കിടിലൻ, കിലിയൻ; എംബാപ്പെ ഡബിളിൽ സ്വീഡനെ തകർത്ത് ഫ്രാൻസ് പ്രീക്വാർട്ടറിൽ
ന്യൂയോര്‍ക്ക്: സ്വീഡനെ തകര്‍ത്ത് ഫിഫ ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ച് ഫ്രാന്‍സ്. റൗണ്ട് ഓഫ് 32 മത്സരത്തില്‍ സ്വീഡനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ഫ്രഞ്ച് പട വീഴ്ത്തിയത്. ഇരട്ട ഗോള്‍നേടിയ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയാണ് ഫ്രാന്‍സിന് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. മത്സരത്തിന്റെ 45, 74 മിനുട്ടുകളിലായിരുന്നു താരത്തിന്റെ ഗോളുകള്‍.സ്വീഡനുമേല്‍ സമഗ്രാധിപത്യം പുലര്‍ത്തിയാണ് ഫ്രാന്‍സ് മത്സരം സ്വന്തമാക്കിയത്. മത്സരത്തിന്റെ തുടക്കം മുതല്‍ സ്വീഡന്‍ ബോക്‌സിലേക്ക് ഇരച്ചെത്തിയ ഫ്രഞ്ച് മുന്നേറ്റത്തിന് മുന്നില്‍ സ്വീഡിഷ് പ്രതിരോധം വിറങ്ങലിച്ചു. പലതവണ സ്വീഡിഷ് ബോക്‌സില്‍ ഭീഷണി വിതച്ച ഫ്രാന്‍സ് ആദ്യ പകുതി അവസാനിക്കാനിരിക്കെയാണ് ലീഡെടുത്തത്. 45ാം മിനുട്ടില്‍ എംബാപ്പെ തന്നെയായിരുന്നു സ്‌കോറര്‍. ഉസ്മാന്‍ ഡെംബലെയുടെ അസിസ്റ്റില്‍നിന്നായിരുന്നു താരത്തിന്റെ ഗോള്‍. കോര്‍ണറില്‍നിന്ന് മൈക്കല്‍ ഒലിസയും ഡെംബലയും പാസ് ചെയ്ത് മുന്നേറിയ പന്ത് ഡെംബലെ എംബാപ്പെയിലേക്ക് നീട്ടുകയായിരുന്നു. പന്ത് ലഭിച്ച എംബാപ്പെ ഗോള്‍ കീപ്പര്‍ സെറ്റര്‍സ്‌ട്രോമിന് യാതൊരു അവസരവും കൊടുക്കാതെ വലകുലുക്കി. ഇതോടെ ആദ്യ പകുതി ഒരു ഗോള്‍ ലീഡില്‍ അവസാനിപ്പിക്കാനും ഫ്രാന്‍സിനായി.
തുടര്‍ന്ന് രണ്ടാം പകുതിയിലും ഫ്രാന്‍സ് ഗോള്‍വേട്ട തുടര്‍ന്നു. 53ാം മിനുട്ടില്‍ ഗോള്‍ നേടി ബ്രാഡ്‌ലി ബാര്‍ക്കോളയാണ് ഫ്രഞ്ച് ലീഡ് ഇരട്ടിയാക്കിയത്. മൈക്കല്‍ ഒലീസയുടെ അസിസ്റ്റില്‍നിന്നായിരുന്നു ബാര്‍ക്കോളയുടെ ഗോള്‍. പിന്നീട് 74ാം മിനുട്ടിലായിരുന്നു എംബാപ്പെയുടെ രണ്ടാം ഗോള്‍ പിറന്നത്. ഒലിസ തന്നെയാണ് ഈ ഗോളിനും വഴിയൊരുക്കിയത്. ഇതോടെ ഈ ലോകകപ്പില്‍ അഞ്ച് അസിസ്റ്റുകളുമായി ഏറ്റവും കൂടുതല്‍ അസിസ്റ്റ് നല്‍കിയവരുടെ പട്ടികയില്‍ ഒന്നാമതെത്താന്‍ ഒലിസക്കായി.
75 മിനുട്ടിന് ശേഷം പരിശീലകന്‍ ദിദിയര്‍ ദെഷാംപ്‌സ് ഫ്രാന്‍സ് മുന്നേറ്റനിരയെ പിന്‍വലിച്ച് പകരക്കാര്‍ക്ക് അവസരം നല്‍കി. തുടര്‍ന്ന് മൂന്ന് ഗോളുകളും പ്രതിരോധിച്ചതോടെ ഫ്രാന്‍സ് അനായാസം പ്രീക്വാര്‍ട്ടര്‍ ടിക്കറ്റെടുത്തു. ഞായറാഴ്ച പുലര്‍ച്ചെ 2.30ന് നടക്കുന്ന പ്രീക്വാര്‍ട്ടറില്‍ പരാഗ്വെയാണ് ഫ്രാന്‍സിന്റെ എതിരാളി.
ഗോള്‍ മെഷിന്‍ എംബാപ്പെ
ഇരട്ട ഗോള്‍ നേട്ടത്തോടെ ലോകകപ്പ് ചരിത്രത്തിലെ ഗോള്‍ വേട്ടക്കാരുടെ പട്ടികയില്‍ 18 ഗോളുമായി ലയണല്‍ മെസിക്ക് തൊട്ടുതാഴെയെത്താനും എംബാപ്പെക്കായി. 16 ഗോളുകളുണ്ടായിരുന്ന ജര്‍മനിയുടെ മിറോസ്ലാവ് ക്ലോസെയെ താരം മറികടന്നു. അതേസമയം ഈ ലോകകപ്പിലെ ഗോള്‍വേട്ടക്കാരില്‍ ആറ് ഗോളുമായി എംബാപ്പെ മെസിക്കൊപ്പമെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."