പരീക്ഷാ ക്രമക്കേട്; ക്രൈംബ്രാഞ്ച് പി.എസ്.സി ആസ്ഥാനത്ത് വീണ്ടും പരിശോധന നടത്തും
തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേട് പരാതിയിൽ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം ഇന്ന് പി.എസ്.സി ആസ്ഥാനത്ത് വീണ്ടും പരിശോധന നടത്തും. ആസൂത്രണ ബോർഡ് പരീക്ഷയുടെ ഓൺസ്‌ക്രീൻ മാർക്കിങ് രീതി നേരിട്ട് കാണുന്നതിനായാണ് സംഘം എത്തുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് പി.എസ്.സിക്ക് അന്വേഷണ സംഘം കത്ത് നൽകിയിരുന്നു.
നേരത്തെ പരീക്ഷ, അഭിമുഖം എന്നിവ സംബന്ധിച്ച വിവരങ്ങൾ സൂക്ഷിച്ച കംപ്യൂട്ടറുകളിൽ അന്വേഷണ സംഘത്തിന്റെ നിർദേശപ്രകാരം സൈബർ പൊലിസ് പരിശോധന നടത്തിയിരുന്നു. അന്വേഷണ സംഘത്തിന് മുമ്പാകെ പരീക്ഷാ നടത്തിപ്പിന്റെ വിവിധ വശങ്ങൾ പി.എസ്.സി അധികൃതർ വിശദീകരിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഓൺസ്‌ക്രീൻ മാർക്കിങ് രീതിയും അന്വേഷണ സംഘം പരിശോധിക്കുന്നത്. ആസൂത്രണ ബോർഡിലെ മൂന്ന് തസ്തികകളിലേക്ക് 100 മാർക്കിനായിരുന്നു പൊതുപരീക്ഷ നടന്നത്. ഇതിൽ 58 മാർക്ക് ഒഴിവാക്കി 42 മാർക്കിന് മാത്രം മൂല്യനിർണയം നടത്തി ഇടതു സംഘടനാ നേതാക്കൾക്ക് ഒന്നാം റാങ്കും നിയമനവും നൽകി എന്നാണ് പരാതി. അതിനാൽ, മൂല്യനിർണയം എങ്ങനെ നടന്നുവെന്നത് കണ്ടെത്തേണ്ടതുണ്ട്.
ആസൂത്രണ ബോർഡിലെ മൂന്ന് തസ്തികകളിലേക്ക് പരീക്ഷയെഴുതിയ നാലുപേരുടെ മൊഴിയും തെളിവുകളും ശേഖരിച്ച ശേഷമാണ് അന്വേഷണ സംഘം പി.എസ്.സിയോട് രേഖകൾ ആവശ്യപ്പെട്ടത്. ക്രമക്കേട് പുറത്തുവന്ന സംസ്ഥാന ആസൂത്രണ ബോർഡിലെ ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ വിഭാഗം ചീഫ് തസ്തികയിലെ പരീക്ഷയുടെ മാർക്ക് വിവരങ്ങൾ ഉദ്യോഗാർഥിക്ക് നൽകണമെന്ന വിവരാവകാശ കമ്മിഷൻ ഉത്തരവ് തള്ളിയ പി.എസ്.സി ക്രൈംബ്രാഞ്ച് സംഘം രേഖാമൂലം ആവശ്യപ്പെട്ടപ്പോൾ രേഖകൾ കൈമാറിയിരുന്നു. ചോദ്യപേപ്പർ, ഉദ്യോഗാർഥികളുടെ പട്ടിക, അഭിമുഖത്തിന് വിളിച്ചവർ, ഓൺസ്‌ക്രീൻ മാർക്കിങ്ങിന്റെ വിശദാംശങ്ങൾ തുടങ്ങിയ രേഖകളാണ് കൈമാറിയത്. വിവാദങ്ങൾക്കിടെ ഇന്ന് വീണ്ടും പി.എസ്.സി യോഗം ചേരുന്നുണ്ട്.
The Crime Branch will conduct a fresh inspection at the Kerala Public Service Commission (PSC) headquarters to investigate ongoing allegations and irregularities regarding exam malpractice.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."