കൊൽക്കത്ത വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് മിന്നലേറ്റ് അപകടം; വെെദ്യുതി നിലച്ചു; യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ചു
കൊൽക്കത്ത: കൊൽക്കത്ത വിമാനത്താവളത്തിൽവെച്ച് ഇൻഡിഗോ വിമാനത്തിന് മിന്നലേറ്റു. അഗർത്തലയിലേക്ക് യാത്ര തിരിക്കാനായി പാർക്ക് ചെയ്തിരുന്ന വിമാനത്തിലാണ് ശക്തമായ മിന്നലേറ്റത്. വെള്ളിയാഴ്ച്ച രാവിലെയോടെ കൊൽക്കത്തിയിലും സമീപ പ്രദേശങ്ങളിലും അനുഭവപ്പെട്ട ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കിടെയാണ് അപകടം.
രാവിലെ ഏകദേശം 9:25 ഓടെ വിമാനം വിമാനത്താവളത്തിലെ 56എൽ എന്ന ഏയറോബ്രിഡ്ജിന് സമീപം യാത്രക്കാരുമായി പുറപ്പെടാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെയാണ് മിന്നലേറ്റത്. 6ഇ6068 എയർബസ് എ320 വിമാനത്തിൽ ആ സമയത്ത് 141 യാത്രക്കാരും ആറ് ജീവനക്കാരുമടക്കം ആകെ 147 പേർ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യഅധികൃതർ അറിയിച്ചതനുസരിച്ച് വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും പൂർണ്ണ സുരക്ഷിതരാണ്. കാലാവസ്ഥ വ്യതിയാനത്തെ കുറിച്ച് എയർപോർട്ട് ഓപ്പറേഷൻസ് കൺട്രോൾ സെന്റർ മുൻകൂട്ടി വിവരം നൽകിയിരുന്നതായാണ് റിപ്പോർട്ട്.
ടേക്ക് ഓഫിന് തയ്യാറെടുക്കുന്നതിനിടെയാണ് മിന്നലേറ്റത്. ഇതോടെ വിമാനത്തിന്റെ പവർ സിസ്റ്റം തകരാറിലാവുകയും, വെെദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്തു. അപകടത്തെ തുടർന്ന് സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി വിമാനത്തിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരെയും സുരക്ഷിതമായി താഴെയിറക്കി. വിമാനം കൂടുതൽ സുരക്ഷാ പരിശോധനകൾക്കായി ഗ്രൗണ്ട് ചെയ്യുകയും ചെയ്തു. തുടർന്ന് ഇൻഡിഗോ എയർലൈൻസ് യാത്രക്കാർക്കായി മറ്റൊരു വിമാനം സജ്ജീകരിക്കുകയും ഉച്ചയ്ക്ക് 12:50 ഓടെ ഈ ബദൽ വിമാനത്തിൽ യാത്രക്കാരെ അഗർത്തലയിലേക്ക് എത്തിക്കുകയും ചെയ്തു.
അതേസമയം മിന്നലേറ്റ സമയത്ത് ഗ്രൗണ്ട് സ്റ്റാഫായി ജോലി ചെയ്തിരുന്ന രണ്ടുപേർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതായാണ് റിപ്പോർട്ട്. ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയും, ഇരുവരും ആരോഗ്യവാൻമാരാണെന്നും എയർപോർട്ട് അധികൃതർ അറിയിച്ചു. വരും ദിവസങ്ങളിലും കൊൽക്കത്തയിലും ദക്ഷിണ ബംഗാളിലും ശക്തമായ കാറ്റോടും ഇടിമിന്നലോടും കൂടിയ മഴ തുടരുമെന്ന് മുന്നറിയിപ്പുള്ളതിനാൽ മുൻകരുതൽ സ്വീകരിച്ചതായും അധികൃതർ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."