സുരക്ഷിതമായ കാല്‍നടയാത്ര പൗരന്റെ മൗലികാവകാശം; പ്രത്യേക നിയമം നിര്‍മ്മിക്കാന്‍ സുപ്രിംകോടതി നിര്‍ദേശം
ന്യൂഡല്‍ഹി: പൊതുനിരത്തുകളിലൂടെയും ഫുട്പാത്തിലൂടെയും സുരക്ഷിതമായി സഞ്ചരിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശമാണെന്ന് സുപ്രിംകോടതി വ്യക്തമാക്കുന്നു. ഇതിനായി പ്രത്യേക നിയമനിര്‍മ്മാണം നടത്താന്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ച കോടതി, കാല്‍നടയാത്രക്കാര്‍ക്കായി മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനും അത് സംരക്ഷിക്കാനും തദ്ദേശ സ്ഥാപനങ്ങള്‍ക്കും മുന്‍സിപ്പല്‍ അധികൃതര്‍ക്കും നിയമപരമായ ബാധ്യതയുണ്ടെന്ന് ഇതില്‍ വ്യവസ്ഥ ചെയ്യണമെന്നും ആവശ്യപ്പെട്ടു.
ഭരണഘടനയുടെ 19, 21 അനുച്ഛേദങ്ങള്‍ ഉറപ്പുനല്‍കുന്ന സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണ് സുരക്ഷിതമായ കാല്‍നടയാത്രയെന്ന് ജസ്റ്റിസുമാരായ പി.എസ് നരസിംഹ, അതുല്‍ എസ്. ചന്ദൂര്‍ക്കര്‍ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.
കൃത്യമായി വേര്‍തിരിച്ച നടപ്പാതകള്‍ ഒരുക്കേണ്ടത് നഗര വികസന അതോറിറ്റികള്‍, കോര്‍പ്പറേഷനുകള്‍, പഞ്ചായത്തുകള്‍ എന്നിവരുടെ കടമയാണ്. മോട്ടോര്‍ വാഹനങ്ങളുടെ സഞ്ചാരത്തേക്കാള്‍ മുന്‍ഗണന നല്‍കേണ്ടത് കാല്‍നടയാത്രയ്ക്കാണ്. ഈ അവകാശം ലംഘിക്കപ്പെട്ടാല്‍ പൗരന്മാര്‍ക്ക് നഷ്ടപരിഹാരത്തിനും മറ്റ് നിയമപരമായ മാര്‍ഗങ്ങള്‍ തേടാനും അവകാശമുണ്ടായിരിക്കും.
കര്‍ണാടകയില്‍ സ്‌കൂളിലേക്ക് പോവുകയായിരുന്ന അഞ്ച് വയസ്സുകാരന്‍ ടാങ്കര്‍ ലോറിയിടിച്ച് മരിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ ഈ സുപ്രധാന നിരീക്ഷണം. അപകടം നടന്ന റോഡില്‍ നടപ്പാതകളോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ ഉണ്ടായിരുന്നില്ല. ഹൈക്കോടതി വെട്ടിക്കുറച്ച നഷ്ടപരിഹാര തുക സുപ്രിംകോടതി 11.44 ലക്ഷം രൂപയായി ഉയര്‍ത്തുകയും ചെയ്തു.
വാഹനങ്ങളുടെ വരവോടെ അധികൃതര്‍ റോഡ് നിര്‍മ്മാണത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും കാല്‍നട യാത്രക്കാരെ പാര്‍ശ്വവല്‍ക്കരിക്കുകയും ചെയ്തതിനെ കോടതി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. ഇന്ത്യന്‍ സംസ്‌കാരത്തിലും സ്വാതന്ത്ര്യ സമരത്തിലും നടത്തത്തിന് വലിയ പ്രാധാന്യമുണ്ടെന്നും പൊതുവിടങ്ങള്‍ വാഹന ഉടമകളുടെ മാത്രം കുത്തകയായി മാറരുതെന്നും കോടതി ഓര്‍മ്മിപ്പിച്ചു.
The Supreme Court ruled that walking safely on footpaths is a fundamental right under Articles 19 and 21 of the Constitution, directing the government to frame a law ensuring local bodies maintain pedestrian infrastructure while enhancing compensation for a child killed in a road accident.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."