ആദ്യ മൃതദേഹം മാറ്റാതെ രണ്ടാമത്തേത് എങ്ങനെ അടക്കി? വാണിയപ്പാറ സെമിത്തേരിയിലെ അസ്വാഭാവികതയിൽ പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി
കണ്ണൂർ: വാണിയപ്പാറ ഇൻഫൻ്റ് ജീസസ് പള്ളി സെമിത്തേരിയിലെ കല്ലറ തുറന്നപ്പോൾ കണ്ടെത്തിയ അസ്വാഭാവികതയിൽ ദുരൂഹതയേറുന്നു. കല്ലറയ്ക്കുള്ളിൽ നിന്നും പായയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ വസ്തു രണ്ടാമതൊരു മൃതദേഹമാണെന്ന സംശയത്തിലാണ് പൊലിസ്. ആദ്യത്തെ ശരീര അവശിഷ്ടം മാറ്റാതെ എങ്ങനെയാണ് രണ്ടാമതൊരു മൃതദേഹം ഇവിടെ അടക്കം ചെയ്തതെന്ന ചോദ്യമാണ് ഇപ്പോൾ അന്വേഷണസംഘത്തെ വലയ്ക്കുന്നത്. സംഭവത്തിൽ കരിക്കോട്ടക്കരി പൊലിസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
പള്ളിയിലെ 38-ാം നമ്പർ കല്ലറയിലാണ് ദുരൂഹ സാഹചര്യത്തിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയിരിക്കുന്നത്. പ്രാഥമിക നിഗമനമനുസരിച്ച് 2006 ലും 2015 ലും അടക്കം ചെയ്ത രണ്ട് പേരുടെ ശരീര അവശിഷ്ടങ്ങളാണ് ഈ കല്ലറയിലുള്ളത്.
2006-ൽ മരിച്ച റോസമ്മ എന്ന സ്ത്രീയുടെതും 2015-ൽ മരിച്ച ജയ്സൺ എന്നീ രണ്ട് പേരുടെ മൃതദേഹങ്ങളാണ് ഈ കല്ലറയിൽ സംസ്കരിച്ചിരുന്നത് എന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. ഇത് ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിനായി മരിച്ചവരുടെ ബന്ധുക്കളെ പൊലിസ് വിളിച്ചുവരുത്തും.
പ്ലാസ്റ്റിക് പായയും ഫോട്ടോയിലെ തെളിവുകളും
കല്ലറ തുറന്നപ്പോൾ കണ്ടെത്തിയ പ്ലാസ്റ്റിക് പായയാണ് ദുരൂഹത വർദ്ധിപ്പിച്ചത്. ഇത് 2006-ൽ മരിച്ച റോസമ്മയുടെ ശവപ്പെട്ടിക്കൊപ്പം ഉണ്ടായിരുന്ന പായ തന്നെയെന്നാണ് പൊലിസ് സംശയിക്കുന്നത്. സംസ്കാര സമയത്ത് എടുത്ത ചിത്രങ്ങൾ പരിശോധിച്ചതിൽ നിന്നും പൊലിസിന് ഇതിന്റെ വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ട്. എന്നാൽ സാധാരണയായി ഒരു മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ പൂർണ്ണമായി മാറിയ ശേഷമേ അടുത്ത സംസ്കാരം നടത്താറുള്ളൂ. ഇവിടെ ആദ്യ അവശിഷ്ടം നിലനിൽക്കെ രണ്ടാമത്തെ സംസ്കാരം എങ്ങനെ നടന്നു എന്നതിലാണ് ദുരൂഹത നീളുന്നത്. ഇത് വ്യക്തമാക്കാൻ പള്ളി ഭാരവാഹികളുടെ മൊഴി ഉടൻ രേഖപ്പെടുത്തും.
"ക്രിസ്ത്യൻ ആചാരപ്രകാരം ഇങ്ങനെ ചെയ്യാറില്ല"
"ഒരു കല്ലറയിൽ രണ്ട് മൃതദേഹങ്ങൾ ഒന്നിച്ച് അടക്കം ചെയ്യുന്ന രീതി ക്രിസ്ത്യൻ ആചാരത്തിലില്ല. കണ്ടെത്തിയ വസ്തു പോസ്റ്റ്മോർട്ടം ചെയ്ത മൃതദേഹമാണോ എന്ന് സംശയമുണ്ട്. മൃതദേഹമെന്ന് സംശയം തോന്നിയ ഉടൻ തന്നെ പള്ളിക്കമ്മിറ്റിയാണ് പൊലിസിൽ വിവരമറിയിച്ചത്. അന്വേഷണത്തോട് പൂർണ്ണമായി സഹകരിക്കും." എന്ന് പള്ളി വികാരി ഫാ. ജിൽബർട്ട് കൊന്നയിൽ വ്യക്തമാക്കിയിട്ടുണ്ട്.
സംഭവം പുറത്തറിഞ്ഞത് ഫേസ്ബുക്ക് പോസ്റ്റിലൂടെ
പള്ളി സെമിത്തേരിയിലെ കല്ലറയിലെ അസ്വാഭാവികതയെക്കുറിച്ച് നാട്ടുകാരനായ ജിൽസ് ഉണ്ണിമാക്കൽ എന്നയാൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിവരം പുറംലോകം അറിയുന്നത്. കല്ലറ തുറന്നപ്പോൾ കണ്ട കാഴ്ച്ചയിൽ ദുരൂഹത തോന്നിയതിനാലാണ് പോസ്റ്റിട്ടതെന്നും, കാര്യങ്ങൾ അറിഞ്ഞിട്ടും പലരും ഇത് പുറത്തുപറയാൻ മടിക്കുകയായിരുന്നു എന്നും ജിൽസ് പ്രതികരിച്ചു.
ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിപുലമായ അന്വേഷണത്തിനാണ് കരിക്കോട്ടക്കരി പൊലിസ് തുടക്കമിട്ടിരിക്കുന്നത്. കല്ലറയ്ക്കുള്ളിലെ അവശിഷ്ടങ്ങൾ വിശദമായ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാനാണ് പൊലിസിന്റെ തീരുമാനം.
the police have intensified their investigation into a strange incident at the vaniyappara cemetery, where a second body was allegedly buried in a grave without removing the remains of the first one. the authorities are looking into the irregularities and protocol violations surrounding the burial after the matter came to light.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."