ഷിഗെല്ല; വയനാട് ജില്ലയിലെ മൂന്ന് പഞ്ചായത്തുകളിലും, ബത്തേരി മുനിസിപ്പാലിറ്റിയിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നുമുതൽ അവധി
സുൽത്താൻ ബത്തേരി: വയനാട് ജില്ലയിലെ വിവിധ ഇടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. സ്കൂൾ കുട്ടികൾക്ക് ഷിഗെല്ല രോഗബബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നടപടി. നെന്മേനി ഉൾപ്പെടെ 3 പഞ്ചായത്തുകളിലെയും ബത്തേരി മുനിസിപ്പാലിറ്റിയിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്. രോഗം സ്ഥിരീകരിച്ച കുട്ടികളുടെ സമ്പർക്ക പട്ടികയിലുള്ള കുട്ടികൾ പഠിക്കുന്ന സ്‌കൂളുകൾക്കാണ് അവധി നൽകിയത്.
നെന്മേനി, തൊട്ടടുത്തുള്ള അമ്പലവയൽ, നൂൽപ്പുഴ ഗ്രാമപഞ്ചായത്തുകൾക്കാണ് അവധി ബാധമായിരിക്കുക. സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിലെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജൂൺ 14 വരെ അവധിയാണ്. സ്ഥാപനങ്ങൾക്ക് മാത്രമാണ് അവധി പ്രഖ്യാപിച്ചതെന്നും, ജീവനക്കാർ ജോലിക്ക് ഹാജരാവുന്നതിന് തടസമില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.
നെന്മേനി പഞ്ചായത്തിൽ ഷിഗല്ല രോഗബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ നെന്മേനി പഞ്ചായത്തിലെയും തൊട്ടടുത്തുള്ള അമ്പലവയൽ, നൂൽപ്പുഴ ഗ്രാമപഞ്ചായത്തുകളിലെയും സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിലെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജൂൺ 14 വരെ അവധി പ്രഖ്യാപിച്ചു. മദ്രസകൾ, അങ്കണവാടികൾ, പഠന മുറികൾ, ഹോസ്റ്റലുകൾ, ട്യൂഷൻ സെന്ററുകൾ, പ്രൊഫഷണൽ കോളേജുകൾ എന്നിവ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്. എന്നാൽ റസിഡൻഷ്യൽ സ്കൂളുകൾക്കും റെസിഡൻഷ്യൽ കോളേജുകൾക്കും ഈ അവധി ബാധകമല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ജീവനക്കാർ ജോലിക്ക് ഹാജരാവുന്നതിന് തടസ്സമില്ല.
രക്ഷിതാക്കൾക്കുള്ള മുന്നറിയിപ്പുകൾ
അവധി ലഭിച്ച സാഹചര്യത്തിൽ കുട്ടികൾ പരിസരത്തെ മറ്റ് കുട്ടികളുമായി ചേർന്ന് കൂട്ടംകൂടി കളിക്കുന്നത് ഒഴിവാക്കണം. വീടുകളിൽ കുടിക്കാനായി എപ്പോഴും നന്നായി തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കുക. തിളച്ച വെള്ളത്തിലേക്ക് പച്ചവെള്ളം ഒഴിച്ച് തണുപ്പിക്കരുത്.
കുട്ടികളുമായി അനാവശ്യ യാത്രകൾ ഒഴിവാക്കണം. ബന്ധുവീട് സന്ദർശനങ്ങളും, ചടങ്ങുകളും അത്യാവശ്യമല്ലെങ്കിൽ ഒഴിവാക്കണം. പ്രാഥമിക ലക്ഷണങ്ങൾ കണ്ടാൽ ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."