രാമക്ഷേത്ര കാണിക്കക്കൊള്ള; തട്ടിപ്പിന്റെ കടലെന്ന് എസ്.ഐ.ടി; പ്രതിദിനം 8 ലക്ഷം രൂപയോളം കടത്തി
ലഖ്നൗ: അയോധ്യ രാമക്ഷേത്രജീവനക്കാർ പ്രതിദിനം എട്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) കണ്ടെത്തൽ. കാണിക്കക്കൊള്ള പുറത്തായതിന് പിന്നാലെ എസ്.ബി.ഐ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തതിൽനിന്നാണ് എസ്.ഐ.ടി തട്ടിപ്പ് തിരിച്ചറിഞ്ഞത്. തട്ടിപ്പ് പുറത്താകുന്നതിനു മുമ്പ് ശരാശരി 16 മുതൽ 18 ലക്ഷം രൂപ വരെയാണ് കാണിക്കവഞ്ചിയിലെ വരുമാനമായി ബാങ്കിലേക്ക് കൈമാറിയത്. അന്വേഷണം തുടങ്ങിയതിനു പിന്നാലെ ദിവസ വരുമാനം 24 മുതൽ 26 ലക്ഷം വരെ ഉയർന്നു.
ക്ഷേത്രത്തിനു ലഭിച്ച അമൂല്യ വസ്തുക്കൾ കടത്തിയതുമായി ബന്ധപ്പെട്ട് ഇനിയും കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ടെന്നാണ് എസ്.ഐ.ടി നിഗമനം. സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ തെളിവുകൾ ലഭ്യമല്ലാത്തതിനാൽ തട്ടിപ്പിൽ നഷ്ടമായ തുക എത്രയെന്ന് വ്യക്തമാക്കാൻ കഴിയില്ലെന്നാണ് വിവരം. അതിനിടെ ക്ഷേത്രം ട്രസ്റ്റിലെ ഉന്നതരുടെ ഒത്താശയോടെ ചില നിർമാണ പ്രവർത്തനങ്ങളുടെ മറവിലും പണാപഹരണം നടന്നതായി ആരോപണമുയർന്നു. ക്ഷേത്ര സമിതി ഭാരവാഹി ഇക്കാര്യം ഉന്നയിച്ച് പരാതി നൽകിയിരുന്നെങ്കിലും ട്രസ്റ്റ് ഇതു തള്ളുകയായിരുന്നു.
സംഭാവനാ തട്ടിപ്പ് പുറത്തായതിനു പിന്നാലെ നിർമാണ പ്രവൃത്തികളുമായി ബന്ധപ്പെട്ട ക്രമക്കേടുകളും അഴിമതികളും അന്വേഷിക്കണമെന്ന ആവശ്യവുമായി മുൻ ഭാരവാഹികളിൽ ചിലർ എസ്.ഐ.ടിയെ സമീപിച്ചിട്ടുണ്ട്. മോഷണം പോയ സ്വർണം കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തിന് ഇനിയും കഴിഞ്ഞിട്ടില്ല. സ്വർണാഭരണങ്ങൾ ഉരുക്കി രൂപമാറ്റം വരുത്തിയിട്ടുണ്ടാകാമെന്നാണ് എസ്.ഐ.ടി സംശയിക്കുന്നത്. കാണിക്കയായി സമർപ്പിക്കുന്ന സ്വർണം, വെള്ളി, വജ്രം തുടങ്ങി വിലയേറിയ ലോഹങ്ങളുടെ വിവരങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടില്ല. എസ്.ഐ.ടി ഉദ്യോഗസ്ഥർ ക്ഷേത്രത്തിലെത്തി സംഭാവനാ രജിസ്റ്ററും അമൂല്യ വസ്തുക്കളുടെ രേഖകളും ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല.
ക്ഷേത്ര വരുമാനം, സംഭാവന, മറ്റ് കാണിക്കകൾ എന്നിവ സംബന്ധിച്ച് ട്രസ്റ്റ് യോഗത്തിലും കണക്കുകൾ ഹാജരാക്കുകയോ ചർച്ച നടത്തുകയോ ഉണ്ടായിട്ടില്ല. മുൻ ജനറൽ സെക്രട്ടറി നൽകുന്ന ചില കണക്കുകൾ മാത്രമാണ് ട്രസ്റ്റിനു മുമ്പാകെ വരുന്നത്. ക്ഷേത്ര മുതലുകൾ, സംഭാവന എന്നിവയുമായി ബന്ധപ്പെട്ട് കൃത്യമായ കണക്കുകൾ രേഖപ്പെടുത്താത്തതും പരിശോധിക്കാത്തതും വലിയ വീഴ്ചയായാണ് എസ്.ഐ.ടി വിലയിരുത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."