പനാമയെ പഞ്ഞിക്കിട്ടില്ല, രണ്ട് ഗോൾ ജയവുമായി ഇംഗ്ലണ്ട് ഗ്രൂപ്പ് ചാംപ്യന്മാർ
ഫിഫ ലോകകപ്പില്‍ പനാമയെ വീഴ്ത്തി ഗ്രൂപ്പ് ചാംപ്യന്മാരായി യൂറോപ്യന്‍ വമ്പന്മാരായ ഇംഗ്ലണ്ട്. ഗ്രൂപ്പ് എല്ലില്‍നിന്ന് ഏഴ് പോയിന്റോടെയാണ് ഇംഗ്ലണ്ട് ഒന്നാമന്മാരായി റൗണ്ട് ഓഫ് 32ലേക്ക് പ്രവേശിച്ചത്. പനാമയ്‌ക്കെതിരേ മറുപടിയില്ലാത്ത രണ്ട് ഗോളിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലായിരുന്നു മത്സരത്തിലെ രണ്ട് ഗോളുകളും പിറന്നത്. സൂപ്പര്‍ താരങ്ങളായ ഹാരി കെയ്ന്‍, ജൂഡ് ബെല്ലിങ് ഹാം എന്നിവരായിരുന്നു ഇംഗ്ലിഷ് ഗോള്‍ സ്‌കോറര്‍മാര്‍.
ഗോള്‍ മഴ പ്രതീക്ഷിച്ചെത്തിയ ഇംഗ്ലണ്ട് ആരാധകരെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ആദ്യ പകുതിയില്‍ ഇംഗ്ലിഷ് താരങ്ങള്‍ കാഴ്ചവച്ചത്. പേരുകേട്ട മുന്നേറ്റ നിരയില്‍നിന്ന് ലക്ഷ്യം കാണാന്‍ കഴിയാതിരുന്നതോടെ ആദ്യ പകുതി ഗോള്‍ രഹിതമായി അവസാനിച്ചു.
രണ്ടാം പകുതിയിലും പനാമ ഇംഗ്ലണ്ടിനെ പൂട്ടുമെന്ന് തോന്നിച്ചെങ്കിലും, 62ാം മിനുട്ടില്‍ ബെല്ലിങ്ഹാം പ്രതിരോധച്ചെങ്ങല പൊട്ടിച്ചു. ബുകായോ സാക എടുത്ത കോര്‍ണറില്‍നിന്നും പനാമ പ്രതിരോധത്തെ നിസഹയരാക്കി ബെല്ലിങ് ഹാം പന്ത് അനായാസം വലയിലേക്ക് കോരിയിട്ടു. സ്‌കോര്‍ 1-0.
ഒരു ഗോള്‍ വീണതോടെ ഇംഗ്ലണ്ട് കൂടുതല്‍ ഊര്‍ജത്തോടെ കളിച്ചു. ബുകായോ സാകയെയും യാറെല്‍ ക്വാന്‍സയെയും പിന്‍വലിച്ച് നോനി മഡ്വേകെയെയും യെഡ് സ്‌പെന്‍സിനെയും കളത്തിലിറക്കി. തൊട്ടു പിന്നാലെ പനാമ വലയില്‍ അടുത്ത ഗോളും വീണു ഇത്തവണ ക്യാപ്റ്റന്‍ ഹാരി കെയ്‌നായിരുന്നു ഇംഗ്ലണ്ടിന്റെ സ്‌കോറര്‍. ബോക്‌സിലേക്ക് വന്ന ബെല്ലിങ്ഹാമിന്റെ ക്രോസിന് ഹെഡ് ചെയ്താണ് കെയ്ന്‍ പനാമ വലകുലുക്കിയത്.
റൗണ്ട് ഓഫ് 32ല്‍ ബുധനാഴ്ച് രാത്രി 9.30നാണ് ഇംഗ്ലണ്ടിന്റെ മത്സരം. എതിരാളിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. ഗ്രൂപ്പ് ഐ,ജെ,കെ എന്നിവയില്‍നിന്നു ഏതെങ്കിലും മൂന്നാം സ്ഥാനക്കാരാവും ഇംഗ്ലണ്ടിന്റെ എതിരാളി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."