ആസൂത്രണ ബോർഡ് നിയമന ക്രമക്കേട്; ഉത്തരം പറയേണ്ടത് പി.എസ്.സി
തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡിലെ വിവാദ ചീഫ് തസ്തിക നിയമനവുമായി ബന്ധപ്പെട്ട പരീക്ഷാ രേഖകൾ ഏഴു ദിവസത്തിനകം പുറത്തുവിടാൻ പി.എസ്.സിക്ക് സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ഉത്തരവ്. നിയമന നടപടികളിലെ സുതാര്യത ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിലാണ് ഉദ്യോഗാർഥികളുടെ ഉത്തരക്കടലാസുകളും അഭിമുഖത്തിൽ അവർക്ക് ലഭിച്ച മാർക്കും ഉൾപ്പെടെ വിവരങ്ങൾ പരസ്യപ്പെടുത്താൻ കമ്മിഷൻ കർശനമായി നിർദേശിച്ചത്.
ചീഫ് ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ പരീക്ഷയുടെ റാങ്ക് പട്ടികയിൽ ഇടംപിടിച്ച പത്തുപേരുടെയും ഉത്തരക്കടലാസിന്റെ പകർപ്പും അഭിമുഖത്തിന്റെ മാർക്ക് വിവരങ്ങളും ഉടൻ അപേക്ഷകർക്ക് നൽകണമെന്നും ഇതു സംബന്ധിച്ച് വിവരാവകാശ കമ്മിഷൻ സെക്രട്ടറിക്ക് റിപ്പോർട്ട് നൽകണമെന്നുമാണ് വിവരാവകാശ കമ്മിഷണർ ഡോ. സോണിച്ചൻ പി. ജോസഫ് ഉത്തരവിട്ടത്. ഉദ്യോഗാർഥികൾ ആവശ്യപ്പെട്ടിട്ടും ഒരു വർഷമായി പി.എസ്.സി മറച്ചുവച്ച രേഖകളാണ് ഇതോടെ പുറത്തുവരുന്നത്. ആസൂത്രണ ബോർഡിലെ ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ, പെർസ്പെക്ടീവ് പ്ലാനിങ്, പ്ലാനിങ് കോഡിനേഷൻ എന്നീ മൂന്ന് വിഭാഗങ്ങളിലെ ചീഫ് തസ്തികകളിലേക്ക് 2022ലാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇരുനൂറിലേറെപ്പേർ എഴുതിയ പരീക്ഷയിൽ മൂന്ന് വിഭാഗങ്ങൾക്കും പൊതുവായുണ്ടായിരുന്ന ആദ്യ പേപ്പറിലെ 9 മുതൽ 18 വരെയുള്ള പത്ത് ചോദ്യങ്ങളുടെ ഉത്തരങ്ങൾ മൂല്യനിർണയം നടത്താതെയാണ് പി.എസ്.സി റാങ്ക് പട്ടിക തയാറാക്കിയതെന്ന് കണ്ടെത്തിയിരുന്നു.
ആകെയുള്ള 28 ചോദ്യങ്ങളിൽ 18 എണ്ണത്തിനു മാത്രമേ പി.എസ്.സി മാർക്ക് നൽകിയുള്ളു. 53 മാർക്കിനുള്ള ബാക്കി പത്ത് ചോദ്യങ്ങൾ മൂല്യനിർണയം നടത്താൻ അധ്യാപകർക്ക് കൈമാറിയില്ല. മുഴുവൻ ഉത്തരങ്ങളും മൂല്യനിർണയം നടത്താതെ ഉയർന്ന തസ്തികയ്ക്ക് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് നിയമനം നൽകി. പിന്നീട് അതേക്കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കാനുള്ള നീക്കവും നടന്നു. പരീക്ഷ എഴുതിയവരുടെ മാർക്ക് എത്രയെന്ന് അറിയിക്കാതെ 2025 മെയ് 31നാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. തുടർന്ന് ഉദ്യോഗാർഥികൾ രേഖകൾക്കായി പി.എസ്.സിയെ സമീപിച്ചെങ്കിലും മറ്റു തസ്തികകളിലെ നിയമന നടപടിക്രമങ്ങൾ പൂർത്തിയായിട്ടില്ലെന്ന കാരണം പറഞ്ഞ് വിവരങ്ങൾ നൽകാതെ ഒളിച്ചുകളിക്കുകയായിരുന്നു.
പി.എസ്.സിയുടെ നിലപാടിനെതിരേ ഉദ്യോഗാർഥികൾ സംസ്ഥാന വിവരാവകാശ കമ്മിഷനെ സമീപിക്കുകയായിരുന്നു. അപ്പീലിലും രേഖകൾ വിട്ടുനൽകാൻ കഴിയില്ലെന്ന ശക്തമായ എതിർപ്പുമായി പി.എസ്.സി രംഗത്തെത്തിയെങ്കിലും കമ്മിഷൻ അംഗീകരിച്ചില്ല. മറ്റ് നിയമനങ്ങൾ പൂർത്തിയായില്ലെന്ന പേരിൽ നിലവിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച തസ്തികയിലെ വിശദാംശങ്ങൾ തടഞ്ഞുവയ്ക്കാൻ കഴിയില്ലെന്ന കർശന നിലപാടാണ് കമ്മിഷൻ സ്വീകരിച്ചത്.
ഒന്നേകാൽ ലക്ഷത്തിലേറെ രൂപ ശമ്പളമുള്ള ഉയർന്ന തസ്തികകളിലേക്ക് പി.എസ്.സി ചെയർമാൻ നേരിട്ടാണ് അഭിമുഖം നടത്തിയത്. തുടർന്ന് ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ, പ്ലാനിങ് കോഡിനേഷൻ വിഭാഗങ്ങളിൽ ഒന്നാം റാങ്ക് നേടിയവർക്ക് 2025 ജൂണിൽ നിയമന ശുപാർശ നൽകുകയും ചെയ്തു. എന്നാൽ തസ്തികകളിൽ നിയമനം നേടിയവർ ഭരണാനുകൂല ഇടതുപക്ഷ സംഘടനാ പ്രവർത്തകരാണെന്നാണ് പ്രധാന ആരോപണം. എഴുത്തുപരീക്ഷയേക്കാൾ കൂടുതൽ മാർക്ക് അഭിമുഖത്തിൽ നൽകി ക്രമക്കേട് നടത്തിയോ എന്നതടക്കമുള്ള സംശയങ്ങൾ ഉദ്യോഗാർഥികൾക്കുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."