ഇറാൻ വലിയ ഭീഷണി; ആക്രമണം പ്രതീക്ഷിച്ചിരുന്നില്ലെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ്
മോൺട്രിയക്സ്/ദുബൈ: ഇറാനിൽ നിന്ന് അപ്രതീക്ഷിതമായ ആക്രമണമാണ് ഉണ്ടായതെന്നും ഇറാൻ ഇപ്പോൾ വലിയൊരു ഭീഷണിയായി മാറിയിരിക്കുകയാണെന്നും യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ്. ഫ്രാൻസിലെ മോൺട്രിയക്സിൽ നടന്ന 18-ാമത് വേൾഡ് പോളിസി കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാൻ മേഖലയ്ക്ക് ഭീഷണിയാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, നിലവിലെ സംഘർഷങ്ങൾ മിഡിൽ ഈസ്റ്റിന്റെ ഭാവിയെ എങ്ങനെ മാറ്റിമറിക്കുമെന്നതിനെക്കുറിച്ച് ഗൗരവമായ നിരീക്ഷണങ്ങളും പങ്കുവെച്ചു.
യുദ്ധം ആരംഭിക്കുന്നതിന് മുൻപ് ഇറാനുമായി നടത്തിയ ചർച്ചകളിൽ നിന്ന് വളരെ പ്രതികൂലമായ സൂചനകളാണ് ലഭിച്ചിരുന്നതെന്നും ഗർഗാഷ് ചൂണ്ടിക്കാട്ടി. യുഎഇ സഹമന്ത്രി ലാന നുസൈബെഹ് നടത്തിയ ഇറാൻ സന്ദർശനവും യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇറാനിയൻ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയും ഏറെ പ്രതീക്ഷ നൽകുന്നതായിരുന്നു. എന്നാൽ, ഈ ധാരണകളെല്ലാം തകിടം മറിച്ചുകൊണ്ട് ഇസ്റാഈലിനേക്കാൾ കൂടുതൽ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് യുഎഇയെ ആക്രമിക്കാനാണ് ഇറാൻ പദ്ധതിയിട്ടത്. ഇതോടെ നയതന്ത്ര ശ്രമങ്ങൾ പൂർണ്ണമായും പരാജയപ്പെട്ടുവെന്ന് യുഎഇ തിരിച്ചറിഞ്ഞു.
ഇറാന്റെ നേതൃത്വത്തിനുള്ളിലെ കടുത്ത ഭിന്നതയാണ് സ്ഥിതിഗതികൾ വഷളാക്കിയതെന്ന് ഗർഗാഷ് പറഞ്ഞു. സാമ്പത്തിക വളർച്ച ആഗ്രഹിക്കുന്ന ഒരു വിഭാഗവും യുദ്ധത്തിന് കോപ്പുകൂട്ടുന്ന മറ്റൊരു വിഭാഗവും ഇറാൻ ഭരണകൂടത്തിനകത്ത് തമ്മിലടിക്കുകയാണ്. ഐക്യമില്ലാത്ത ഈ നേതൃത്വം ഇറാന്റെ വിശ്വാസ്യത തകർത്തിരിക്കുകയാണ്. ഹോർമുസ് കടലിടുക്കിലെ കപ്പലുകൾ പിടിച്ചെടുക്കുന്നതുൾപ്പെടെയുള്ള നടപടികൾ ഇറാനെ ഒരു പരിഹാസ രാഷ്ട്രം എന്ന നിലയിലേക്ക് എത്തിച്ചതായും അദ്ദേഹം കുറ്റപ്പെടുത്തി.
മേഖലയിലെ ഭാവി സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചും അദ്ദേഹം നിർണ്ണായകമായ ചില കാര്യങ്ങൾ പങ്കുവെച്ചു. പശ്ചിമേഷ്യയിൽ അമേരിക്കയുടെ സാന്നിധ്യം കുറയുകയല്ല, മറിച്ച് കൂടുതൽ ശക്തമാകാനാണ് സാധ്യതയെന്ന് അദ്ദേഹം വ്യക്തമാക്കി. സഖ്യങ്ങൾ, സൈനിക പരിശീലനം, നയതന്ത്ര ഇടപെടൽ എന്നിവയിലൂടെ യുഎസ് കൂടുതൽ സജീവമാകും.
അതോടൊപ്പം തന്നെ, ഗൾഫ് രാജ്യങ്ങളുടെ സുരക്ഷാ കാഴ്ചപ്പാടുകളിൽ മാറ്റം വരികയാണെന്നും പല വിദഗ്ധരും ഇപ്പോൾ ഇസ്റാഈലിനെ ഒരു ഭീഷണിയായി കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരും കാലങ്ങളിൽ ഇറാന് നേരിടേണ്ടി വരിക കേവലം രാഷ്ട്രീയ പ്രതിസന്ധി മാത്രമല്ല, മറിച്ച് സാമ്പത്തികമായ അതിജീവനത്തിന്റെ ചോദ്യങ്ങൾ കൂടിയായിരിക്കുമെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ പ്രസംഗം അവസാനിപ്പിച്ചത്.
uae diplomatic adviser anwar gargash said iran remains a serious threat and noted that a recent attack was not anticipated. his remarks highlight growing regional tensions and underline the need for stronger security and diplomatic coordination in the middle east.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."