ഇന്ധന വില വര്‍ധന അനിവാര്യമെന്ന് കേന്ദ്ര ധനമന്ത്രാലയം; ഊര്‍ജ്ജവിതരണത്തിലെ പ്രതിസന്ധി ദീര്‍ഘകാലം തുടരുമെന്നും സൂചന, പണപ്പെരുപ്പം ഉയരുമെന്നും റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: പെട്രോള്‍-ഡീസല്‍ വില വര്‍ധനവുണ്ടാകുമെന്ന സൂചന നല്‍കി കേന്ദ്രധനമന്ത്രാലയം. ബുധനാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച പരാമര്‍ശം. ഇന്ധന വില വര്‍ധന അനിവാര്യമാണെന്നാണ് കേന്ദ്രം പറയുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പെട്രോള്‍ വില വര്‍ധിക്കുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കഴിഞ്ഞ ദിവസം രംഗത്തെത്തിയതിന് പിന്നാലെയാണ് ധനമന്ത്രാലയം ഈ റിപ്പോര്‍ട്ട് പുറത്തിറക്കിയിരിക്കുന്നത്.
'ചില രാജ്യങ്ങള്‍ ഇന്ധനവിലവര്‍ധനവിന്റെ ഭാരം ഗാര്‍ഹിക- വാണിജ്യ ഉപഭോക്താക്കളുടെ മേലേക്ക് നല്‍കുന്നതിന് തുടക്കമിട്ടിട്ടുണ്ട്. ചിലര്‍ ഇനിയും അത് ചെയ്തിട്ടില്ല. എന്നാല്‍, അത് അനിവാര്യമാണ്' ഏപ്രിലിലെ പ്രതിമാസ ഇക്കണോമിക് റിവ്യു റിപ്പോര്‍ട്ടില്‍ കേന്ദ്രധനമന്ത്രാലയം പറയുന്നു. ഇന്ധന വിതരണത്തിലെ പ്രതിസന്ധിയും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. വിതരണ തടസ്സമുണ്ടാകുമ്പോള്‍ ഡിമാന്‍ഡ് മിതമാക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം ഊര്‍ജ്ജ വിതരണത്തിന് രാജ്യങ്ങള്‍ കനത്ത വില നല്‍കേണ്ടി വരും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ധനവിതരണത്തിന് ബുദ്ധിമുട്ടുകള്‍ ഉണ്ടാകാമെന്നും ഇത് ദീര്‍ഘകാലം നിലനില്‍ക്കുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഊര്‍ജ്ജ വിതരണം വേഗത്തില്‍ സാധാരണ നിലയിലാകുമെന്ന് ധരിച്ചതില്‍ പല ഏജന്‍സികളും ഇപ്പോള്‍ പശ്ചാതപിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.
മാര്‍ച്ചില്‍ ഇന്ത്യയുടെ അസംസ്‌കൃത എണ്ണ വില ബാരലിന് ശരാശരി 113 ഡോളറായിരുന്നു, ഏപ്രിലില്‍ ഇത് ബാരലിന് 115 ഡോളറില്‍ താഴെയാണ്. ICRA റിപ്പോര്‍ട്ട് അനുസരിച്ച്, പെട്രോളിനും ഡീസലിനും യഥാക്രമം ലിറ്ററിന് 14 രൂപയും ലിറ്ററിന് 18 രൂപയും മാര്‍ക്കറ്റിംഗ് മാര്‍ജിന്‍ നെഗറ്റീവ് ആയി കണക്കാക്കപ്പെടുന്നു. 2027 സാമ്പത്തിക വര്‍ഷത്തില്‍ ആഭ്യന്തര എല്‍പിജി വീണ്ടെടുക്കലില്‍ 80,000 കോടി രൂപയായിരിക്കുമെന്നുമാണ് കണക്കാക്കപ്പെടുന്നത്.
അതേസമയം, പശ്ചിമബംഗാളില്‍ അവസാനഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതിന് പിന്നാലെ ഇന്ധനവില വര്‍ധിക്കുമെന്ന വാര്‍ത്തകളില്‍ വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. ഏപ്രില്‍ 29ന് തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടം പൂര്‍ത്തിയാകുന്നതിന് പിന്നാലെ ഇന്ധനവില വര്‍ധിക്കുമെന്നാണ് സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പടെ വലിയ പ്രചാരണമുണ്ടായിരുന്നത്. ഇതിന് പിന്നാലെ കേന്ദ്രസര്‍ക്കാര്‍ വിശദീകരണവുമായി രംഗത്തെത്തുകയായിരുന്നു.
പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയാണ് വിശദീകരണവുമായി രംഗത്തെത്തിയത്. പെട്രോള്‍-ഡീസല്‍ വില വര്‍ധിപ്പിക്കാന്‍ ഒരു ഉത്തരവും ഇറക്കിയിട്ടില്ലെന്നാണ് വിശദീകരണത്തില്‍ വ്യക്തമാക്കുന്നത്. പെട്രോള്‍ വില 10 രൂപയും ഡീസലിന്‍േറത് 12.50 രൂപയുമായി വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചെന്നായിരുന്നു സമൂഹമാധ്യമങ്ങളിലെ പ്രചാരണം. ഇത്തരം വിവരങ്ങള്‍ക്കായി ഔദ്യോഗിക കേന്ദ്രങ്ങളെ മാത്രം ആശ്രയിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഇന്ധനവിലവര്‍ധനവില്ലാതെ പിടിച്ചുനില്‍ക്കാനാവില്ലെന്ന സൂചനകളാണ് നിലവില്‍ ധനമന്ത്രാലയം റിപ്പോര്‍ട്ട് നല്‍കുന്നത്. മാത്രമല്ല, രാജ്യത്ത് പണപ്പെരുപ്പം ഉയരുമെന്ന സൂചനകളും ധനമന്ത്രാലയം നല്‍കുന്നു. ഫെബ്രുവരിയില്‍ 3.21 ശതമാനമായിരുന്ന റീടെയില്‍ പണപ്പെരുപ്പം മാര്‍ച്ചില്‍ 3.44 ശതമാനമായി ഉയര്‍ന്നിരുന്നു. മൊത്തവിലകളെ ആശ്രയിച്ചുള്ള പണപ്പെരുപ്പവും വര്‍ധിക്കുകയാണെന്ന് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ട് വരുംനാളുകളില്‍ ഇന്ത്യയില്‍ പണപ്പെരുപ്പം ഉയരുമെന്നതിലേക്ക് തന്നെയാണ് വിരല്‍ ചൂണ്ടുന്നത്.
പെട്രോളും ഡീസലും വില്‍ക്കുന്നത് നഷ്ടത്തിലെന്ന് കമ്പനികള്‍
ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോളും ഡീസലും വില്‍ക്കുന്നത് വന്‍ നഷ്ടത്തിലാണെന്നാണെന്ന അവകാശവാദവുമായി എണ്ണ കമ്പനികള്‍ രംഗത്തെത്തി. ഓരോ ലിറ്റര്‍ പെട്രോളും ഡീസലും വില്‍ക്കുമ്പോഴുണ്ടാവുന്ന നഷ്ടകണക്കുകളും കമ്പനികള്‍ പുറത്തുവിട്ടു. ഒരു ലിറ്റര്‍ ഡീസല്‍14 രൂപ നഷ്ടത്തിലും പെട്രോള്‍ 18 രൂപ നഷ്ടത്തിലുമാണ് വില്‍ക്കുന്നതെന്നാണ് എണ്ണകമ്പനികളുടെ അവകാശപ്പെടുന്നത്.
പശ്ചിമേഷ്യന്‍ പ്രതിസന്ധി മൂലം എല്‍.പി.ജി വിലയിലുണ്ടായ ചാഞ്ചാട്ടങ്ങള്‍ മൂലം 80,000 കോടിയുടെ നഷ്ടം ഉണ്ടാവുന്നുണ്ടെന്നും എണ്ണ കമ്പനികളുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
the finance ministry signals that rising fuel prices are unavoidable as the energy supply crisis may persist long term, with inflation expected to increase further.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."