വിദേശ ഡെബിറ്റ് കാർഡുകൾ വഴി രാജ്യത്ത് 92 കോടിയോളം രൂപയുടെ കള്ളപ്പണ ഇടപാട്: പണമെത്തിയത് മാവോയിസ്റ്റ് കേന്ദ്രങ്ങളിൽ; അമേരിക്ക ആസ്ഥാനമായുള്ള ക്രിസ്ത്യൻ മിഷണറി സംഘടനയ്ക്കെതിരെ കേസ്
ബെംഗളൂരു: വിദേശ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് ഇന്ത്യയിൽ വ്യാപകമായി കള്ളപ്പണ ഇടപാടുകൾ നടത്തിയ വൻ സംഘത്തെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടെത്തി. 1999-ലെ ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് (ഫെമ) പ്രകാരം കഴിഞ്ഞ ഏപ്രിൽ 18, 19 തീയതികളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ വ്യാപക റെയ്ഡിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
വിദേശപ്പണം നിയമവിരുദ്ധമായി കൈപ്പറ്റുകയും രാജ്യാന്തര ചട്ടങ്ങൾ ലംഘിച്ച് കോടികളുടെ ഇടപാട് നടത്തുകയും ചെയ്തതായും ഇ.ഡി കണ്ടെത്തി. യു.എസ്. ആസ്ഥാനമായുള്ള ക്രിസ്ത്യൻ മിഷണറി സംഘടനയ്ക്കും ആറ് പ്രവർത്തകർക്കുമെതിരെയാണ് യു.എ.പി.എ. (നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം) പ്രകാരം പൊലിസ് കേസെടുത്തത്. ‘ദി തിമോത്തി ഇനിഷ്യേറ്റീവ്’ എന്ന ക്രിസ്ത്യൻ മിഷണറി സംഘടനയ്ക്കെതിരെയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥൻ സുനിൽ കുമാർ സമർപ്പിച്ച പരാതിയിൽ ബെംഗളൂരു കൊത്തന്നൂർ പൊലിസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു കേസെടുത്തത്.
'ടി.ടി.ഐ' (TTI) എന്ന സംഘടനയ്ക്ക് വേണ്ടി ഇന്ത്യയിൽ പണം എത്തിക്കാനും പിൻവലിക്കാനുമായി ഒരു അന്താരാഷ്ട്ര ശൃംഖല തന്നെ പ്രവർത്തിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. ബാങ്കിങ് നിയന്ത്രണ സംവിധാനങ്ങളെ മുഴുവൻ വെട്ടിച്ച്, യു.എസിലെ വിവിധ ബാങ്കുകൾ നൽകിയ വിദേശ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. ഈ കാർഡുകൾ ഇന്ത്യയിലുടനീളം വിതരണം ചെയ്യുകയും എ.ടി.എമ്മുകൾ വഴി കോടിക്കണക്കിന് രൂപ പിൻവലിക്കുകയും ചെയ്തതായാണ് ഇ.ഡി വ്യക്തമാക്കുന്നത്.
ജോനാഥൻ എസ്. രാജൻ, മൈക്ക മാർക്ക്, അജിത് വർഗീസ് മത്തായി, വർഗീസ് ചാക്കോ, ബബ്ലു കുർമി, സുപ്രീം ജോയ് എന്നിവരാണ് കേസിലെ പ്രതികൾ. രാജ്യത്തിന്റെ സുരക്ഷയ്ക്കും സാമ്പത്തിക ഭദ്രതയ്ക്കും ഭീഷണിയാകുന്ന രീതിയിൽ പ്രവർത്തിച്ചു എന്നാണ് ഇവർക്കെതിരെയുള്ള കണ്ടെത്തൽ. പ്രതികൾക്കെതിരെ യു.എ.പി.എ കൂടാതെ ക്രിമിനൽ ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, ഇലക്ട്രോണിക് രേഖകളുടെ ദുരുപയോഗം, ഭീകരവാദ പ്രവർത്തനങ്ങൾക്കുള്ള ഗൂഢാലോചനയും പ്രോത്സാഹനവും എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.
ടി.ടി.ഐയുടെ ഇന്ത്യയിലെ മുഴുവൻ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും മേൽനോട്ടം വഹിച്ചിരുന്നത് ജോനാഥൻ എസ്. രാജൻ ആണെന്നും ഇ.ഡി ആരോപിക്കുന്നു. സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നതും ഡെബിറ്റ് കാർഡുകൾ വിതരണം ചെയ്തതും മൈക്ക മാർക്ക് എന്നയാളാണ്.
വിവിധ ഷെൽ കമ്പനികളും ഫ്രണ്ട് ഓർഗനൈസേഷനുകളും വഴി സാമ്പത്തിക ഇടപാടുകൾ ഏകോപിപ്പിച്ചത് അജിത് വർഗീസ് മത്തായി ആണെന്നും, ഇവർക്ക് വേണ്ടി എ.ടി.എമ്മുകളിൽ നിന്ന് പണം പിൻവലിക്കാനും ഫണ്ട് വിതരണം ചെയ്യാനും സൗകര്യമൊരുക്കിയത് വർഗീസ് ചാക്കോ, ബബ്ലു കുർമി, സുപ്രീം ജോയ് എന്നിവരാണെന്നും ഇ.ഡി കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ഏപ്രിൽ 18-ന് ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മൈക്ക മാർക്കിൽ നിന്ന് 24 വിദേശ ഡെബിറ്റ് കാർഡുകൾ കണ്ടെടുത്തതോടെയാണ് തട്ടിപ്പിന്റെ ചുരുളഴിയുന്നത്. ഇയാൾ ഇന്ത്യയിലുടനീളം ആയിരത്തിലധികം വിദേശ ഡെബിറ്റ് കാർഡുകൾ വിതരണം ചെയ്തതായി അന്വേഷണസംഘം കണ്ടെത്തി.
അമേരിക്കയിലെ വിവിധ ബാങ്കുകളുടെ പേരിലുള്ളതാണ് ഈ കാർഡുകൾ. ഇവ ഉപയോഗിച്ച് ചട്ടങ്ങൾ മറികടന്ന് പ്രതികൾ വൻതോതിൽ പണം പിൻവലിക്കുകയായിരുന്നു. 2025 നവംബറിനും 2026 ഏപ്രിലിനുമിടയിൽ മാത്രം ഏകദേശം 92.55 കോടി രൂപ ഇത്തരത്തിൽ പിൻവലിച്ചതായാണ് ഇ.ഡി. വ്യക്തമാക്കുന്നത്.
2024 ജനുവരി മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ കർണാടക, ഛത്തീസ്ഗഡ്, അസം തുടങ്ങിയ സംസ്ഥാനങ്ങളിലെ എ.ടി.എമ്മുകളിൽ നിന്ന് മാത്രം 44 കോടി രൂപ പിൻവലിച്ചതായും ഇ.ഡി കണ്ടെത്തി.
വ്യാജ ഐഡന്റിറ്റികൾ ഉപയോഗിച്ച് സംഘടിപ്പിച്ച വിദേശ ഡെബിറ്റ് കാർഡുകൾ വഴിയാണ് ഫണ്ട് വിതരണം നടന്നിരിക്കുന്നത്. അന്വേഷണ ഏജൻസികളെ ഏറ്റവും കൂടുതൽ ആശങ്കപ്പെടുത്തുന്നത് ഈ പണമിടപാടുകളിൽ ഭൂരിഭാഗവും നടന്നിരിക്കുന്നത് ഇടതുപക്ഷ തീവ്രവാദ (LWE) ബാധിത പ്രദേശങ്ങളിലാണ് എന്നതാണ്.
പ്രത്യേകിച്ച് കർണാടക, അസം, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് സ്വാധീന മേഖലകളിലേക്കാണ് പണം എത്തിച്ചതെന്ന് ഇ.ഡി. കണ്ടെത്തിയിട്ടുണ്ട്. ഭീകരവാദ-ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കാണ് ഈ പണം വിനിയോഗിച്ചതെന്നാണ് പൊലിസ് പ്രാഥമിക നിഗമനം.
അന്വേഷണം ആരംഭിച്ചതോടെ യു.എസിലെ ബാങ്ക് സെർവറുകളിൽ നിന്ന് പ്രതികളുടെ അക്കൗണ്ട് വിവരങ്ങൾ ഡിലീറ്റ് ചെയ്ത് ഡിജിറ്റൽ തെളിവുകൾ നശിപ്പിക്കാനും സംഘം ശ്രമം നടത്തി. ഇത് രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമായതിനാൽ അതീവ ഗൗരവത്തോടെയാണ് അന്വേഷണസംഘം ഈ നീക്കത്തെ കാണുന്നത്. കേസിൽ അന്വേഷണം ഊർജിതമായി മുന്നോട്ടുപോവുകയാണെന്നും പ്രതികളിൽ ആരുടെയും അറസ്റ്റ് നിലവിൽ രേഖപ്പെടുത്തിയിട്ടില്ലെന്നും കൊത്തന്നൂർ പൊലിസ് അറിയിച്ചു.
92 crore black money routed to maoist areas in india via foreign debit cards huge network exposed in ed raid case registered against us missionary organization and activists
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."