ആതിരയും സഹോദരങ്ങളും ഇനി 'സ്‌നേഹവീട്ടി'ല്‍ അന്തിയുറങ്ങും
പന്തീരാങ്കാവ്: ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട ആതിരക്കും സഹോദരങ്ങള്‍ക്കും ഇനി അടച്ചുറപ്പുള്ള വീട്ടില്‍ സ്വസ്ഥമായുറങ്ങാം. ഗ്രാമപഞ്ചായത്തിന്റെയും നാട്ടുകാരുടെയും സഹകരണത്തോടെ നിര്‍മിച്ച സ്‌നേഹവീട്ടിലേക്കു കുടുംബം താമസംമാറി. നാട് ഉത്സവമാക്കിയ ചടങ്ങില്‍ നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ആതിരക്കു വീടിന്റെ താക്കോല്‍ കൈമാറി.
അഞ്ചുവര്‍ഷം മുന്‍പു മണ്ണെണ്ണ വിളക്കില്‍ നിന്നു തീപടര്‍ന്ന് പന്തീരാങ്കാവ് തിരുത്തിമ്മല്‍ താഴത്ത് മനക്കല്‍ ബേബി മരിക്കുമ്പോള്‍ ആതിരക്കും സഹോദരങ്ങള്‍ക്കും സംരക്ഷണത്തിന് ബേബിയുടെ പ്രായമായ മാതാവ് മാത്രമാണുണ്ടായിരുന്നത്. ഒരു വര്‍ഷം മുന്‍പ് അമ്മമ്മയും മരിച്ചതോടെ പൊളിഞ്ഞുവീഴാറായ വീട്ടില്‍ കൊച്ചുസഹോദരന്റെയും സഹോദരിയുടെയും സംരക്ഷണം പ്ലസ്ടു വിദ്യാര്‍ഥിനിയായ ആതിരക്കായി.
അടച്ചുറപ്പിലാത്ത വീട്ടില്‍ കഴിയുന്ന ആതിരയുടെയും സഹോദരങ്ങളുടെയും അവസ്ഥയറിഞ്ഞു കുടുംബശ്രീ കൂട്ടായ്മ മുന്നോട്ടുവന്നതോടെയാണ് ഇവരുടെ സ്വന്തമായി വീടെന്ന സ്വപ്നം പൂവണിത്തത്. ഗ്രാമപഞ്ചായത്തിന്റെയും നാട്ടുകാരുടെയും സഹകരണത്തോടെ രണ്ടുമുറികളുള്ള വീടിന്റെ മുഴുവന്‍ പ്രവൃത്തികളും പൂര്‍ത്തിയാക്കി വീട്ടുപകരണങ്ങളും ഗ്യാസ് കണക്ഷനും നല്‍കിയാണ് 'സ്‌നേഹവീട് ' ആതിരക്കും സഹോദരങ്ങള്‍ക്കും കൈമാറിയത്.
ചടങ്ങില്‍ അഡ്വ. പി.ടി.എ റഹീം എം.എല്‍.എ അധ്യക്ഷനായി. കുടുംബശ്രീ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ സെയ്ത് അക്ബര്‍ ബാദ്ഷാ ഖാന്‍ പദ്ധതി വിശദീകരിച്ചു. . ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. തങ്കമണി, എന്‍. മുരളീധരന്‍, എന്‍. മനോജ്കുമാര്‍, മനോജ് പാലത്തൊടി, ടി.ടി പ്രശാന്ത്, രമണി, കെ.കെ ജയപ്രകാശന്‍, ടി.പി സുമ, ശ്രീജ വടക്കയില്‍, കെ. സുഗതന്‍, വി. ഹര്‍ഷലത, എം.കെ റീന, കെ. ബൈജു, ചോലക്കല്‍ രാജേന്ദ്രന്‍, സി.പി പ്രദീപ്, കെ.കെ കോയ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."