കാഫിർ സ്ക്രീൻഷോട്ട് കേസ്: അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ തെളിവ് നശിപ്പിക്കാൻ ഫോൺ റീസെറ്റ് ചെയ്തു; ഫോറൻസിക് ലാബ് റിപ്പോർട്ട് പുറത്ത്
കോഴിക്കോട്: വൻ രാഷ്ട്രീയ വിവാദമുയർത്തിയ 'കാഫിർ സ്ക്രീൻഷോട്ട്' കേസിൽ നിർണായക വിവരങ്ങൾ അടങ്ങിയ മൊബൈൽ ഫോൺ പ്രതി റീസെറ്റ് ചെയ്ത് നശിപ്പിച്ചതായി കണ്ടെത്തൽ. കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറാണ് തന്റെ ഫോണിലെ ഡിജിറ്റൽ തെളിവുകൾ പൂർണ്ണമായും മായ്ച്ചുകളഞ്ഞത്. ജില്ലാ ഫോറൻസിക് ലാബിൽ നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് ഫോൺ റീസെറ്റ് ചെയ്ത വിവരം സ്ഥിരീകരിച്ചത്.
തുടർന്ന് പൊലിസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ, കേസിന് ആസ്പദമായ വിവരങ്ങൾ മായ്ച്ചു കളയാൻ താൻ തന്നെയാണ് ഫോൺ റീസെറ്റ് ചെയ്തതെന്ന് ജിതിൻ ഭാസ്കർ സമ്മതിച്ചു. ഇതോടെ കേസിൽ ഡിജിറ്റൽ തെളിവുകൾ വീണ്ടെടുക്കുക എന്നത് അന്വേഷണസംഘത്തിന് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്.
ഫോണിൽ നിന്ന് മായ്ച്ചു കളഞ്ഞ വിവരങ്ങൾ വീണ്ടെടുക്കുന്നതിനായി ഫോൺ തിരുവനന്തപുരത്തെ സംസ്ഥാന ഫോറൻസിക് ലാബിലേക്ക് അയക്കാനാണ് പൊലിസിന്റെ തീരുമാനം. ഇതിനായുള്ള അപേക്ഷ പ്രത്യേക അന്വേഷണ സംഘം (SIT) ഇന്ന് കോടതിയിൽ സമർപ്പിക്കും. വിദഗ്ധ പരിശോധനയിലൂടെ മാത്രമേ നിർണായകമായ സ്ക്രീൻഷോട്ടിന്റെ ഉറവിടം കണ്ടെത്താനാകൂ എന്ന നിഗമനത്തിലാണ് പൊലിസ്.
അതേസമയം, ജിതിൻ ഭാസ്കറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ പ്രതിയെ കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വാങ്ങാൻ പൊലിസ് വീണ്ടും അപേക്ഷ നൽകിയേക്കുമെന്നാണ് സൂചന.
the forensic lab report has revealed that the arrested dyfi leader, jithin bhaskar, reset his mobile phone in an attempt to destroy digital evidence in the vadakara 'kafir screenshot' case. investigators found that bhaskar, an admin of the left-leaning whatsapp group 'vadakara squad', was among the first to circulate the fake communal image during the election campaign.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."