പറങ്കിപ്പടയെ പറപ്പിച്ച് സ്പാനിഷ് അര്‍മാഡ, ക്രിസ്റ്റ്യാനോയ്ക്ക് ഗോളില്ല: രക്ഷകനായി മെറിനോ
ഡല്ലസ്: ഫുട്‌ബോള്‍ ലോകകപ്പിലെ തുല്യശക്തികളുടെ പോരാട്ടത്തില്‍ പോര്‍ച്ചുഗലിനെ വീഴ്ത്തി സ്‌പെയിന്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പാതിയുടെ അധിക സമയത്ത് മിഖേല്‍ മെറിനോയാണ് സ്‌പെയിനിന്റെ വിജയഗോള്‍ നേടിയത്. അതേസമയം തോല്‍വിയോടെ കരിയറില്‍ ലോകകപ്പ് കിരീടം നേടുകയെന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും മോഹങ്ങളും പൊലിഞ്ഞു. പോര്‍ച്ചുഗലിന്റെ ആക്രമണങ്ങള്‍ മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ വന്നുവെങ്കിലും അതൊന്നും ഗോളാക്കാന്‍ മാത്രമുള്ളതായിരുന്നില്ല.
ക്രിസ്റ്റിയാനോയുടെ വിന്റേജ് നീക്കങ്ങളും മത്സരത്തില്‍ കണ്ടെങ്കിലും താരത്തിനും ടീമിന് വേണ്ടി ഗോള്‍ നേടാനായില്ല. താരത്തിന്റെ ഒരുഷോട്ട് ഗോളിലേക്കുള്ളതായിരുന്നെങ്കിലും സ്‌പെയിനിന്റെ പ്രതിരോധത്തില്‍ തട്ടിത്തെറിക്കുകയായിരുന്നു. പോര്‍ച്ചുഗലും സ്‌പെയിനും ഒരുപോലെ ഷൂട്ടൗട്ട് ലക്ഷ്യമിട്ടുള്ള പ്രകടമാണ് പുറത്തെടുത്തത്. ഗോള്‍ വേണ്ടെന്ന മനോഭാവമായിരുന്നു ഇത്. അതുകൊണ്ട് മുന്നേറ്റങ്ങള്‍ക്ക് മൂര്‍ച്ചയില്ലായിരുന്നു.
അതേസമയം സ്‌പെയിനിനും വേണ്ടത്ര ആവേശം മത്സരത്തില്‍ കൊണ്ടുവരാന്‍ സാധിച്ചില്ല. ആദ്യ പകുതി വിരസമാകാന്‍ കാരണവും അത് തന്നെയായിരുന്നു. എന്നാല്‍ പന്തടക്കവും പാസുകളും കൊണ്ട് സ്‌പെയിന്‍ മത്സരത്തില്‍ കൂടുതല്‍ ആധിപത്യം പുലര്‍ത്തി. മത്സരം എക്‌സ്ട്രാടൈമിലേക്ക് നീളുമെന്ന് തോന്നിയ ഘട്ടത്തിലാണ് മിഖേല്‍ മെറിനോയുടെ ഗോള്‍ വരുന്നത്. സ്‌പെയിനിന് അനുകൂലമായി ലഭിച്ച ഫ്രീകിക്കില്‍ നിന്ന് മുന്നോട്ട് ലഭിച്ച പന്തിനായി അതിവേഗം മുന്നോട്ട് കയറിയ മെറിനോ തകര്‍പ്പന്‍ ഫിനിഷ് നടത്തുകയായിരുന്നു. വെറും ആറുമിനുട്ട് മാത്രമാണ് മെറിനോ കളത്തില്‍ ഉണ്ടായിരുന്നത്. അതിനിടയിലാണ് താരം ഗോള്‍ നേടിയത്. ഈ ലോകകപ്പില്‍ പകരക്കാരനായി ഇറങ്ങി ഗോള്‍ നേടുന്ന മറ്റൊരു താരം കൂടിയാണ് ഇതിലൂടെ പിറന്നത്.
അതേസമയം ഗോള്‍ വഴങ്ങിയ ശേഷം പോര്‍ച്ചുഗല്‍ എല്ലാ ആയുധങ്ങളും ഉപയോഗിച്ച് കൗണ്ടര്‍ അറ്റാക്കിങ്ങിന് ശ്രമിച്ചിരുന്നു. എന്നാല്‍ പോര്‍ച്ചുഗലിന് മത്സരത്തില്‍ തിരിച്ചടിക്കാനായില്ല. തോല്‍വിയോടെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ കരിയറിനും അവസാനമായേക്കും. താരം ഇത് തന്റെ അവസാന ലോകകപ്പായിരിക്കും നേരത്തെ പ്രഖ്യാപിച്ചിരുന്നു. 41കാരനായ ക്രിസ്റ്റ്യാനോയ്ക്ക് ടീമിനെ ഫൈനലില്‍ എത്തിക്കാന്‍ സാധിക്കാതെയാണ് മടങ്ങുന്നത്. കഴിഞ്ഞ ദിവസം ബ്രസീല്‍ താരം നെയ്മര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഈ പാത തന്നെ ക്രിസ്റ്റ്യാനോയും തുടരുന്നതോടെ ഫുട്‌ബോള്‍ ലോകത്തെ ഏറ്റവും വലിയ സൂപ്പര്‍ താരങ്ങളിലൊന്നാണ് പടിയിറങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."