ഗോരക്ഷകരെ ശിക്ഷിച്ച മുസ്‌ലിം വനിതാ ജഡ്ജിക്കെതിരെ വർഗീയ അധിക്ഷേപവും കൊലവിളിയും; പ്രതികൾക്ക് അനുകൂലമായി നിലപാടെടുത്ത് കേന്ദ്ര ഐടി മന്ത്രാലയം
നർമ്മദാപുരം (മധ്യപ്രദേശ്): പശുക്കടത്ത് ആരോപിച്ച് മുസ്‌ലിം യുവാവിനെ തല്ലിക്കൊന്ന കേസിൽ 14 ഗോരക്ഷകർക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച വനിതാ ജഡ്ജിക്കെതിരെ ഹിന്ദുത്വ ഗ്രൂപ്പുകളുടെ കൊലവിളിയും സൈബർ ആക്രമണവും. മധ്യപ്രദേശിലെ നർമ്മദാപുരം അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജി തബസ്സം ഖാനെതിരെയാണ് അതീവ ഗുരുതരമായ വർഗീയ-സ്ത്രീവിരുദ്ധ അധിക്ഷേപങ്ങളും ഭീഷണികളും ഉയരുന്നത്. ജഡ്ജി മുസ്‌ലിം ആയതുകൊണ്ട് മാത്രമാണ് പ്രതികളെ ശിക്ഷിച്ചതെന്ന രീതിയിലാണ് തീവ്ര വലതുപക്ഷ സംഘടനകൾ സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തുന്നത്.
2022 ആഗസ്റ്റ് രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. നസീർ അഹമ്മദ് എന്ന ട്രക്ക് ഡ്രൈവറെ പശുക്കടത്താരോപിച്ച് നർമ്മദാപുരത്തിന് സമീപം വെച്ച് ഒരു സംഘം ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു. അതീവ ക്രൂരമായ ആസൂത്രിത കൊലപാതകമാണ് നടന്നതെന്ന് കോടതി കണ്ടെത്തിയിരുന്നു. ഈ കഴിഞ്ഞ ജൂൺ 12-നാണ് പ്രതികളായ 14 പേർക്കും കോടതി കേസിൽ ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്.
വിധി വന്നതിന് പിന്നാലെ കോടതി പരിസരത്ത് പ്രതികളുടെ ബന്ധുക്കൾ പ്രതിഷേധം നടത്തിയിരുന്നു. തൊട്ടുപിന്നാലെയാണ് തീവ്ര ഹിന്ദുത്വ സംഘടനകൾ ജഡ്ജിയെ ലക്ഷ്യമിട്ട് രംഗത്തിറങ്ങിയത്. ജഡ്ജി തബസ്സം ഖാന്റെ കോലം കത്തിക്കുകയും അവരെ 'ഹിന്ദു വിരുദ്ധ' എന്ന് മുദ്രകുത്തി വ്യാപക സൈബർ ആക്രമണം അഴിച്ചുവിടുകയുമായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഒരു വീഡിയോ പുറത്തുവന്നിരുന്നു. 10 ദിവസത്തിനകം പ്രതികളെ ജയിൽമോചിതരാക്കിയില്ലെങ്കിൽ രാജ്യത്ത് 'രക്തച്ചൊരിച്ചിൽ' ഉണ്ടാക്കുമെന്ന് ഒരു ഹിന്ദുത്വ നേതാവ് പരസ്യമായി ഭീഷണിപ്പെടുത്തുന്നുണ്ട്. കൂടാതെ, പ്രമുഖ തീവ്ര വലതുപക്ഷ ചാനലായ സുദർശൻ ന്യൂസിന്റെ എഡിറ്റർ സുരേഷ് ചവ്ഹങ്കെ ഈ കോടതി വിധിയെ 'ജുഡീഷ്യൽ ലിഞ്ചിങ്' (കോടതി നടത്തുന്ന ആൾക്കൂട്ടക്കൊല) എന്ന് വിശേഷിപ്പിക്കുകയും കുറ്റവാളികൾക്ക് പരസ്യ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
"പ്രതികളെ ശിക്ഷിച്ചത് അവരുടെ മതത്തിന്റെ പേരിലല്ല, മറിച്ച് കൊലപാതകക്കുറ്റം തെളിഞ്ഞതുകൊണ്ടാണ്. ജഡ്ജി ഒരു മുസ്‌ലിം വനിതയാണെന്ന ഒരൊറ്റ കാരണത്താലാണ് ഈ വിദ്വേഷ പ്രചാരണം. പരിഷ്കൃത സമൂഹത്തിന് യോജിക്കാത്ത രീതിയിൽ കൊലവിളി നടത്തുന്നവർ മോദിയുടെ ഇന്ത്യയിൽ സ്വതന്ത്രമായി വിഹരിക്കുകയാണ്." എന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര പറഞ്ഞു.
സൈബർ സെൽ നടപടി വിവാദത്തിൽ
ജഡ്ജിക്കെതിരെ ഉയർന്ന കൊലവിളി ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് സിയോനി മാൽവ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ, ജഡ്ജിക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ പുറത്തുകൊണ്ടുവന്ന സമൂഹമാധ്യമ അക്കൗണ്ടുകൾക്കെതിരെ കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ സൈബർ സെൽ നോട്ടീസ് അയച്ചത് പുതിയ വിവാദത്തിന് വഴിതുറന്നു. നീതി നടപ്പാക്കിയ ജഡ്ജിക്ക് സംരക്ഷണം നൽകുന്നതിന് പകരം വിദ്വേഷം പ്രചരിപ്പിക്കുന്ന വേട്ടക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്ന വിമർശനം ഇതിനകം ശക്തമായിട്ടുണ്ട്.
a muslim woman judge faced severe communal abuse and death threats online after convicting and sentencing a group of cow vigilantes. following the backlash, controversies arose as the union it ministry reportedly took a stance that favored the accused individuals or digital perpetrators rather than strictly penalizing the hate speech directed at the judiciary.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."