എക്‌സ്ട്രാ ലൈറ്റ് സ്ഥാപിച്ചു; ആംബുലൻസിന് 5,500 രൂപ പിഴയിട്ട് എംവിഡി
കൊച്ചി: വന്യമൃഗ ശല്യം പ്രതിരോധിക്കാൻ അധികമായി ലൈറ്റുകൾ ഘടിപ്പിച്ച ആംബുലൻസിന് മോട്ടോർ വാഹന വകുപ്പിന്റെ (MVD) വൻ പിഴ. അനധികൃത മോഡിഫിക്കേഷൻ നടത്തിയെന്ന് ചൂണ്ടിക്കാട്ടി കാലടി പ്ലാന്റേഷൻ കോർപ്പറേഷന്റെ ആംബുലൻസിനാണ് എം.വി.ഡി 5,500 രൂപ പിഴ ചുമത്തിയത്. ആംബുലൻസിന്റെ മുകൾഭാഗത്ത് രണ്ട് എക്സ്ട്രാ ലൈറ്റുകൾ സ്ഥാപിച്ചതാണ് അധികൃതർ കണ്ടെത്തിയ നിയമലംഘനം.
മലയോര മേഖലയായ കാലടി പ്ലാന്റേഷനിലെ തൊഴിലാളികളടക്കമുള്ള സാധാരണക്കാരുടെ ഏക ആശ്രയമായ ആംബുലൻസിന് നേരെയാണ് മോട്ടോർ വാഹന വകുപ്പിന്റെ ഈ നടപടി. എന്നാൽ, കാട്ടാന ശല്യം രൂക്ഷമായ പ്രദേശങ്ങളിലൂടെയുള്ള രാത്രികാല സർവീസുകളിൽ സുരക്ഷ ഉറപ്പാക്കാനാണ് ഈ ലൈറ്റുകൾ സ്ഥാപിച്ചതെന്നാണ് പ്ലാന്റേഷൻ കോർപ്പറേഷന്റെ വിശദീകരണം. വന്യമൃഗങ്ങളിൽ നിന്ന് ജീവനക്കാരെയും രോഗികളെയും സംരക്ഷിക്കാൻ ചെയ്ത മാറ്റം പിഴയ്ക്ക് കാരണമായതിൽ വലിയ പ്രതിഷേധം ഉയരുന്നുണ്ട്.
കഴിഞ്ഞ ദിവസം ടാക്സി കാറിന് പിഴയിട്ടതും വലിയ ചർച്ചയായിരുന്നു. കാറിൽ ബംബർ ഗാർഡ് ഘടിപ്പിച്ചതിന് ടാക്‌സി ഡ്രൈവറായ ഷമീർ ഖാലിദിന് 5,000 രൂപയാണ് എംവിഡി പിഴയിട്ടത്. "അത്യാവശ്യം ആൾട്ടറേഷൻ ഒക്കെ വരുത്താം" എന്ന മുഖ്യമന്ത്രി വി. ഡി. സതീശന്റെ വാക്ക് വിശ്വസിച്ചാണ് താൻ ബംബർ ഗാർഡ് വെച്ചതെന്നായിരുന്നു ഷമീറിന്റെ പ്രതികരണം.
താൻ പിഴയടക്കാൻ തയ്യാറാണെന്നും എന്നാൽ തുകയിൽ അല്പം കുറവ് വരുത്തണമെന്നും ആവശ്യപ്പെട്ട് ഷമീർ പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നിരവധി പേർ ഡ്രൈവർക്ക് പിന്തുണയുമായി എത്തിയെങ്കിലും, പിഴത്തുക കുറയ്ക്കാൻ നിയമപരമായി സാധിക്കില്ലെന്നും വേണമെങ്കിൽ അടയ്ക്കാനുള്ള സമയം നീട്ടി നൽകാമെന്നുമായിരുന്നു എംവിഡിയുടെ നിലപാട്.
പ്രതീക്ഷ തെറ്റിച്ച 'മോഡിഫിക്കേഷൻ ഇളവുകൾ'
തെരഞ്ഞെടുപ്പ് വേളയിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ പ്രഖ്യാപിച്ച വാഹന മോഡിഫിക്കേഷൻ ഇളവുകൾ വലിയ ജനശ്രദ്ധ നേടിയിരുന്നു. എന്നാൽ ഇളവുകൾ കാത്തിരുന്ന വാഹനപ്രേമികൾക്ക് വൻ നിരാശയാണ് ട്രാൻസ്പോർട്ട് കമ്മിഷണറുടെ റിപ്പോർട്ട് സമ്മാനിച്ചത്.
സർക്കാർ നിർദ്ദേശപ്രകാരം കമ്മിഷണർ സമർപ്പിച്ച റിപ്പോർട്ടിൽ 18 തരം സ്റ്റാൻഡേർഡ് എക്യുപ്മെന്റുകൾക്ക് മാത്രമാണ് നിയമതടസ്സമില്ലെന്ന് വ്യക്തമാക്കിയത്. സീറ്റ് കവറുകൾ, ഫ്‌ലോർ മാറ്റുകൾ, സ്റ്റിയറിംഗ് വീൽ കവറുകൾ, ക്രോം ഗാർണിഷ്, ഡോർ വൈസറുകൾ, മഡ് ഫ്‌ലാപ്പുകൾ തുടങ്ങിയ അടിസ്ഥാനപരമായ കാര്യങ്ങൾ മാറ്റുന്നതിന് മാത്രമാണ് നിലവിൽ അനുമതിയുള്ളത്. വാഹനങ്ങളുടെ ബാഹ്യഘടനയിലോ സുരക്ഷാ മാനദണ്ഡങ്ങളിലോ വരുത്തുന്ന പ്രധാന മാറ്റങ്ങൾക്ക് കർശനമായ പിഴ തുടരുമെന്ന് എംവിഡി വ്യക്തമാക്കി.
The Motor Vehicles Department (MVD) has imposed a fine of ₹5,500 on an ambulance belonging to the Kalady Plantation Corporation for unauthorized modification.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."