122 കോടി ചെലവില്‍ നവീകരിച്ച കുളം, ആഴ്ചകള്‍ക്കകം പെയിന്റ് ഇളകി, പായല്‍ നിറഞ്ഞു; ട്രംപിന്റെ തിരക്കിട്ട നവീകരണത്തിന് രൂക്ഷ വിമര്‍ശനം
വാഷിംഗ്ടണ്‍: അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗ്ടണിലെ ചരിത്രപ്രസിദ്ധമായ ലിങ്കണ്‍ മെമ്മോറിയല്‍ റിഫ്‌ലെക്റ്റിംഗ് പൂളിന്റെ നവീകരണം വിവാദത്തില്‍. ഏകദേശം 122 കോടിയിലധികം രൂപ ചെലവഴിച്ച് നവീകരിച്ച കുളത്തിന്റെ അടിത്തട്ടിലെ പെയിന്റ് ആഴ്ചകള്‍ക്കകം ഇളകിപ്പോയതോടെയാണ് വിവാദം ശക്തമായത്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നഗര നവീകരണ പദ്ധതികളുടെ ഭാഗമായാണ് 14.7 മില്യണ്‍ ഡോളര്‍ (ഏകദേശം 122 കോടി രൂപ) ചെലവില്‍ കുളം നവീകരിച്ചത്. കുളം വറ്റിച്ച് അടിത്തട്ടില്‍ നീല പെയിന്റ് പൂശുകയും മറ്റ് അറ്റകുറ്റപ്പണികള്‍ നടത്തുകയും ചെയ്തു. എന്നാല്‍ ടെന്‍ഡര്‍ വിളിക്കാത്ത കരാറിലൂടെയാണ് ഈ കുളം വറ്റിച്ച് പെയ്ന്റ് അടിച്ചത്.
ജൂണ്‍ 6ന് നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായി ട്രംപ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കകം കുളത്തിലെ വെള്ളം കടുംനീല നിറത്തില്‍ കാണപ്പെടുന്നതിനുപകരം പച്ചപായല്‍ നിറഞ്ഞതായി മാറി. പായല്‍ ശല്യം നിയന്ത്രിക്കാന്‍ ചൊവ്വാഴ്ച മുതല്‍ തൊഴിലാളികള്‍ കുളത്തിലേക്ക് ഹൈഡ്രജന്‍ പെറോക്‌സൈഡ് ഒഴിച്ച് ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
തുടര്‍ന്ന് വ്യാഴാഴ്ചയോടെ കുളത്തിന്റെ അടിത്തട്ടിലെ നീല പെയിന്റ് വലിയ പാളികളായി ഇളകി വെള്ളത്തില്‍ ഒഴുകിനടക്കാന്‍ തുടങ്ങി. ഹൈഡ്രജന്‍ പെറോക്‌സൈഡ് ഉപയോഗിച്ചതാണോ പെയിന്റ് ഇളകാന്‍ കാരണമായതെന്ന് ഔദ്യോഗിക സ്ഥിരീകരണമില്ല. എന്നിരുന്നാലും, രാസവസ്തുവിന്റെ പ്രയോഗം തന്നെയാകാം പ്രധാന കാരണമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.
സംഭവത്തെക്കുറിച്ച് കുളം നിയന്ത്രിക്കുന്ന നാഷണല്‍ പാര്‍ക്ക് സര്‍വീസും നവീകരണ കരാര്‍ ഏറ്റെടുത്ത വിര്‍ജീനിയ ആസ്ഥാനമായ അറ്റ്‌ലാന്റിക് ഇന്‍ഡസ്ട്രിയല്‍ കോട്ടിംഗ്‌സ് കമ്പനിയും ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതേസമയം, വാഷിംഗ്ടണിന്റെ പൈതൃക ഭംഗി സംരക്ഷിക്കാന്‍ നിലവിലുള്ള ആസൂത്രണ നടപടികളും നിയമങ്ങളും മറികടന്ന് ട്രംപ് ഭരണകൂടം തിടുക്കത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാണ് വിമര്‍ശകരുടെ ആരോപണം. എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് ചൂണ്ടിക്കാട്ടി ട്രംപ് ഭരണകൂടം തള്ളിക്കളയുകയാണ്.
The renovation of the historic Lincoln Memorial Reflecting Pool in Washington, D.C., the capital of the United States, has sparked controversy. The issue arose after paint on the bottom of the pool, renovated at a cost of over ₹122 crore, began peeling off within weeks.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."