91,477 അനധികൃത വാഹനങ്ങൾ നിരത്തിൽ; സർക്കാരിന് നഷ്ടം 47.69 കോടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റോ, രജിസ്‌ട്രേഷനോ ഇല്ലാത്ത 91,477 വാഹനങ്ങൾ നിരത്തിലുണ്ടെന്ന് സി.എ.ജി വിലയിരുത്തൽ. ഈ നിയമലംഘന വാഹനങ്ങളിൽ 344 എണ്ണം അപകടങ്ങളിൽപ്പെടുകയും 32 പേരുടെ മരണത്തിനു കാരണമാവുകയും ചെയ്തിട്ടുണ്ട്. അനധികൃതമായ വാഹനങ്ങൾ പിടിച്ചെടുക്കാൻ അധികൃതർ നടപടിയെടുക്കാത്തതിനാൽ പിഴ ഇനത്തിൽ 2024-25 സാമ്പത്തിക വർഷം 47.69 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് സി.എ.ജിയുടെ കണ്ടെത്തൽ.
മോട്ടോർ വാഹന വകുപ്പിലെ ഇത്തരത്തിലെ നിരവധി പോരായ്മകൾ റിപ്പോർട്ടിൽ ചൂണ്ടികാട്ടുന്നുണ്ട്. സിസ്റ്റത്തിലെ പോരായ്മകൾ കാരണം 2.57 കോടി രൂപയുടെ ഹരിത നികുതി വാഹനങ്ങൾക്ക് ചുമത്തിയില്ലെന്നും കണ്ടെത്തി. കോടികൾ ചെലവഴിച്ചിട്ടും ഓട്ടോമേഷൻ പരാജയമാണ്. ഇപ്പോഴും പഴയ മാനുവൽ രീതികളെയാണ് മോട്ടോർ വാഹന വകുപ്പ് ആശ്രയിക്കുന്നതെന്നാണ് വിലയിരുത്തൽ.
രേഖകളില്ലാത്ത വാഹനങ്ങൾക്ക് പിഴ ചുമത്താത്തതിനാൽ 12.18 കോടി രൂപയുടെ കോമ്പൗണ്ടിങ് ഫീസും ഈടാക്കാനായില്ലെന്നും 1,620 കോൺട്രാക്ട് കാര്യേജുകളും ചരക്കുവാഹനങ്ങളും സാധുവായ പെർമിറ്റില്ലാതെയാണ് ഓടുന്നതെന്നും സി.എ.ജി കണ്ടെത്തി. സംസ്ഥാനത്ത് 461 ഏജൻസികൾ റെന്റ് എ കാബ് സേവനത്തിനായി ജി.എസ്.ടി രജിസ്‌ട്രേഷൻ എടുത്തിട്ടുണ്ടെങ്കിലും 9 എണ്ണത്തിന് മാത്രമാണ് ലൈസൻസെന്നും സി.എ.ജി റിപ്പോർട്ടിൽ പരാമർശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."