കോളിയാടി സ്കൂളിലെ കിണറ്റിൽ മാരക ബാക്ടീരിയകൾ; ഷിഗെല്ല രണ്ടാം ഘട്ടത്തിലേക്ക്? 5 കുട്ടികൾക്ക് കൂടി രോഗം സ്ഥിരീകരിച്ചു, 502 പേർക്ക് ലക്ഷണം
സുൽത്താൻ ബത്തേരി: വയനാട് സുൽത്താൻ ബത്തേരി കോളിയാടി മാർ ബസേലിയോസ് എയുപി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഷിഗെല്ല രോഗബാധയേറ്റ സംഭവത്തിൽ കടുത്ത ആശങ്ക. സ്കൂൾ കിണറിലെ ജല പരിശോധനാ ഫലം പുറത്തുവന്നപ്പോൾ മാരക ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യ മന്ത്രി കെ. മുരളീധരൻ അറിയിച്ചു. ഈ കിണറ്റിലെ വെള്ളം യാതൊരു കാരണവശാലും ഉപയോഗിക്കാൻ പാടില്ലാത്തതാണെന്ന് പരിശോധനാ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
അതിനിടെ സ്കൂളിലെ അഞ്ച് വിദ്യാർത്ഥികൾക്ക് കൂടി ഇന്ന് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗം ബാധിച്ച കുട്ടികളുടെ എണ്ണം എട്ടായി. ഇതുവരെ 502 വിദ്യാർത്ഥികളിലാണ് രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടുള്ളത്. ഇതിൽ 44 കുട്ടികൾ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
സമ്പർക്ക രോഗികൾ കൂടുന്നു; രണ്ടാം ഘട്ട വ്യാപനമെന്ന് ആശങ്ക
കോളിയാടി സ്കൂളിലെ രോഗബാധ രണ്ടാം ഘട്ടത്തിലേക്ക് കടന്നോ എന്ന ആശങ്കയിലാണ് ആരോഗ്യവകുപ്പ്. ആദ്യഘട്ടത്തിൽ സ്കൂളിലെ കുട്ടികൾക്കും അധ്യാപകർക്കും മാത്രമായിരുന്നു രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നതെങ്കിൽ, ഇപ്പോൾ കുട്ടികളുമായി സമ്പർക്കത്തിലുണ്ടായിരുന്ന ബന്ധുക്കളിലേക്കും മറ്റ് കുട്ടികളിലേക്കും രോഗം പടരുന്നതായാണ് സൂചന. സ്കൂളിലെ കുട്ടികളുമായി സമ്പർക്കം പുലർത്തിയ 27 പേർക്ക് കൂടി പുതുതായി രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
ഇവരുടെ സ്രവ സാമ്പിളുകൾ അടിയന്തര പരിശോധനയ്ക്കായി അയച്ചു. നേരത്തെ പരിശോധനയ്ക്ക് അയച്ച 18 കുട്ടികളുടെ ഫലം ഉടൻ ലഭ്യമാകും. വരും ദിവസങ്ങളിൽ മേഖലയിലെ മറ്റ് സ്കൂളുകളിലെയും ജലസ്രോതസ്സുകൾ വീണ്ടും പരിശോധിക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.
പ്രതിരോധ നടപടികൾ ഊർജിതം; 969 കിണറുകൾ ക്ലോറിനേറ്റ് ചെയ്തു
രോഗവ്യാപനം തടയുന്നതിനായി സുൽത്താൻ ബത്തേരി നഗരസഭയിലും പരിസരത്തെ വിവിധ പഞ്ചായത്തുകളിലുമായി യുദ്ധകാലാടിസ്ഥാനത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇതിനോടകം മേഖലയിലെ 969 കിണറുകൾ ക്ലോറിനേറ്റ് ചെയ്തതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. പൊതുജനങ്ങൾ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കണമെന്നും ശുചിത്വം കർശനമായി പാലിക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."