പ്ലസ് വൺ രണ്ടാം അലോട്ട്‌മെന്റ് ഇന്ന്; തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ പ്രവേശനം
തിരുവനന്തപുരം: പ്ലസ് വണ്‍ രണ്ടാം അലോട്ട്‌മെന്റ് ഇന്ന് വൈകിട്ട് പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ക്ക് നാളെ രാവിലെ 10 മുതല്‍ ചൊവ്വാഴ്ച വൈകിട്ട് അഞ്ചുവരെ പ്രവേശനം നേടാം. ആദ്യത്തെ പ്രവേശന നടപടികള്‍ 17ന് പൂര്‍ത്തിയായിരുന്നു. ആദ്യ അലോട്ട്‌മെന്റില്‍ 2,46,638 പേരാണ് ഉള്‍പ്പെട്ടിരുന്നത്. ഇതില്‍ 2,20,465 പേര്‍ മാത്രമാണ് സ്‌കൂളുകളില്‍ ചേര്‍ന്നത്. ഇവരിൽ 1,23,744 കുട്ടികൾ ഫീസടച്ച് സ്ഥിരം പ്രവേശനം നേടിയവരാണ്. ബാക്കി 96,721 പേർ അടുത്ത അലോട്ട്മെന്റിൽ ഉയർന്ന ഓപ്ഷൻ പ്രതീക്ഷിച്ച് താൽകാലിക പ്രവേശനം നേടി. അലോട്ട്‌മെന്റ് ലഭിച്ചിട്ടും ഫീസ് ഘടനയിലെ അപാകതകളും ദൂരക്കൂടുതലും കാരണം 24,978 പേര്‍ക്ക് നിശ്ചിത സമയത്ത് സ്‌കൂളില്‍ ചേരാന്‍ കഴിഞ്ഞിട്ടില്ല. അപേക്ഷയിലെ പിഴവുകള്‍ കാരണം 1,195 പേരുടെ അലോട്ട്‌മെന്റ് റദ്ദാക്കി. ഈ ഇനങ്ങളിലായി പുറത്തായ 26,173 സീറ്റുകളാണ് രണ്ടാം അലോട്ട്‌മെന്റില്‍ പരിഗണിക്കുന്നത്.
ആദ്യ അലോട്ട്‌മെന്റിന് ശേഷം ബാക്കിയുള്ള 71,264 സീറ്റുകളും റദ്ദായ സീറ്റുകളും ചേര്‍ത്താണ് അടുത്ത അലോട്ട്‌മെന്റ് നടത്തുന്നത്. ഇനിയും 97,000ത്തിലധികം വിദ്യാർഥികളാണ് പുറത്തുനില്‍ക്കുന്നത്. ഇവരെ രണ്ടും മൂന്നും അലോട്ട്‌മെന്റുകളിലൂടെ ഉള്‍ക്കൊള്ളിക്കുമെന്നാണ് പ്രതീക്ഷ. അലോട്ട്‌മെന്റ് വിവരങ്ങൾ അഡ്മിഷൻ വെബ്‌സൈറ്റായ www.hscap.kerala.gov.in ലെ Candidate Login-SWS ലെ Second Allot Results ലിങ്കിലൂടെ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."