വെനസ്വേലയിലെ ഇരട്ട ഭൂകമ്പം; ഇന്ത്യയുടെ എണ്ണ ഇറക്കുമതിക്ക് ആശങ്ക
ഡല്‍ഹി: വെനസ്വേലയിലുണ്ടായ അതിശക്തമായ ഇരട്ട ഭൂകമ്പം ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന എണ്ണ ഇറക്കുമതിക്ക് ആശങ്കയാകുന്നു. ഭൂകമ്പത്തെത്തുടര്‍ന്ന് കപ്പല്‍ ഗതാഗതത്തിലുണ്ടാകുന്ന കാലതാമസം, തുറമുഖങ്ങളിലെ തടസ്സങ്ങള്‍, ഇന്‍ഷുറന്‍സ് ചെലവിലെ വര്‍ധനവ് എന്നിവ ഇന്ത്യയിലേക്കുള്ള അസംസ്‌കൃത എണ്ണ ഇറക്കുമതിയെ ബാധിച്ചേക്കാമെന്ന് സാമ്പത്തികവ്യവസായ രംഗത്തെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ജൂണ്‍ 24നാണ് വെനസ്വേലയില്‍ നിമിഷങ്ങളുടെ വ്യത്യാസത്തില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.2, 7.5 തീവ്രതയുള്ള രണ്ട് ഭൂകമ്പങ്ങള്‍ ഉണ്ടായത്. രാജ്യത്തിന്റെ 125 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും ശക്തമായ ഭൂചലനമാണിത്. ദുരന്തത്തില്‍ നൂറുകണക്കിന് ആളുകള്‍ മരിക്കുകയും ആയിരക്കണക്കിന് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. തുടര്‍ചലനങ്ങളും മേഖലയെ ആശങ്കയിലാഴ്ത്തുകയാണ്.
മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷവും ഇറാന്‍ യുദ്ധവും കാരണം അവിടെ നിന്നുള്ള എണ്ണ വിതരണത്തില്‍ അനിശ്ചിതത്വം നേരിട്ടതോടെയാണ് ഇന്ത്യ വെനസ്വേലയില്‍ നിന്നുള്ള അസംസ്‌കൃത എണ്ണ ഇറക്കുമതി ഗണ്യമായി വര്‍ധിപ്പിച്ചത്. കഴിഞ്ഞ ഏപ്രില്‍, മേയ് മാസങ്ങളില്‍ ഇറക്കുമതി ഉയര്‍ന്നിരുന്നു. എന്നാല്‍ യുഎസ്-ഇറാന്‍ സമാധാന ധാരണയെത്തുടര്‍ന്ന് ഹോര്‍മൂസ് കടലിടുക്കിലെ പ്രതിസന്ധി ശമിക്കുമ്പോഴാണ് വെനസ്വേലയിലെ ഭൂകമ്പം പുതിയ വെല്ലുവിളിയായി മാറിയത്.
എണ്ണ ശുദ്ധീകരണ ശാലകള്‍ക്കും കയറ്റുമതി കേന്ദ്രങ്ങള്‍ക്കും വലിയ നാശനഷ്ടമുണ്ടായിട്ടില്ലെങ്കിലും വൈദ്യുതി മുടക്കം, തകര്‍ന്ന ഗതാഗത സംവിധാനം, തുറമുഖങ്ങളിലെ അടിയന്തര സാഹചര്യം എന്നിവ ചരക്കുനീക്കം ദിവസങ്ങളോ ആഴ്ചകളോ വൈകിപ്പിച്ചേക്കും. വെനസ്വേലയുടെ പ്രധാന ചരക്കുകടത്തല്‍ കേന്ദ്രമായ 'ലാ ഗ്വൈറ' തുറമുഖം ദുരന്തബാധിത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതോടെ കപ്പല്‍ കമ്പനികളുടെ പ്രവര്‍ത്തനച്ചെലവും ഇന്‍ഷുറന്‍സ് പ്രീമിയവും ഉയരാന്‍ സാധ്യതയുണ്ട്. തുറമുഖങ്ങളില്‍ കപ്പലുകള്‍ കൂടുതല്‍ സമയം കാത്തുകിടക്കേണ്ടി വരുന്നതും ചെലവ് വര്‍ധിപ്പിക്കും. ഇതിന്റെ പ്രതിഫലനം അന്താരാഷ്ട്ര എണ്ണവിലയിലും പ്രകടമാകാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
വെനസ്വേലയിലെ എണ്ണ പദ്ധതികളില്‍ ഒഎന്‍ജിസി വിദേശ് മുഖേന ഇന്ത്യയ്ക്ക് നേരിട്ടുള്ള നിക്ഷേപവുമുണ്ട്. അതിനാല്‍ അവിടെയുണ്ടാകുന്ന ഏത് തടസ്സവും ഇന്ത്യയുടെ സാമ്പത്തിക താല്‍പര്യങ്ങളെയും ബാധിക്കും.
ഈ മാസം ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസുമായി കൂടിക്കാഴ്ച നടത്തി. എണ്ണ, ഖനനം, ഫാര്‍മസ്യൂട്ടിക്കല്‍സ്, ഓട്ടോമൊബൈല്‍ മേഖലകളില്‍ ഇന്ത്യന്‍ കമ്പനികളുടെ നിക്ഷേപ സാധ്യതകളാണ് ചര്‍ച്ചയായത്. എന്നാല്‍ ഭൂകമ്പത്തെത്തുടര്‍ന്നുള്ള പുതിയ സാഹചര്യത്തില്‍ ഈ പദ്ധതികള്‍ വൈകാനോ പുനഃപരിശോധിക്കാനോ സാധ്യതയുണ്ടെന്നാണ് സൂചന. മിഡില്‍ ഈസ്റ്റിന് പകരമായി ഇന്ത്യ കണ്ടെത്തിയ പ്രധാന എണ്ണവിതരണ പാതയ്ക്കാണ് ഇപ്പോള്‍ പ്രകൃതിദുരന്തത്തിന്റെ ഭീഷണി നേരിടേണ്ടി വന്നിരിക്കുന്നത്.
A powerful twin earthquake in Venezuela is raising concerns over India’s rising oil imports. Economic and industry experts warn that shipping delays, port disruptions, and increased insurance costs caused by the quake could impact crude oil imports to India.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."