HOME
DETAILS

ഇന്ത്യയിലെ പുതിയ പാറ്റ വിപ്ലവം; വ്യവസ്ഥിതിയോടുള്ള പുതുതലമുറയുടെ വിയോജിപ്പ് | Cockroach Janta Party

  
യു.എം മുഖ്താര്‍
May 23, 2026 | 1:14 AM

The new cockroach revolution in India Ie Cockroach Janta Party

ഇതെഴുതുമ്പോള്‍ കോക്രോച്ച് ജനതാ പാര്‍ട്ടി (സി.ജെ.പി) എന്ന സറ്റയര്‍ ഓണ്‍ലൈന്‍ കൂട്ടായ്മയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന് ലഭിച്ച ഫോളോവേഴ്‌സിന്റെ എണ്ണം രണ്ടുകോടി കവിഞ്ഞു. അവരുടെ ഇന്‍സ്റ്റ അക്കൗണ്ടില്‍ പങ്കുവച്ച അവസാനത്തെ 20 വിഡിയോകള്‍ക്കും ചുരുങ്ങിയത് ഒരുകോടിക്ക് മുകളില്‍ കാഴ്ചക്കാരും ഉണ്ട്. ഇന്ത്യന്‍ രാഷ്ട്രീയചരിത്രത്തില്‍ ഇന്നോളമുണ്ടാകാത്ത വിധം വിചിത്രവും കൗതുകകരവുമായ പ്രതിഭാസമായി മാറുകയാണ് പാറ്റ അഥവാ കോക്രോച്ച്. പരിഹാസമായി തുടങ്ങി, മൂന്നു നാലു ദിവസങ്ങള്‍ക്കകം ദശലക്ഷക്കണക്കിന് പുതുതലമുറയുടെ വികാരമായി മാറിയ ഈ ഡിജിറ്റല്‍ ആള്‍ക്കൂട്ടത്തെ കേവലം ട്രോളായി മാത്രം നമുക്ക് കാണാനാകില്ല. മറിച്ച്, മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളെയും ഭരണകൂട സംവിധാനങ്ങളെയും ഒരേപോലെ ഇരുത്തിച്ചിന്തിപ്പിക്കുന്ന, ഇന്ത്യയിലെ പുതിയ തലമുറയുടെ (ജെന്‍സി) ശക്തമായ രാഷ്ട്രീയ പ്രതിരോധത്തിന്റെ പ്രഖ്യാപനമാണത്. തമാശയ്ക്കപ്പുറം, അതിനെ രാജ്യത്തെ വ്യവസ്ഥിതിയോടുള്ള പുതുതലമുറയുടെ വിയോജിപ്പ് പ്രകടനമായിട്ട് തന്നെ കാണണം.

തുടര്‍ച്ചയായ 12 വര്‍ഷത്തെ നരേന്ദ്രമോദി ഭരണത്തിന് കീഴില്‍ രാജ്യം നേരിടുന്ന അതിരൂക്ഷമായ തൊഴിലില്ലായ്മ, അവസരനിഷേധം, വിദ്വേഷം പടര്‍ത്തുന്ന നെഗറ്റീവ് പൊളിറ്റിക്‌സ്, സാമ്പത്തിക അസമത്വം, കൂടിവരുന്ന ജാതീയതും വര്‍ഗീയതയും എന്നിവയിലെല്ലാം മനംമടുത്ത പുതുതലമുറ ഒരു നല്ല ബദല്‍ രാഷ്ട്രീയത്തിനായി തെരച്ചില്‍ നടത്തുന്ന സമയത്താണ് ഈ കൂട്ടായ്മ രംഗപ്രവേശനം ചെയ്യുന്നത്. നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് പരീക്ഷ റദ്ദാക്കിയതുള്‍പ്പെടെയുള്ള ഭരണകൂട പരാജയങ്ങളില്‍ ഇരുപത്തിമൂന്ന് ലക്ഷത്തോളം വിദ്യാര്‍ഥികളും അവരുടെ കുടുംബങ്ങളും കടുത്ത കലിപ്പിലാണ്. വിദേശത്തുനിന്നുള്‍പ്പെടെ അവധിയെടുത്ത് വന്ന് നീറ്റ് എഴുതിയവരുണ്ട്. അത്തരത്തില്‍ രണ്ടരദശലക്ഷത്തിലേറെ പേരെഴുതിയ പരീക്ഷ, തീര്‍ത്തും ലാഘവത്തോടെ കൈകാര്യംചെയ്തതിനെത്തുടര്‍ന്ന് റദ്ദാക്കേണ്ടിവരികയെന്നത് പുതുതലമുറയിലുണ്ടാക്കിയ നീരസം ചെറുതല്ല. ഇങ്ങനെ അസന്തുഷ്ടിയില്‍നില്‍ക്കുന്ന വിഭാഗങ്ങളിലേക്കാണ് സി.ജെ.പി രംഗപ്രവേശനം ചെയ്തത്. ഭരണകൂടത്തോടും രാജ്യത്തെ വ്യവസ്ഥിതിയോടുമുള്ള വിയോജിപ്പ് രേഖപ്പെടുത്താന്‍ അവസരം കിട്ടിയെങ്കിലെന്ന് ചിന്തിച്ച് കാത്തുനിന്ന ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഒരു നിമിത്തമായി സി.ജെ.പി കടന്നുവെന്നുവെന്നും പറയാം. തങ്ങളുടെ ആശയങ്ങളും അഭിലാഷങ്ങളും ഉള്‍ക്കൊള്ളാനോ, തങ്ങള്‍ നേരിടുന്ന പ്രതിസന്ധികളെ കൃത്യമായി അഭിസംബോധനചെയ്യാനോ ഇവിടെയുള്ള ഭരണകക്ഷിക്കോ കോണ്‍ഗ്രസ് അടക്കമുള്ള മുഖ്യധാരാ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കോ കഴിയില്ലെന്ന ശക്തമായ തോന്നലും യുവാക്കള്‍ക്കിടയിലുണ്ട്. ഈയൊരു രാഷ്ട്രീയ ശൂന്യതയിലേക്കാണ് ഈ ഡിജിറ്റല്‍ കൂട്ടായ്മ ഒരു തരംഗമായി പടര്‍ന്നുകയറിയത്. സ്വാഭാവികമായും പുതുതലമുറ അതിനെ ഏറ്റെടുക്കുകയായിരുന്നു.

യുവാക്കള്‍ക്കും പറയാനുണ്ട്

ഇന്ത്യയിലെ യുവതലമുറ കേവലം ഡിജിറ്റല്‍ വിനോദങ്ങള്‍ക്കപ്പുറം വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നതാണ് വാസ്തവം. ഇന്ത്യയിലെ ജെന്‍സി ജനസംഖ്യയിലെ 54 ശതമാനം പേരും തൊഴിലില്ലായ്മയും ഉയര്‍ന്ന വിലക്കയറ്റവും കാരണം തങ്ങളുടെ ജീവിതത്തിലെ പല പ്രധാന തീരുമാനങ്ങളും ഉപേക്ഷിക്കുന്നവരാണ്. രാജ്യത്തെ 15 നും 29 നും ഇടയില്‍ പ്രായമുള്ളവര്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 9.9 ശതമാനമാണ്. നഗരപ്രദേശങ്ങളില്‍ ഇത് 13.6 ശതമാനം ആണ്. 65 ശതമാനം ജനങ്ങളും 35 വയസ്സിന് താഴെയുള്ളവരായിട്ടും മുഖ്യധാരാ രാഷ്ട്രീയം തങ്ങളെ പരിഗണിക്കുന്നില്ലെന്ന അമര്‍ഷമാണ് സി.ജെ.പി പോലുള്ള പ്ലാറ്റ്‌ഫോമിലേക്ക് യുവാക്കളെ ആകര്‍ഷിച്ചത്.
സി.ജെ.പിയിലൂടെ യുവാക്കളുന്നയിച്ച ആവശ്യങ്ങളും കാലികപ്രസക്തമുള്ളതാണ്. വിരമിച്ച ശേഷമുള്ള പ്രതിഫലമായി ഒരു ചീഫ് ജസ്റ്റിസിനും രാജ്യസഭാ സീറ്റ് നല്‍കില്ല, ഒരൊറ്റ യഥാര്‍ത്ഥ വോട്ടെങ്കിലും വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടാല്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ കര്‍ശന നടപടി നേരിടേണ്ടിവരും, സ്വാധീനമുള്ള വന്‍കിട വ്യവസായികളുടെ ഉടമസ്ഥതയിലുള്ള എല്ലാ മാധ്യമ പ്രസിദ്ധീകരണങ്ങളുടെയും ലൈസന്‍സ് റദ്ദാക്കും, ഒരു പാര്‍ട്ടിയില്‍ നിന്ന് മറ്റൊരു പാര്‍ട്ടിയിലേക്ക് കൂറുമാറുന്ന ജനപ്രതിനിധിയെ 20 വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്നും പൊതു പദവികള്‍ വഹിക്കുന്നതില്‍നിന്നും അയോഗ്യനാക്കും എന്നിവയാണ് പ്രകടനപത്രികയില്‍ സി.ജെ.പി ആവശ്യപ്പെടുന്നത്.


ബി.ജെ.പിയുടെ അസഹിഷ്ണുത

രാജ്യത്തെ തൊഴിലില്ലായ്മ, അഴിമതി, രാഷ്ട്രീയ പരാജയങ്ങള്‍ എന്നിവയെ നിശിതമായ ഭാഷയില്‍ പരിഹസിക്കുന്ന ട്രോളുകളും റീല്‍സുകളും വഴി യുവാക്കളെ സി.ജെ.പി ആകര്‍ഷിച്ചതോടെ അസഹിഷ്ണുതയുമായി കേന്ദ്രസര്‍ക്കാരും സംഘ്പരിവാര്‍ പ്രൊഫൈലുകളും രംഗത്തുവന്നു. സി.ജെ.പിക്ക് പിന്നില്‍ പാകിസ്താന്‍ ആണെന്ന് സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു കൊണ്ടിരുന്നു. സംഘ്പരിവാര്‍ അനുകൂല മാധ്യമങ്ങളും ഇത്തരത്തില്‍ വാര്‍ത്തകള്‍ ചെയ്തു.
ഇതിനിടെ കേന്ദ്ര സര്‍ക്കാര്‍ ഈ കൂട്ടായ്മയുടെ രണ്ട് ലക്ഷത്തോളം ഫോളോവേഴ്‌സ് ഉണ്ടായിരുന്ന എക്‌സ് അക്കൗണ്ട് ഇന്ത്യയില്‍ നിരോധിച്ചു. ഇത് രാജ്യത്തിന്റെ പരമാധികാരത്തിന് ഭീഷണിയാണെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം. സി.ജെ.പി സ്ഥാപകനായ അഭിജീത് ദിപ്‌കെ താനൊരു ദലിത് വിഭാഗത്തില്‍പ്പെട്ട വ്യക്തിയാണെന്ന് വ്യക്തമാക്കിയതോടെ സാമൂഹിക മാധ്യമങ്ങളില്‍ വലിയ രീതിയിലുള്ള ജാതീയ അധിക്ഷേപങ്ങള്‍ക്കും അദ്ദേഹം ഇരയായി. എത്ര കഠിനമായ സാഹചര്യങ്ങളെയും അതിജീവിക്കാന്‍ ശേഷിയുള്ള പാറ്റയെ, തങ്ങളുടെ സഹിഷ്ണുതയുടെ പ്രതീകമായി അവതരിപ്പിച്ചാണ് ഇതിനെയെല്ലാം സി.ജെ.പി നേരിട്ടത്. 


പാര്‍ട്ടിയുടെ ഭാവി

യു.എസിലെ ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിയായ അഭിജീത് ദിപ്‌കെ എന്ന മുപ്പതുകാരന്‍ രൂപം നല്‍കിയ ഈ പ്ലാറ്റ്‌ഫോം വെറും അഞ്ച് ദിവസം കൊണ്ട് ഭരണകക്ഷിയായ ബി.ജെ.പിയുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണത്തെപ്പോലും മറികടന്നിട്ടുണ്ട്. നിലവില്‍ ഇന്ത്യയില്‍ കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ള ഏകകൂട്ടായ്മയാണ് സി.ജെ.പി. യു.എസിലിരുന്ന് അഭിജീത് ഇന്‍സ്റ്റാഗ്രാമില്‍ തീര്‍ക്കുന്ന വിപ്ലവത്തിന് പൊടുന്നനെ സ്വീകാര്യതയും ജനശ്രദ്ധയും ലഭിച്ചെങ്കിലും ഇതിന്റെ ഭാവിസംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. എ.എ.പിയുടെ സോഷ്യല്‍മീഡിയാ ടീമില്‍ പ്രവര്‍ത്തിച്ച പരിചയമുള്ള ആളാണ് സി.ജെ.പി സ്ഥാപകന്‍ അഭിജീത് ദിപ്‌കെ. നാട്ടിലെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് പോലൊരു കൂട്ടായ്മയ്ക്കപ്പുറം സി.ജെ.പിക്ക് നിലവില്‍ ഔദ്യോഗിക സംവിധാനമോ പഌറ്റ്‌ഫോമോ ഇല്ല. രജിസ്‌ട്രേഷന്‍ പോലും നടന്നിട്ടില്ല. രണ്ടുകോടിയിലധികം ഫോളോവേഴ്‌സ് ഉണ്ടെങ്കിലും അതൊരിക്കലും ബ്ലു ടിക് ഉള്ള വെരിഫൈഡ് അക്കൗണ്ടും ആയിട്ടില്ല. 
ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സ് ഒരു രാഷ്ട്രീയ പാര്‍ട്ടിയായി മാറിയാല്‍ എത്രമാത്രം വോട്ട് ബാങ്കായി മാറാന്‍ കഴിയുമെന്ന ചോദ്യവും ഉയരുന്നുണ്ട്.

എന്നാല്‍ ഈ ഡിജിറ്റല്‍ മുന്നേറ്റം ഓണ്‍ലൈനില്‍ മാത്രം ഒതുങ്ങില്ലെന്നും ആവശ്യമായി വന്നാല്‍ തെരുവിലേക്ക് ഇറങ്ങുമെന്നുമാണ് സി.ജെ.പി നേതൃത്വം വ്യക്തമാക്കുന്നത്. ഇതിനോടകം തന്നെ ചില യുവാക്കള്‍ പാറ്റകളുടെ വേഷം ധരിച്ച് പ്രതിഷേധ പരിപാടികളില്‍ പങ്കെടുത്തു കഴിഞ്ഞു. മുഖ്യധാരാ രാഷ്ട്രയക്കാരായ മഹുവ മൊയ്ത്ര, കീര്‍ത്തി ആസാദ്, അഖിലേഷ് യാദവ്, ഉദ്ധവ് താക്കറെ, ശശി തരൂര്‍ എന്നിവരും കൂട്ടായ്മയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഇന്ത്യയിലെത്തി തുടര്‍നടപടികള്‍ ആസൂത്രണം ചെയ്യാനാണ് അഭിജീതിന്റെ തീരുമാനം.

വെറുമൊരു ഉപരിപ്ലവമായ ട്രോളായോ സാമൂഹിക മാധ്യമങ്ങളിലെ താല്‍ക്കാലിക കൗതുകമായോ സി.ജെ.പിയെ തള്ളിക്കളയാന്‍ കഴിയില്ല. തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും നേരിടുന്ന ഇന്ത്യയുടെ അതിര്‍ത്തി രാജ്യങ്ങളായ ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍ എന്നിവിടങ്ങളില്‍ യുവാക്കളുടെ നേതൃത്വത്തില്‍ ഭരണകൂടങ്ങള്‍ അട്ടിമറിക്കപ്പെട്ട സമീപകാല ചരിത്രം നമുക്ക് മുന്നിലുണ്ട്. അയല്‍രാജ്യങ്ങളിലെ അക്രമാസക്തയുവജന പ്രക്ഷോഭങ്ങളോട് ഈ ഇന്ത്യന്‍ കൂട്ടായ്മയെ ഉപമിക്കാന്‍ കഴിയില്ലെന്നും, ഇന്ത്യന്‍ യുവാക്കള്‍ തികച്ചും ജനാധിപത്യപരമായി പ്രതികരിക്കാന്‍ ശേഷിയുള്ളവരാണെന്നും അഭിജീത് പറയുന്നു.

അക്രമങ്ങളിലേക്ക് തിരിയാതെ, ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യത്തിനുള്ളില്‍ നിന്ന് തങ്ങളുടെ വിയോജിപ്പുകള്‍ രേഖപ്പെടുത്താന്‍ ഇന്ത്യന്‍ യുവാക്കള്‍ കണ്ടെത്തിയ ഡിജിറ്റല്‍ ഭാഷയാണ് കോക്രോച്ച് ജനതാ പാര്‍ട്ടി. ഈ ഡിജിറ്റല്‍ പാറ്റകളുടെ പടയോട്ടം വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ വോട്ട് ബാങ്കുകളെ എങ്ങനെ സ്വാധീനിക്കുമെന്ന് പ്രവചിക്കുക അസാധ്യമാണ്. എങ്കിലും ഒന്നുറപ്പാണ്; മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ പുതുതലമുറയുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാന്‍ തയ്യാറായില്ലെങ്കില്‍ ഈ പാറ്റ വിപ്ലവം, മുമ്പ് അറബ് ആഫ്രോ നാടുകളിലുണ്ടായതുപോലുള്ള മുല്ലപ്പൂ വിപ്ലവത്തിന് സമാനമായി പരമ്പരാഗത രാഷ്ട്രീയ സമവാക്യങ്ങളെയാകെ അട്ടിമറിച്ചേക്കാം.

Summary: The new generation has a strong feeling that the mainstream political parties in India are incapable of understanding or accommodating them. It was into this political vacuum that the digital collective known as the 'Cockroach Janata Party' spread like a wave. Naturally, the new generation embraced it. This must be viewed precisely as the younger generation's disagreement with the country's system.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്: ധനബില്ലിന്റെ കരട് പ്രസിദ്ധീകരിച്ചു; പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി

Kerala
  •  10 days ago
No Image

സർക്കാരിനെ വെട്ടി ഗവർണർ; കാർഷിക വിസി നിയമനത്തിൽ ഏകപക്ഷീയ നീക്കവുമായി രാജ്ഭവൻ, സജിത റാണിക്ക് ചുമതല

Kerala
  •  10 days ago
No Image

ആദ്യ പന്തിൽ സഞ്ജു, പിന്നാലെ ദുബെ! ഇന്ത്യയെ വീഴ്ത്തി ജന്മനാടിനെതിരെ ജയ് മൂന്ദ്രയുടെ പ്രതികാരം; ഇത് ജീവിതകാലം മുഴുവൻ ഓർമ്മിക്കുമെന്ന് താരം

Cricket
  •  10 days ago
No Image

മുസ്‌ലിം ആരാധനാലയങ്ങൾ പൊളിക്കാൻ സമ്മതിക്കില്ല; ബുൾഡോസർ രാജിനെതിരെ മാതൃകയായി ഹിന്ദു-മുസ്‌ലിം ജനകീയ കൂട്ടായ്മ 

National
  •  10 days ago
No Image

ചരിത്രം വഴിമാറി, പാകിസ്താൻ തകർന്നുതരിപ്പണമായി! ഇന്ത്യ 17 - പാകിസ്താൻ 0; ഒരു പതിറ്റാണ്ടിന്റെ അപരാജിത കുതിപ്പ്

Others
  •  10 days ago
No Image

ഇനി ലക്ഷ്യം 'ടാക്സ് ഫ്രീ' ശമ്പളം മാത്രമല്ല; 94% പ്രവാസികളും യുഎഇയിൽ തന്നെ തുടരാൻ ആഗ്രഹിക്കുന്നതായി സർവേ

uae
  •  10 days ago
No Image

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല; ജൂണില്‍ 190 കേസുകളും 6 മരണവും, നിപ രോഗി വെന്റിലേറ്ററില്‍

Kerala
  •  10 days ago
No Image

ചരിത്ര തോൽവി; നാണക്കേടിന്റെ മുള്‍കിരീടത്തില്‍ വരുണിന് കൂട്ടായി പ്രസിദ്ധ് കൃഷ്ണയും!

Cricket
  •  10 days ago
No Image

പെണ്‍സുഹൃത്തിനെ കുത്തിപ്പരുക്കേല്‍പ്പിച്ചു; കാറിനുള്ളില്‍ പെട്രോള്‍ ബോംബ് വെച്ച് യുവാവ് ആത്മഹത്യ ചെയ്തു

National
  •  10 days ago
No Image

ആറ്റുകാലിൽ യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ; വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ഭർത്താവ് കസ്റ്റഡിയിൽ

Kerala
  •  10 days ago