'ഞാൻ ഒരു കർഷകനാണ്, ഒന്നും ഒളിച്ചുവെച്ചിട്ടില്ല'; വെള്ളരിക്കൃഷിക്ക് ഒരു കോടി സബ്‌സിഡി വിവാദത്തിൽ മറുപടിയുമായി കേന്ദ്ര കൃഷി സഹമന്ത്രി
ന്യൂഡൽഹി: സ്വന്തം കൃഷിയിടത്തിലെ വെള്ളരിക്കൃഷിക്ക് ഒരുകോടിയോളം രൂപ സബ്‌സിഡി കൈപ്പറ്റിയെന്ന അഴിമതി ആരോപണം ശക്തമായി നിഷേധിച്ച് കേന്ദ്ര കൃഷി സഹമന്ത്രി ഭഗീരഥ് ചൗധരി രംഗത്ത്. താൻ മന്ത്രിയാകുന്നതിന് മുൻപാണ് സബ്‌സിഡിക്കായി അപേക്ഷിച്ചതെന്നും കർഷകനെന്ന നിലയിൽ അർഹതപ്പെട്ട ആനുകൂല്യമാണ് ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നതിനിടെയാണ് വാർത്താ ഏജൻസിയായ എഎൻഐയോട് (ANI) മന്ത്രിയുടെ വിശദീകരണം.
"ഞാൻ ഒരു കർഷകനാണ്, കുട്ടിക്കാലം മുതൽക്കേ കാർഷികരംഗത്തുണ്ട്. ഞാൻ ഒന്നും ഒളിച്ചുവെച്ചിട്ടില്ല. ആയിരക്കണക്കിന് കർഷകർ പോളിഹൗസുകൾ നിർമ്മിച്ച് സബ്‌സിഡി കൈപ്പറ്റുന്നുണ്ട്. അതുകൊണ്ട് ഞാനും അങ്ങനെ ചെയ്തു. 2018-ലാണ് ഞാൻ ഇതിനായി അപേക്ഷ സമർപ്പിച്ചത്." എന്നും മന്ത്രി പറയുന്നു.
താൻ കൈപ്പറ്റിയ എല്ലാ വായ്പകളുടെയും സബ്‌സിഡികളുടെയും വിവരങ്ങൾ കൃഷിയിടത്തിൽ സ്ഥാപിച്ച ബോർഡിൽ വ്യക്തമായി പ്രദർശിപ്പിച്ചിട്ടുണ്ടെന്ന് ഭഗീരഥ് ചൗധരി കൂട്ടിച്ചേർത്തു. പ്രദേശത്തെ ഉദ്യോഗസ്ഥരെല്ലാം സ്ഥലം സന്ദർശിച്ച് ബോധ്യപ്പെട്ടതാണെന്നും പുതിയ സാങ്കേതികവിദ്യകളിലും പ്രകൃതിദത്ത കൃഷിയിലും മറ്റ് കർഷകർക്ക് താൻ പരിശീലനം നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം വകുപ്പിന് കീഴിലുള്ള നാഷണൽ ഹോർട്ടികൾച്ചർ ബോർഡ് വഴി മന്ത്രിയുടെ കൃഷിയിടത്തിലേക്ക് 99.03 ലക്ഷം രൂപ സബ്‌സിഡി അനുവദിച്ചതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. സബ്‌സിഡി അനുവദിക്കുന്ന ഈ ബോർഡിന്റെ വൈസ് പ്രസിഡന്റ് കൂടിയാണ് നിലവിൽ ഭഗീരഥ് ചൗധരി എന്നത് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം രംഗത്തെത്തിയത്.
വിഷയം കേന്ദ്ര സർക്കാരിനും ബിജെപിക്കുമെതിരെ ശക്തമായ ആയുധമാക്കുകയാണ് കോൺഗ്രസ്. അധികാരമുപയോഗിച്ച് ആനുകൂല്യങ്ങൾ തട്ടിയെടുക്കുന്ന പുത്തൻ രീതിയിലുള്ള അഴിമതിയാണിത് രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് പറഞ്ഞു. അഴിമതിയുടെ കാര്യത്തിൽ ബിജെപിക്ക് ഇരട്ടത്താപ്പാണ്. ദാനധർമ്മങ്ങൾ സ്വന്തം വീട്ടിൽ നിന്ന് തുടങ്ങണമെന്നാണ് പൊതുവെ പറയാറുള്ളത്, എന്നാൽ ബിജെപിയെ സംബന്ധിച്ചിടത്തോളം 'സബ്‌സിഡി' സ്വന്തം വീട്ടിൽ നിന്നാണ് തുടങ്ങുന്നത് എന്ന് കോൺഗ്രസ് നേതാവ് പവൻ ഖേരയും തുറന്നടിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."