മമത ബാനർജിയുടെ വസതിയിൽ സിഐഡി റെയ്ഡ്; ഒപ്പ് വ്യാജമെന്ന പരാതിയിൽ നാടകീയ നീക്കങ്ങൾ
കൊൽക്കത്ത: പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസിനെ പിടിച്ചുകുലുക്കി മുൻ മുഖ്യമന്ത്രി മമതാ ബാനർജിയുടെ വസതിയിൽ സിഐഡി സംഘത്തിന്റെ നിർണായക പരിശോധന. പാർട്ടിയിൽ ആഭ്യന്തര കലഹം രൂക്ഷമായിരിക്കെയാണ് മമതയുടെ വസതിയിൽ സിഐഡി സംഘം അപ്രതീക്ഷിതമായി പരിശോധന നടത്തുന്നത്. വ്യാജരേഖാ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് സിഐഡി സംഘം മമതയുടെ വീട് വളഞ്ഞത്. കാളിഘട്ട് പൊലിസ് സ്റ്റേഷനിൽനിന്നുള്ള വനിതാ ഉദ്യോഗസ്ഥരടക്കമുള്ള വൻ പൊലിസ് സന്നാഹവും സിഐഡി സംഘത്തിനൊപ്പമുണ്ടായിരുന്നു.
ഉച്ചയോടെയാണ് കൊൽക്കത്ത 30 ബി ഹരീഷ് ചാറ്റർജി സ്ട്രീറ്റിലുള്ള പാർട്ടിയുടെ കേന്ദ്ര ഓഫീസിലും മമതയുടെ വസതിയിലുമായി സിഐഡി സംഘം എത്തിയത്. ഒരേസമയം മൂന്ന് സംഘങ്ങളായി തിരിഞ്ഞായിരുന്നു പരിശോധന. ഒരു സംഘം മമതയുടെ വസതിയിലും, രണ്ടാമത്തെ സംഘം മമതയുടെ അനന്തരവനും എംപിയുമായ അഭിഷേക് ബാനർജിയുടെ ഓഫീസിലും, മൂന്നാമത്തെ സംഘം അഭിഷേകിന്റെ വസതിയിലുമാണ് ഒരേസമയം തിരച്ചിൽ നടത്തിയത്.
നിയമസഭാ പ്രതിപക്ഷ നേതാവായി ശോഭൻദേബ് ചട്ടോപാധ്യായയെ തിരഞ്ഞെടുത്തതായി ചൂണ്ടിക്കാട്ടി സ്പീക്കർക്ക് നൽകിയ ഔദ്യോഗിക കത്തിലെ ഒപ്പുകൾ വ്യാജമാണെന്ന പരാതിയിലാണ് അന്വേഷണം. കത്തിൽ നൽകിയിരിക്കുന്ന തൃണമൂൽ എംഎൽഎമാരുടെ ഒപ്പുകൾ തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ വ്യാജമായി നിർമ്മിച്ചതാണെന്ന് ഒരു വിഭാഗം എംഎൽഎമാർ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ വിമത എംഎൽഎമാർ ഋതബ്രത ബാനർജിയെ പുതിയ പ്രതിപക്ഷ നേതാവായി പ്രഖ്യാപിക്കുകയും ചെയ്തു.
എംഎൽഎമാരുടെ ഒപ്പുകൾ ശേഖരിച്ചത് 30 ബി ഹരീഷ് ചാറ്റർജി സ്ട്രീറ്റിലുള്ള പാർട്ടിയുടെ കേന്ദ്ര ഓഫീസിൽവെച്ചാണെന്ന് അഭിഷേക് ബാനർജി മുൻപ് വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഓഫീസിലും വസതികളിലും പരിശോധന നടത്തുന്നതെന്ന് സിഐഡി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ എൻഡിടിവി റിപ്പോർട്ട് ചെയ്തു.
തൃണമൂൽ കോൺഗ്രസിലെ മുൻ എംഎൽഎമാരായ ഋതബ്രത ബാനർജിയും സന്തീപൻ സാഹയും സ്പീക്കർക്ക് നൽകിയ ഔദ്യോഗിക പരാതിയെത്തുടർന്നാണ് കേസ് സിഐഡിക്ക് കൈമാറിയത്. പാർട്ടിയിൽ കടുത്ത ആഭ്യന്തര ഭിന്നത നിലനിൽക്കുന്ന സാഹചര്യത്തിൽ മമതാ ബാനർജിയെയും തൃണമൂൽ നേതൃത്വത്തെയും കൂടുതൽ പ്രതിരോധത്തിലാക്കുന്നതാണ് സിഐഡിയുടെ ഈ നാടകീയ നീക്കം.
the cid conducted a raid at west bengal chief minister mamata banerjee's residence following a complaint regarding a forged signature. the unexpected operation led to highly dramatic scenes and tense moments at the location as investigation procedures unfolded.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."