ബഹിരാകാശ സഞ്ചാരിക്ക് കളിയിലെന്ത് കാര്യം?
ബഹിരാകാശ യാത്രികന്റെ വേഷം ധരിച്ചയാൾക്ക് കളിയില്‍ കാര്യമെന്തെന്ന് ആദ്യം ചിന്തിച്ചുവെങ്കിലും പിന്നീടാണ് കാര്യം മനസിലായത്. റൗണ്ട് ഓഫ് 32ലെ ബ്രസീല്‍-ജപ്പാന്‍ മത്സരം കാണാന്‍ പോയപ്പോള്‍ ഹൂസ്റ്റണ്‍ സ്‌റ്റേഡിയത്തിന് ചുറ്റും ബഹിരാകാശ യാത്രികന്റെ വേഷം ധരിച്ച നിരവധി പേര്‍. മത്സരത്തിനെത്തിയ എല്ലാവരും ബഹിരാകാശ യാത്രികന്റെ ഫോട്ടോ എടുക്കാന്‍ മത്സരിക്കുന്നു. അമേരിക്കന്‍ ബഹിരാകാശ കേന്ദ്രമായ നാസ സ്‌പേസ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത് ഹൂസ്റ്റണ്‍ സ്റ്റേഡിയത്തിന് അടുത്താണ്. മനുഷ്യരെ ചന്ദ്രനിലെത്തിച്ച ദൗത്യങ്ങളുടെ നിയന്ത്രണകേന്ദ്രമായിരുന്ന ഈ കേന്ദ്രവും ഇപ്പോള്‍ ഫുട്‌ബോള്‍ ആസ്വാദകരെ സ്വീകരിക്കുന്ന തിരക്കിലാണ്.
ലോകകപ്പ് മത്സരങ്ങള്‍ക്കായി ഹൂസ്റ്റണിലെത്തുന്ന നിരവധി വിദേശ ആരാധകര്‍ ഫുട്ബോളിനൊപ്പം നഗരത്തിന്റെ ബഹിരാകാശ പൈതൃകവും അനുഭവിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ബഹിരാകാശ വേഷം ധരിച്ച ആരാധകന്റെ സാന്നിധ്യം പലര്‍ക്കും കൗതുകമായി മാറി. ലോകകപ്പിനെ വെറും ഫുട്ബോള്‍ ആഘോഷമായി മാത്രമല്ല, നഗരത്തിന്റെ ശാസ്ത്ര-സാങ്കേതിക പൈതൃകത്തെ ലോകത്തിന് പരിചയപ്പെടുത്താനുള്ള വേദിയായും ഉപയോഗിക്കുകയാണ്. അതുകൊണ്ടുതന്നെ ഈ ലോകകപ്പില്‍ 'ഫുട്ബോളും ബഹിരാകാശവും കൈകോര്‍ക്കുന്ന നഗരം' എന്ന വിശേഷണം ഹൂസ്റ്റണിന് ചേരുന്നതാണ്.
മനുഷ്യരെ ചന്ദ്രനിലെത്തിച്ച അപ്പോളോ 11 മൂണ്‍ ലാന്‍ഡിങ് ദൗത്യത്തിന്റെ നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ ഈ കേന്ദ്രത്തിന് നിര്‍ണായക പങ്കുണ്ടായിരുന്നു. ലോകകപ്പിനായി എത്തുന്ന ആരാധകരില്‍ പലരും നാസ കേന്ദ്രവും സന്ദര്‍ശന പട്ടികയില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. ലോകകപ്പ് മത്സരങ്ങള്‍ കാണാനെത്തുന്നവര്‍ക്കായി നാസ സെന്റര്‍ പ്രത്യേക സന്ദര്‍ശന പാക്കേജും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതല്‍ ആളുകളെ നാസയുടെ കേന്ദ്രത്തിലേക്കെത്തിച്ച് ശാസ്ത്ര അവബോധം നല്‍കുക എന്നതാണ് പ്രധാന ലക്ഷ്യം. ഹൂസ്റ്റണ്‍ സ്റ്റേഡിയത്തിന് അടുത്തായി നാസ സെന്ററിന്റെ താല്‍ക്കാലിക ട്രാവല്‍ കണ്‍സൾട്ടിങ് സെന്ററും തുറന്നിട്ടുണ്ട്. ഹൂസ്റ്റണില്‍ നടക്കുന്ന എല്ലാ മത്സരദിവസവും തലേ ദിവസവും പ്രത്യേക വേഷം ധരിച്ച ആളുകള്‍ കാണികളെ 'ചാക്കിലാക്കാന്‍' എത്താറുണ്ട്. സ്റ്റേഡിയത്തിന് പുറത്തായി പ്രവര്‍ത്തിക്കുന്ന ഫാന്‍ പാര്‍ക്കില്‍ നാസയെ പ്രതിനിധീകരിച്ച് ചെറിയ കൗണ്ടറും പ്രവര്‍ത്തിക്കുന്നു.
ലോകകപ്പ് ഫുട്‌ബോളിന് എത്തുന്ന പരമാവധി ആളുകളെ അമേരിക്കയുടെ പൈതൃകം, ചരിത്രം, ശാസ്ത്ര സാങ്കേതിക എന്നിവ അനുഭവിക്കാന്‍ അതത് സംസ്ഥാന ഭരണ സമിതികള്‍ മത്സരിക്കുന്നുണ്ട്. മനുഷ്യനെ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും അയക്കുന്നതിന്റെ ഗവേഷണം നടക്കുന്നതിന്റെ തിരക്കില്‍ എങ്ങനെ കൂടുതല്‍ ആളുകളെ നാസയിലേക്ക് എത്തിക്കാം എന്ന ഗവേഷണവും ഇപ്പോള്‍ നാസ സെന്ററില്‍ നടക്കുന്നുണ്ടെന്ന് പറഞ്ഞാല്‍ തെറ്റാകില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."