മധ്യവയസ്‌കനെ ചോര വാര്‍ന്നൊലിച്ച നിലയില്‍ കണ്ടെത്തി
കളമശ്ശേരി: അജ്ഞാതനായ മധ്യവയസ്‌കനെ ചോരവാര്‍ന്നൊലിച്ച നിലയില്‍ കടത്തിണ്ണയില്‍ കണ്ടെത്തി. കളമശ്ശേരി അപ്പോളോ ടയേഴ്‌സിനു സമീപം അലങ്കാര്‍ ഗിഫ്റ്റ് സെന്ററിനു മുന്നിലാണ് ചോരയില്‍ കുളിച്ച നിലയില്‍ 60 വയസ് പ്രായം തോന്നുന്നയാളെ കണ്ടെത്തിയത്. പരുക്കേറ്റയാളുടെ സമീപത്ത് നിന്നും മുപ്പത് കിലോ ഭാരമുള്ള കോണ്‍ക്രീറ്റ് കട്ട കണ്ടെത്തി. ഇതിനാല്‍ റിപ്പര്‍ മോഡല്‍ ആക്രമണമാണോ എന്നും പൊലിസ് സംശയിക്കുന്നു.
ചൊവ്വാഴ്ച്ച പുലര്‍ച്ചെ മൂന്നേ മുക്കാലോടെയാണ് വഴിയാത്രക്കാര്‍ ഇയാളെ കണ്ടത്. ഉടനെ പൊലിസില്‍ വിവരമറിയിച്ച് എറണാകുളം ഗവ.മെഡിക്കല്‍ കോളജിലെത്തിച്ചു. കൂടുതല്‍ രക്തം വാര്‍ന്ന് പോയതിനാല്‍ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.
തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലുള്ളയാള്‍ അബോധാവസഥയിലാണ്. ഇയാള്‍ മലയാളിയാണെന്ന് പൊലിസ് പറഞ്ഞു. ഇയാളുടെ പുരികത്തിലും മൂക്കിന്റെ ഭാഗുമാണ് പരുക്കുള്ളത്. ഇത് സംശയത്തിനിടയാക്കുന്നുണ്ട്. പരുക്കേറ്റയാളുടെ മൊഴിയെടുത്താല്‍ മാത്രമേ സംഭവത്തില്‍ വ്യക്തത വരുകയുള്ളൂയെന്നും പൊലിസ് പറഞ്ഞു.
തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ എം.ബിനോയ്, കളമശ്ശേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.ജയകൃഷ്ണന്‍, എസ്.ഐ ഇ.വി ഷിബു, ഫോറന്‍സിക് വിദഗ്ധര്‍ എന്നിവര്‍ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ സി.സി.ടി.വി കാമറകളിലെ ദൃശ്യങ്ങള്‍ പൊലിസ് പരിശോധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."