വധശ്രമക്കേസില്‍ ബിജെപി കൗണ്‍സിലര്‍ പിടിയില്‍; അറസ്റ്റിനിടെ പൊലിസിനെ ആക്രമിച്ച് ബിജെപി പ്രവര്‍ത്തകര്‍
തിരുവനന്തപുരം: വധശ്രമക്കേസില്‍ ബിജെപി കൗണ്‍സിലറെ പൊലിസ് അറസ്റ്റ് ചെയ്തു. വാഴോട്ടുകോണം വാര്‍ഡ് കൗണ്‍സിലര്‍ സുഗതനെയാണ് നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ പൊലിസ് പിടികൂടിയത്. ഇയാള്‍ക്കെതിരെ കാപ്പ കേസ് ചുമത്തിയിട്ടുണ്ട്.
ഉത്സവ പറമ്പില്‍ പ്രശ്‌നമുണ്ടാക്കി ഒരാളെ വധിക്കാന്‍ ശ്രമിച്ചെന്നാണ് സുഗതനെതിരായ കേസ്. കേസില്‍ പ്രതി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെയാണ് വട്ടിയൂര്‍കാവ് പൊലിസിന്റെ ദ്രുതഗതിയിലുള്ള ഇടപെടല്‍. ഒളിവിലായിരുന്ന പ്രതി വീട്ടിലുണ്ടെന്ന് അറിഞ്ഞ പൊലിസ് സ്ഥലത്തെത്തിയാണ് കസ്റ്റഡിയിലെടുത്തത്.
പൊലിസ് നടപടി അറിഞ്ഞ പ്രതിയുടെ വീട്ടിലേക്ക് ബിജെപി പ്രവര്‍ത്തകരെത്തിയതോടെ സംഘര്‍ഷാവസ്ഥയുണ്ടായി. ബിജെപി പ്രവര്‍ത്തകര്‍ പൊലിസിനെ ആക്രമിച്ചു. ഇതോടെ വട്ടിയൂര്‍കാവ് എസ്.എച്ച്.ഒ ആകാശത്തേക്ക് വെടിവെച്ചു. ഏറെനേരം പണിപെട്ടാണ് പൊലിസ് സുഗതനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയത്. ക്രമസമാധാന പ്രശ്‌നം നിലനില്‍ക്കുന്നതിനാല്‍ പ്രതിയെ വൈദ്യപരിശോധനക്ക് ശേഷം കന്റോണ്‍മെന്റ് പൊലിസ് സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്.
അതേസമയം പൊലിസുകാരെ ആക്രമിച്ചതിന് സുഗതനെതിരെ പുതിയ കേസുകൂടി ചുമത്തി. സുഗതനെ അറസ്റ്റ് ചെയ്യുന്നതിനിടെ മർദ്ദനമേറ്റ വട്ടിയൂർക്കാവ് സി ഐ വിപിൻ, എസ് ഐ അഭിജിത് എന്നിവരെ ഇന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിദഗ്ദ ചികിത്സക്ക് വിധേയമാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."