കെ.എസ്.യു - മുഖ്യമന്ത്രി തർക്കം സമവായത്തിലേക്ക്; കൂടിക്കാഴ്ച നാളെ നടന്നേക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ച കെ.എസ്.യു - മുഖ്യമന്ത്രി തർക്കം സമവായത്തിലേക്ക് നീങ്ങുന്നതായി സൂചന. മുഖ്യമന്ത്രി വി.ഡി സതീശനും കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറും തമ്മിലുള്ള കൂടിക്കാഴ്ച നാളെ നടന്നേക്കുമെന്നാണ് വിവരം. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ഓഫീസ് അലോഷ്യസ് സേവ്യറുമായി ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ട്.
മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ച് തരണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് നേരത്തെ കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ഔദ്യോഗിക ഫോൺ കോൾ എത്തിയത്. കെ.എസ്.യു അധ്യക്ഷനുമായി ചർച്ച നടത്തണമെന്ന് കെ.പി.സി.സി പ്രസിഡന്റും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
ഗവൺമെന്റ് പ്ലീഡർമാരായി നിയമിച്ചവരിൽ ഒരാൾക്ക് എസ്.എഫ്.ഐ പശ്ചാത്തലവും മറ്റൊരാൾക്ക് എബിവിപി പശ്ചാത്തലവുമുണ്ടെന്ന് ആരോപിച്ച് കെ.എസ്.യു രംഗത്തെത്തിയതോടെയാണ് വിവാദങ്ങളുടെ തുടക്കം. എന്നാൽ, പ്ലീഡർ നിയമനത്തിൽ കെ.എസ്.യുവിന് എന്താണ് കാര്യമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പരസ്യമായി ചോദ്യം ചെയ്തതോടെയാണ് തർക്കം മുറുകിയത്.
ഇതിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് പരസ്യ വിമർശനവുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് തേവര കോളേജിൽ നടന്ന ഒരു ചടങ്ങിൽ വെച്ച് അലോഷ്യസ് സേവ്യറിന് മുഖ്യമന്ത്രി മുഖം കൊടുക്കാതിരുന്നതും വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിമാറി.
മുഖ്യമന്ത്രിയെയും കെ.എസ്.യു പ്രസിഡന്റിനെയും പിന്തുണച്ച് ഇരുപക്ഷത്തെയും പ്രമുഖ നേതാക്കൾ കൂടി രംഗത്തെത്തിയതോടെ വിഷയം കൂടുതൽ വഷളാകുകയായിരുന്നു. ഈ സാഹചര്യത്തിലാണ് രാഷ്ട്രീയ വലിഞ്ഞുമുറുക്കലുകൾക്ക് അയവ് വരുത്തിക്കൊണ്ട് നാളെ കൂടിക്കാഴ്ചയ്ക്ക് സാധ്യത കാണുന്നത്
The long-standing dispute between the Kerala Students Union (KSU) and the Chief Minister is moving toward a resolution. A high-level meeting is expected to take place tomorrow to discuss the issues and find a mutual consensus.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."