വിലക്ക് ലംഘിച്ച് രാത്രിയിലും സി.ജെ.പി പ്രതിഷേധം; സമരം ഇന്നും തുടരും; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കാതെ പിന്മാറില്ലെന്ന് സമരക്കാർ
ന്യൂഡൽഹി: നീറ്റ്, സി.ബി.എസ്.ഇ പരീക്ഷാ ക്രമക്കേടുകളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ വീണ്ടും കോക്റോച്ച് ജനതാ പാർട്ടിയുടെ (സി.ജെ.പി) പ്രതിഷേധം ഇന്നും തുടരും. ഇന്നലെ വൈകിട്ട് അഞ്ച് വരെയാണ് പ്രതിഷേധത്തിനായി ഡൽഹി പൊലിസ് അനുവാദം നൽകിയതെങ്കിലും ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുന്നതു വരെ പിരിഞ്ഞു പോകില്ലെന്ന് സമരക്കാർ നിലപാടെടുത്തതോടെ രാത്രിയിലും പ്രതിഷേധം തുടർന്നു. സമയം നീട്ടി നൽകണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടെങ്കിലും പൊലിസ് നിരസിച്ചു. പ്രതിഷേധക്കാർ ഒഴിഞ്ഞു പോകില്ലെന്നായതോടെ അവിടേക്ക് കുടിവെള്ളമെത്തിക്കുന്നത് പൊലിസ് തടഞ്ഞു.
ഇതോടെ എല്ലാ രക്ഷിതാക്കളും ജന്തർ മന്ദറിലെത്തണമെന്ന് സി.ജെ.പി സ്ഥാപകൻ അഭിജിത് ദിപ്കെ ആഹ്വാനം ചെയ്തു. ഇന്നലെ ദിപ്കെയുടെ ആവശ്യപ്രകാരം പാത്രങ്ങളും സ്പൂണുകളുമായാണ് പ്രതിഷേധക്കാരെത്തിയത്. അവർക്കൊപ്പം സോനം വാങ്ചൂകും ചേർന്നു. ആറുമണിയായിട്ടും പ്രതിഷേധം അവസാനിപ്പിക്കുന്നില്ലെന്ന് കണ്ടതോടെയാണ് പൊലിസ് ഇടപെട്ടത്. പ്രതിഷേധം അവസാനിപ്പിച്ച് പിരിഞ്ഞു പോകാൻ പൊലിസ് ആവശ്യപ്പെട്ടു. എന്നാൽ സമരക്കാർ നിലപാടിൽ ഉറച്ചുനിന്നു.
വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് സമരക്കാർ. വെള്ളമെത്തിക്കണമെന്ന് അഭിജിത് ദിപ്കെ പൊലിസിനോട് അഭ്യർഥിച്ചെങ്കിലും പരിഗണിച്ചില്ല. വലിയ സുരക്ഷയാണ് സമരത്തിനായി പൊലിസ് ഒരുക്കിയിരുന്നത്. സ്ഥലത്ത് ദ്രുതകർമ സേനയെയും വിന്യസിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."