ഒത്തുതീർപ്പ് അനുവദിക്കില്ല; കസ്റ്റഡിയിലിരിക്കെ പ്രതി കിണറ്റിൽ വീണ് മരിച്ച സംഭവത്തിൽ കേരള പൊലിസ് വിചാരണ നേരിടണമെന്ന് മദ്രാസ് ഹൈക്കോടതി
ചെന്നൈ: തമിഴ്‌നാട് അതിർത്തിയിൽ നിന്നും കേരള പൊലിസ് പിടികൂടിയ പ്രതി കസ്റ്റഡിയിലിരിക്കെ കിണറ്റിൽ വീണ് മരിച്ച കേസിൽ കേരള പൊലിസിലെ ഏഴ് ഉദ്യോഗസ്ഥർക്ക് മദ്രാസ് ഹൈക്കോടതിയിൽനിന്ന് കനത്ത തിരിച്ചടി. ഉദ്യോഗസ്ഥർക്കെതിരെയുള്ള ക്രിമിനൽ നടപടികൾ റദ്ദാക്കാൻ ഹൈക്കോടതി വിസമ്മതിച്ചു. ഇരയുടെ കുടുംബവുമായി ഒത്തുതീർപ്പിലെത്തിയെന്ന വാദം മുൻനിർത്തി ഇത്തരം ഗുരുതരമായ കേസുകൾ റദ്ദാക്കാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി.
2017-ൽ ദിണ്ടിഗലിൽ തമിഴ്‌നാട് സ്വദേശിയായ മൊക്കയ്യൻ എന്നയാൾ കൈവിലങ്ങോടെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് മദ്രാസ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. കേരള പൊലിസിന്റെ നാർക്കോട്ടിക് സ്‌പെഷ്യൽ സ്ക്വാഡ് അംഗങ്ങൾ നൽകിയ ഹരജി തള്ളിക്കൊണ്ട് ജസ്റ്റിസ് എൽ. വിക്ടോറിയ ഗൗരിയാണ് വിധി പ്രസ്താവിച്ചത്. ദിണ്ടിഗൽ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയോട് വിചാരണ വേഗത്തിൽ പൂർത്തിയാക്കാനും ഹൈക്കോടതി നിർദ്ദേശിച്ചു.
കേസിന്റെ പശ്ചാത്തലം
ലഹരിമരുന്ന് കേസന്വേഷണത്തിനായി തമിഴ്‌നാട്ടിലെത്തിയ കേരള പൊലിസ് സംഘം, അന്തർസംസ്ഥാന ലഹരിക്കടത്ത് സംഘത്തിലെ അംഗമായ മൊക്കയ്യനെ നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്ത് കൈവിലങ്ങ് ധരിപ്പിക്കുകയായിരുന്നു. കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇയാൾ കിണറ്റിൽ വീഴുകയും, തുടർന്ന് ഉദ്യോഗസ്ഥർ ഇയാളെ അവിടെ ഉപേക്ഷിച്ച് തമിഴ്‌നാട് പൊലിസിനെ വിവരമറിയിക്കാതെ കേരളത്തിലേക്ക് മടങ്ങുകയും ചെയ്തു എന്നാണ് പ്രൊസിക്യൂഷൻ കേസ്.
2017 ഓഗസ്റ്റ് 27-നാണ് മൊക്കയ്യന്റെ മൃതദേഹം കൈവിലങ്ങണിഞ്ഞ നിലയിൽ ദിണ്ടിഗലുള്ള ഭാര്യാസഹോദരന്റെ പറമ്പിലെ കിണറ്റിൽ കണ്ടെത്തിയത്. തമിഴ്‌നാട് പൊലിസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് 2018-ൽ സിബി-സിഐഡിക്ക് (CB-CID) കൈമാറി. കേരള പൊലിസിലെ ഏഴ് ഉദ്യോഗസ്ഥർക്കെതിരെ ഐപിസി 166A(a), 167, 202, 330, 348 തുടങ്ങിയ ഗുരുതര വകുപ്പുകൾ ചുമത്തിയാണ് സിബി-സിഐഡി കുറ്റപത്രം സമർപ്പിച്ചത്. മറ്റൊരു സംസ്ഥാനത്ത് ചെന്ന് പ്രതിയെ പിടികൂടുമ്പോൾ പാലിക്കേണ്ട നിയമപരമായ നടപടിക്രമങ്ങൾ ഒന്നും കേരള പൊലിസ് സംഘം പാലിച്ചില്ലെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.
അന്തർസംസ്ഥാന ലഹരിക്കടത്ത് സംഘാംഗത്തെ പിടികൂടാനാണ് തങ്ങൾ എത്തിയതെന്നും കസ്റ്റഡി മർദ്ദനം ഉണ്ടായിട്ടില്ലെന്നുമാണ് പ്രതിസ്ഥാനത്തുള്ള പൊലിസുകാർ വാദിച്ചത്. രക്ഷപ്പെടാൻ ഓടുന്നതിനിടെ മൊക്കയ്യൻ അബദ്ധത്തിൽ കിണറ്റിൽ വീണതാണെന്നും, സംഭവം ഉയർന്ന ഉദ്യോഗസ്ഥരെ ജനറൽ ഡയറി എൻട്രികളിലൂടെയും ഇമെയിലുകളിലൂടെയും അറിയിച്ചിരുന്നു എന്നും അവർ ബോധിപ്പിച്ചു. മരിച്ചയാളുടെ കുടുംബവുമായി ഒത്തുതീർപ്പിലെത്തുകയും അവർക്ക് നഷ്ടപരിഹാരം നൽകുകയും ചെയ്ത സാഹചര്യത്തിൽ, ഔദ്യോഗിക ജീവിതത്തെ ബാധിക്കുന്ന ഈ കേസ് തുടരേണ്ടതില്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ അപേക്ഷ.
പൊലിസുകാരുടെ ഈ വാദങ്ങളെ പൂർണ്ണമായി തള്ളിക്കൊണ്ടാണ് ഹൈക്കോടതി കർശന നിലപാട് സ്വീകരിച്ചത്.
കസ്റ്റഡിയിലുള്ള ഒരാൾ പൂർണ്ണമായും ഭരണകൂടത്തിന്റെ നിയന്ത്രണത്തിലാണ്. അയാളുടെ ജീവനും സുരക്ഷയ്ക്കും പൊലിസുകാരനാണ് ഭരണഘടനാപരമായ ഉത്തരവാദി എന്ന് കോടതി വ്യക്തമാക്കി.
കസ്റ്റഡിയിലെ നിയമലംഘനങ്ങളും അധികാര ദുർവിനിയോഗവും വ്യക്തിപരമായ തർക്കങ്ങളല്ല. അതിനാൽ സ്വകാര്യ ഒത്തുതീർപ്പുകളിലൂടെ ഇത്തരം ഗുരുതരമായ കുറ്റകൃത്യങ്ങൾ അവസാനിപ്പിക്കാനാകില്ല.
ലഹരിവിരുദ്ധ പ്രവർത്തനങ്ങളിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ നിയമപരമായ സുരക്ഷാ മുൻകരുതലുകളും നടപടിക്രമങ്ങളും ലംഘിക്കാനുള്ള ലൈസൻസല്ല. കുറ്റകൃത്യങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർ നിയമത്തിന്റെ പരിധിക്കുള്ളിൽ നിന്ന് വേണം അത് ചെയ്യാൻ എന്നും കോടതി പറഞ്ഞു
മൊക്കയ്യൻ അബദ്ധത്തിൽ കിണറ്റിൽ വീണതാണെന്ന വാദം വിചാരണ വേളയിൽ പ്രതിഭാഗത്തിന് പ്രതിരോധമായി ഉപയോഗിക്കാമെന്നും, എന്നാൽ കുറ്റപത്രം റദ്ദാക്കാൻ അത് പര്യാപ്തമല്ലെന്നും വ്യക്തമാക്കിയ കോടതി, നിയമലംഘനങ്ങൾ ആരുടെ ഭാഗത്തുനിന്നുണ്ടായാലും അംഗീകരിക്കാനാകില്ലെന്ന് ഓർമ്മിപ്പിച്ചു.
the madras high court has rejected a settlement proposal regarding the death of an accused person who fell into a well while in kerala police custody.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."