ഗ്ലോറിയോസാ എസ്പാന്യ, ഫെറാന്റെ മിന്നലടിയില്‍ അര്‍ജന്റീന വീണു; സുവര്‍ണക്കിരീടം യൂറോപ്പിലേക്ക്
ന്യൂയോര്‍ക്ക്: ലോകചാംപ്യന്മാരുടെ തിളക്കവുമായെത്തിയ അര്‍ജന്റീനയുടെ പരുക്കന്‍ കളിയെ അതിജീവിച്ച് സ്‌പെയിനിന് രണ്ടാം ലോകകപ്പ് കിരീടം. അര്‍ജന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തിയാണ് സ്‌പെയിന്‍ വീണ്ടും ലോക ചാംപ്യന്മാരായത്. 90 മിനുട്ടും, ഇഞ്ചുറി ടൈമും, പിന്നിട്ട് എക്‌സ്ട്രാ ടൈമിലേക്ക് മത്സരം നീണ്ടപ്പോള്‍ ഹൃദയമിടിപ്പ് നിലച്ച സ്പാനിഷ് ആരാധകര്‍ ഒടുവില്‍ ഗ്ലോറിയോസാ എസ്പാന്യ(ഗ്ലോറിയസ് സ്‌പെയിന്‍) പാടിയാണ് സ്റ്റേഡിയം വിട്ടത്. ഫെറാന്‍ ടോറസാണ് സ്‌പെയിനിന്റെ വിജയഗോള്‍ നേടിയത്.
അതേസമയം തുടര്‍ച്ചയായ രണ്ടാം കിരീടം ലക്ഷ്യമിട്ടെത്തിയ അര്‍ജന്റീനയ്ക്ക് കാര്യമായ മുന്നേറ്റങ്ങള്‍ പോലും നടത്താനാവാതെ സമ്പൂര്‍ണമായി പരാജയപ്പെടുന്നതിനും ഫുട്‌ബോള്‍ ലോകം സാക്ഷ്യം വഹിച്ചു. എന്‍സോ ഫെര്‍ണാണ്ടസിന് ചുവപ്പുകാര്‍ഡ് കണ്ടതോടെ പത്തുപേരായി ചുരുങ്ങിയ അര്‍ജന്റീനയ്ക്ക് മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീട്ടിക്കൊണ്ടുപോകാന്‍ സാധിച്ചെങ്കിലും പേരുകേട്ട ടീമിന്റെ ആക്രമണനിരയ്ക്ക് മത്സരത്തില്‍ ഒന്നും ചെയാനായില്ല. സ്‌പെയിനിന്റെ പ്രതിരോധവും മധ്യനിരയും ഒരുപോലെ അര്‍ജന്റീനയെ മികച്ച രീതിയില്‍ പൂട്ടുകയും ചെയ്തു.
സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തിയ ടീമില്‍ മൂന്ന് മാറ്റങ്ങളുമായിട്ടാണ് അര്‍ജന്റീന പരിശീലകന്‍ ലയണല്‍ സ്‌കലോണി ടീമിനെ കളത്തില്‍ ഇറക്കിയത്. മധ്യനിരയില്‍ റോഡ്രിഗോ ഡിപോള്‍ എത്തിയപ്പോള്‍ റൈറ്റ് ബാക്കില്‍ ഗോണ്‍സാലോ മോണ്ടിയെല്ലും, വിങ്ങില്‍ നിക്കോളാസ് ഗോണ്‍സാലസുമെത്തി. പെഡ്രോ പോറോയും ആദ്യ ഇലവനില്‍ ഇടംപിടിച്ചു. അര്‍ജന്റീന മത്സരം ആവേശകരമാക്കുമെന്ന് കരുതിയെങ്കിലും ആദ്യ പകുതിയില്‍ ആധിപത്യം പുലര്‍ത്തിയത് സ്‌പെയിനായിരുന്നു.
അര്‍ജന്റീന ഒരു ഷോട്ട് പോലും ടാര്‍ഗറ്റിലേക്ക് ഉതിര്‍ത്തില്ല. ലയണല്‍ മെസി ഫോമിന്റെ നിഴല്‍ മാത്രമായിരുന്നു. താരത്തിലേക്ക് മത്സരത്തിന്റെ ഇരുപാതികളും കാര്യമായി പന്തുകളുമെത്തിയില്ല. എന്നാല്‍ സ്‌പെയിന്‍ ചെറുപാസുകളിലൂടെ നിരന്തരം മുന്നേറ്റങ്ങളുമായി അര്‍ജന്റീനയുടെ ബോക്‌സിലേക്ക് ഇരച്ചെത്തി. ലാമിന്‍ യമാലിന് ലഭിച്ച രണ്ട് മികച്ച ചാന്‍സുകള്‍ നിര്‍ഭാഗ്യം കൊണ്ടാണ് സ്‌പെയിനിന് ലക്ഷ്യത്തിലെത്തിക്കാനാവാതെ പോയത്. ക്രോസുകളും കൗണ്ടര്‍ അറ്റാക്കിങ്ങുകളും സ്‌പെയിനില്‍ നിന്ന് ആദ്യ പകുതിയില്‍ പിറന്നു. ഡാനി ഓല്‍മോയും, മാര്‍ക് കുക്കുറല്ലയും, അലക്‌സ് ബയേനയും നിരന്തരം അര്‍ജന്റീനയ്ക്ക് ഭീഷണിയുയര്‍ത്തി.
സ്‌പെയിനില്‍ ആരാധകര്‍ പ്രതീക്ഷ ഹൈപ്രസിങ് കൂടി വന്നതോടെ അര്‍ജന്റീന ശരിക്കും പരുങ്ങുന്നതാണ് കണ്ടത്. നിരന്തരം നിലവിലെ ലോകചാംപ്യന്‍മാര്‍ക്ക് പാസിങ്ങില്‍ ഇതോടെ വീഴ്ച്ച വരാനും തുടങ്ങി. എന്നാല്‍ ഇരുടീമുകള്‍ക്കും ഗോള്‍ നേടാനാവാത്തത് ആദ്യ പകുതിയിലെ ഏറ്റവും വലിയ പോരായ്മയായിരുന്നു. സ്‌പെയിനിന് തിരിച്ചടിയായത് ഫിനിഷിങ് പോരായ്മയാണ്. അതേസമയം അര്‍ജന്റീനയ്ക്ക് ടാര്‍ഗറ്റിലേക്ക് ഒരു ഷോട്ട് പോലും തൊടുക്കാനുമായില്ല. സൂപ്പര്‍ താരം ലയണല്‍ മെസിക്ക് കാര്യമായ നീക്കങ്ങളും അതോടൊപ്പം തന്നെ നടത്താനായില്ല.
അതേസമയം രണ്ടാം പകുതിയിലും അര്‍ജന്റീന പരുക്കന്‍ കളിയാണ് പുറത്തെടുത്തത്. പരേഡസ് അടക്കം നിരന്തരം സ്‌പെയിന്‍ താരങ്ങളെ ഫൗള്‍ ചെയ്തതിന് മഞ്ഞക്കാര്‍ഡ് ലഭിച്ചു. താരത്തിന് ഭാഗ്യം കൊണ്ടാണ് ചുവപ്പുകാര്‍ഡ് ലഭിക്കാതിരുന്നത്. ഇഞ്ചുറി ടൈമില്‍ എന്‍സോ ഫെര്‍ണാണ്ടസ് രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തുപോയതോടെ അര്‍ജന്റീന ശരിക്കും പ്രതിരോധത്തിലായി. കുബാര്‍സിയെ ഗുരുതരമായി ഫൗള്‍ ചെയ്തതിനാണ് താരത്തിന് ചുവപ്പുകാര്‍ഡ് ലഭിച്ചത്. ടൂര്‍ണമെന്റില്‍ ഒരു അര്‍ജന്റീന താരത്തിന് ഇത്തവണ ലഭിക്കുന്ന ആദ്യത്തെ ചുവപ്പുകാര്‍ഡാണിത്. അതേസമയം നിക്കോ വില്യംസിന്റെ വരവ് സ്‌പെയിന്‍ നിരയില്‍ കൂടുതല്‍ ആത്മവിശ്വാസവുമുണ്ടാക്കി. താരത്തിന്റെ പല ഷോട്ടുകളും ഭാഗ്യം കൊണ്ടാണ് ഗോളാവാതെ പോയത്.
അതേസമയം ഇഞ്ചുറി ടൈമിലും ഇരുടീമുകളും ഗോള്‍ നേടുന്നതില്‍ പരാജയപ്പെട്ടതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടു. നിക്കോ വില്യംസ് എക്‌സ്ട്രാ ടൈമില്‍ സ്‌പെയിനിനായി വലകുലുക്കിയെങ്കിലും ഫൗള്‍ കാരണം റഫറി ഈ ഗോള്‍ അനുവദിച്ചില്ല. എന്നാല്‍ തീര്‍ത്തും വിവാദപരമായ തീരുമാനം കൂടിയായിരുന്നു ഇത്. അധികം വൈകാതെ തന്നെ മിന്നല്‍ ഷോട്ടിലൂടെ ഫെറാന്‍ ടോറസ് അര്‍ജന്റീനയുടെ വലകുലുക്കി. ഇതോടെ സ്‌പെയിന്‍ വിജയം ഉറപ്പിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."