'ഇന്ത്യക്കാരിയായി തന്നെ മരിക്കണം'; 94-ാം വയസില്‍ അമേരിക്കന്‍ പൗരത്വം ഉപേക്ഷിച്ച് ഇന്ത്യന്‍ പൗരത്വത്തിനായി അപേക്ഷിച്ച് വയോധിക
ബപട്‌ല: അമേരിക്കയോ കാനഡയോ പോലുള്ള വിദേശരാജ്യങ്ങളിലേക്ക് കുടിയേറി അവിടുത്തെ പൗരത്വം നേടുക എന്നത് ഇന്നത്തെ യുവതലമുറയിലെ പലരുടെയും സ്വപ്നമാണ്. മികച്ച വിദ്യാഭ്യാസം, ഉയര്‍ന്ന ശമ്പളമുള്ള ജോലി, സുരക്ഷിത ജീവിതം എന്നിവയുടെ പ്രതീക്ഷയിലാണ് ആയിരക്കണക്കിന് ഇന്ത്യക്കാര്‍ ഓരോ വര്‍ഷവും വിദേശത്തേക്ക് പോകുന്നത്. എന്നാല്‍ ഇതില്‍നിന്ന് തികച്ചും വ്യത്യസ്തമായ ഒരു കഥയാണ് ഇപ്പോള്‍ ആന്ധ്രാപ്രദേശില്‍ നിന്ന് പുറത്തുവരുന്നത്. അമേരിക്കന്‍ പൗരത്വം സ്വമേധയാ ഉപേക്ഷിച്ച് വീണ്ടും ഇന്ത്യന്‍ പൗരയാകാന്‍ സര്‍ക്കാര്‍ സഹായം തേടിയ 94-കാരിയായ ഒരു അമ്മ.
ആന്ധ്രാപ്രദേശിലെ ബപട്ല ജില്ലയിലെ ചിന്താഗുംപാല ഗ്രാമവാസിയായ കൊണ്ട്രഗുണ്ട മഹാലക്ഷ്മമ്മയാണ് ആ വയോധിക. പ്രായത്തിന്റെ അവശതകളിലും മനസ്സില്‍ ഒരേയൊരു ആഗ്രഹം മാത്രമാണ് അവര്‍ക്കുള്ളത് 'ഒരു ഇന്ത്യന്‍ പൗരയായി എന്റെ ജന്മനാട്ടില്‍ അവസാന ശ്വാസം വലിക്കണം. മരണശേഷം എന്റെ അന്ത്യകര്‍മങ്ങളും സ്വന്തം നാട്ടില്‍ തന്നെ നടക്കണം.'
ഭര്‍ത്താവ് നാഗഭൂഷണത്തിന്റെ മരണശേഷമാണ് മഹാലക്ഷ്മമ്മ മകനും പ്രമുഖ കാന്‍സര്‍ രോഗവിദഗ്ധനുമായ ഡോ. കെ. ബുച്ചയ്യ ചൗധരിക്കൊപ്പം അമേരിക്കയിലെ വെര്‍ജീനിയയിലേക്ക് താമസം മാറിയത്. തുടര്‍ന്ന് 2000 ജൂലൈയില്‍ അവര്‍ക്ക് അമേരിക്കന്‍ പൗരത്വം ലഭിച്ചു. ഏകദേശം രണ്ട് പതിറ്റാണ്ടോളം അവര്‍ അമേരിക്കയില്‍ സ്ഥിരതാമസമാക്കി ജീവിച്ചു.
എന്നാല്‍ ജന്മനാടിനോടുള്ള ആത്മബന്ധം ഒരിക്കലും അവരെ വിട്ടുപോയില്ല. 2018-ല്‍ മകന്‍ മംഗളഗിരിയിലെ എന്‍ആര്‍ഐ ആശുപത്രിയുടെ ഡയറക്ടറായി ചുമതലയേറ്റതോടെ മഹാലക്ഷ്മമ്മ ഇന്ത്യയിലേക്ക് മടങ്ങിയെത്തി. അതിനുശേഷം സ്വന്തം ഗ്രാമത്തിലാണ് താമസം. അമേരിക്കന്‍ പൗരത്വം നിലനിര്‍ത്തിയിരുന്നെങ്കിലും ജീവിതത്തിന്റെ അവസാനകാലം ഒരു ഇന്ത്യന്‍ പൗരയായി ജീവിക്കണമെന്ന ആഗ്രഹം മനസ്സില്‍ വളര്‍ന്നുകൊണ്ടിരുന്നു.
പ്രായം കൂടുകയും ആരോഗ്യപ്രശ്‌നങ്ങള്‍ വര്‍ധിക്കുകയും ചെയ്തതോടെ ആ ആഗ്രഹം യാഥാര്‍ഥ്യമാക്കാന്‍ അവര്‍ തീരുമാനിച്ചു. അമേരിക്കന്‍ പൗരത്വം സ്വമേധയാ ഉപേക്ഷിച്ച് ഇന്ത്യന്‍ പൗരത്വം പുനഃസ്ഥാപിക്കാന്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കി. തുടര്‍ന്ന് ബപട്ല ജില്ലാ കളക്ടറേറ്റിലെത്തി ആവശ്യമായ എല്ലാ നിയമനടപടികളും പൂര്‍ത്തിയാക്കി.
ജില്ലാ കളക്ടര്‍ വിനോദ് കുമാറിന്റെ സാന്നിധ്യത്തില്‍ തെലുങ്ക് ഭാഷയില്‍ ഇന്ത്യന്‍ ഭരണഘടനയോട് വിശ്വസ്തത പുലര്‍ത്തുമെന്ന പ്രതിജ്ഞയും അവര്‍ ചൊല്ലി. നിലവില്‍ ഒ.സി.ഐ കാര്‍ഡ് കൈവശമുള്ള മഹാലക്ഷ്മമ്മ, മകന്റെ സഹായത്തോടെയാണ് പൗരത്വ പ്രതിജ്ഞാപത്രത്തില്‍ ഒപ്പുവെച്ചത്.
കളക്ടറുടെ മുന്നില്‍ കൈകൂപ്പി നിന്നുകൊണ്ട് അവര്‍ പറഞ്ഞ വാക്കുകള്‍ അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും കണ്ണുകള്‍ നിറച്ചു.
'കളക്ടര്‍ ഗാരു, എനിക്ക് ഇപ്പോള്‍ 95 വയസ്സാകാറായി. ഒരു ഇന്ത്യന്‍ പൗരയായി എന്റെ ജന്മനാട്ടില്‍ അവസാന ശ്വാസം വലിക്കണമെന്നത് മാത്രമാണ് എന്റെ ആഗ്രഹം. മരണശേഷം എന്റെ അന്ത്യകര്‍മങ്ങള്‍ സ്വന്തം ഗ്രാമത്തില്‍ തന്നെ നടക്കണം. ഞാന്‍ അമേരിക്കന്‍ പൗരത്വം ഉപേക്ഷിച്ചു. എത്രയും വേഗം എന്നെ വീണ്ടും ഒരു ഇന്ത്യന്‍ പൗരയാക്കാന്‍ സഹായിക്കണം.'
മഹാലക്ഷ്മമ്മയുടെ അപേക്ഷയുമായി ബന്ധപ്പെട്ട ജില്ലാ ഭരണകൂടത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് അമരാവതിയിലെ സംസ്ഥാന സെക്രട്ടേറിയറ്റിലേക്കും അവിടെനിന്ന് അന്തിമ അനുമതിക്കായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലേക്കും അയച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിക്കുന്നതോടെ അവര്‍ വീണ്ടും ഔദ്യോഗികമായി ഇന്ത്യന്‍ പൗരയാകും.
വിദേശ പൗരത്വം നേടുന്നത് ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായി പലരും കാണുന്ന കാലത്ത്, ആ പൗരത്വം സ്വമേധയാ ഉപേക്ഷിച്ച് മാതൃരാജ്യത്തിന്റെ മണ്ണില്‍ ഒരു ഇന്ത്യക്കാരിയായി ജീവിച്ചും മരിച്ചും തീരണമെന്ന ആഗ്രഹവുമായി മുന്നോട്ടുവന്ന മഹാലക്ഷ്മമ്മയുടെ ജീവിതം, ജന്മനാടിനോടുള്ള സ്‌നേഹത്തിന്റെയും രാജ്യത്തോടുള്ള ആത്മബന്ധത്തിന്റെയും അപൂര്‍വ മാതൃകയായി മാറുകയാണ്.
She sought the government's help to voluntarily renounce her American citizenship and regain Indian citizenship. Her wish to spend the last days of her life as an Indian citizen in her homeland is now a major topic of discussion on social media.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."