ടര്‍ ഹ്യൂഗോ, തകഴി എന്നിവരുടെ രചനകള്‍ വായിക്കുമായിരുന്നു. തനിക്കെതിരെ വരുന്ന വാര്‍ത്തകളില്‍ വ്യാകുലപ്പെടാറില്ല, അതില്‍ ഇടപെടാറില്ല. ഇന്ന് വരെ ഒരു വാര്‍ത്തയിലും നേരിട്ട് വിളിച്ച് ഇടപെടല്‍ നടത്തിയിട്ടില്ല. പാര്‍ട്ടിയോടുള്ള എതിര്‍പ്പാണ് തന്നെ പറ്റിയുള്ള വാര്‍ത്തകള്‍ വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം കര്‍ക്കശക്കാരന്‍ എന്ന പേര് ചിലര്‍ ഉണ്ടാക്കിയെടുത്തതാണ്. ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. അത് ആഗ്രഹിക്കുന്ന ചിലരുമുണ്ടെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുത്താണ് 'കണ്ടും മിണ്ടിയും ഇരുവര്‍' എന്ന പേരില്‍ പിആര്‍ഡി നിര്‍മിച്ച അഭിമുഖം പുറത്തിറക്കിയിരിക്കുന്നത്. അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം വിനോദ വാര്‍ത്താചാനലുകളിലും സാമൂഹികമാധ്യമങ്ങളിലും സംപ്രേഷണം ചെയ്യുകയാണ്.
കഴിഞ്ഞ പാര്‍ലമെന്റ് ഇലക്ഷന് മുന്നോടിയായി നരേന്ദ്രമോദി ബോളിവുഡ് നടന്‍ അക്ഷയ് കുമാറുമായി ചേര്‍ന്നുനടത്തിയ 'ഇന്റര്‍വ്യൂ' ഓര്‍മ്മിപ്പിക്കുന്നതാണ് പിണറായി വിജയന്‍ മോഹന്‍ലാല്‍ സംഭാഷണമെന്നാണ് ടീസര്‍ പുറത്തിറങ്ങിയതിനു പിന്നാലെയുയര്‍ന്ന ആക്ഷേപം.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ അഭിമുഖത്തിന്റെ ടീസര്‍ വലിയ ചര്‍ച്ചയായിരുന്നു. സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് സ്റ്റണ്ടായാണ് പലരും അഭിമുഖത്തെ വിലയിരുത്തുന്നത്. സംവിധായകന്‍ ടി കെ രാജീവ് കുമാര്‍ ഉള്‍പ്പെടെയുള്ളവരാണ് അഭിമുഖം ഒരുക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."