പരീക്ഷാ ക്രമക്കേടിൽ കേന്ദ്രത്തിനെതിരെ പ്രതിഷേധം കടുക്കുന്നു: സി.ജെ.പി. ഇന്ന് പാർലമെന്റിലേക്ക് മാർച്ച് നടത്തും; ജന്തർമന്തറിൽ കനത്ത സുരക്ഷ
ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകളുടെ ഉത്തരവാദിത്തമേറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെക്കണമെന്നാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) ഇന്ന് പാർലമെന്റിലേക്ക് മാർച്ച് നടത്തും. പാർലമെന്റ് സമ്മേളനം ഇന്ന് ആരംഭിക്കുന്ന പശ്ചാത്തലത്തിൽ സുരക്ഷ മുൻനിർത്തി ഡൽഹി പൊലിസ് മാർച്ചിന് അനുമതി നിഷേധിച്ചിട്ടുണ്ട്. നിലവിൽ സമരം നടക്കുന്ന ജന്തർമന്തറിൽ വെച്ചുതന്നെ പ്രവർത്തകരെ തടയാനാണ് പൊലിസിന്റെ നീക്കം.
മാർച്ച് ആഹ്വാനത്തെ തുടർന്ന് പാർലമെന്റ്, ജന്തർമന്തർ പരിസരങ്ങളിൽ സർക്കാർ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇന്ന് രാവിലെ 11-ന് പാർലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് മാർച്ച് നടത്താനാണ് സി.ജെ.പി.യുടെ തീരുമാനം. ഐസ, എസ്.എഫ്.ഐ., എ.ഐ.വൈ.എഫ്. തുടങ്ങിയ വിദ്യാർഥി-യുവജന സംഘടനകളും പ്രതിഷേധത്തിന് പിന്തുണയുമായി രംഗത്തുണ്ട്.
ജൂൺ 20-നാണ് സി.ജെ.പി. ജന്തർമന്തറിൽ സമരം ആരംഭിച്ചത്. തുടർന്ന് ജൂൺ 28-ന് കാലാവസ്ഥാ പ്രവർത്തകൻ സോനം വാങ്ചുക്കും, തൊട്ടടുത്ത പന്തലിൽ ഐസ നേതാക്കളും നിരാഹാര സമരം തുടങ്ങി. ശനിയാഴ്ച ആരോഗ്യനില മോശമായതിനെ തുടർന്ന് വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഐസ പ്രവർത്തകർ സമരം തുടരുകയാണ്. വാങ്ചുക്കിനെ മാറ്റിയതോടെ സി.ജെ.പി. സ്ഥാപകൻ അഭിജീത് ദീപ്‌കെയും ശനിയാഴ്ച മുതൽ നിരാഹാരം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, ജന്തർമന്തറിൽ നിരാഹാരസമരം നടത്തുന്നതിനിടെ സോനം വാങ്ചുക്കിനെ സഫ്ദർജങ് ആശുപത്രിയിലേക്ക് മാറ്റിയ പൊലിസ് നടപടിയിൽ ഇടപെടാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചു. നിരാഹാര സമരം നടത്തുന്നയാളെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റുന്നത് സ്വേച്ഛാപരമായ നടപടിയായി കാണാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
വാങ്ചുക്കിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഭാര്യ ഗീതാഞ്ജലി ജെ. ആങ്‌മോ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് മിനി പുഷ്‌കർണയുടെ ഉത്തരവ്. ഞായറാഴ്ച അവധി ദിനമായിരുന്നിട്ടും വിഷയം അടിയന്തരമായി പരിഗണിച്ച കോടതി, കേസ് കൂടുതൽ വാദത്തിനായി 24-ലേക്ക് മാറ്റി. സംഭവത്തിൽ കേന്ദ്ര സർക്കാർ മൂന്നു ദിവസത്തിനകം മറുപടി നൽകണം.
സ്വയം ആശുപത്രിയിൽ ചികിത്സ തേടാൻ വാങ്ചുക്ക് തയ്യാറാകാതിരുന്ന സാഹചര്യത്തിൽ ഇടപെടാൻ സർക്കാരിന് അവകാശമുണ്ട്.സഫ്ദർജങ് ആശുപത്രിയിലെ ഡോക്ടർമാർ അദ്ദേഹത്തിന്റെ സമ്മതത്തോടെ മാത്രമാണ് ഉപ്പില്ലാത്ത ഒ.ആർ.എസും പൊട്ടാസ്യം ക്ലോറൈഡ് ഗുളികകളും നൽകുന്നത്. അതിനാൽ ബലപ്രയോഗമോ വ്യക്തിസ്വാതന്ത്ര്യ ലംഘനമോ ഉണ്ടായിട്ടില്ല എന്നും കോടതി നിരീക്ഷിച്ചു.
ഹരജിക്കാരിക്കായി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഹാജരായി. വാങ്ചുക്ക് തടങ്കലിൽ അല്ലെന്നും ഇഷ്ടമുള്ളിടത്ത് ചികിത്സ തേടാൻ അവകാശമുണ്ടെന്നും അദ്ദേഹം വാദിച്ചു. വാങ്ചുക്കിന് ബലമായി ചികിത്സ നൽകുന്നത് ഒഴിവാക്കണമെന്ന സിബലിന്റെ ആവശ്യത്തെ തുടർന്ന്, വാങ്ചുക്കിന്റെ ആരോഗ്യനില സംബന്ധിച്ച് ഡോക്ടർമാരുടെ സംഘം അന്തിമ തീരുമാനമെടുക്കുമെന്ന് കോടതി വ്യക്തമാക്കി. വാങ്ചുക്ക് കിടക്കുന്ന മുറിയിൽ പൊലിസ് കാവലില്ലെന്ന് കേന്ദ്രവും കോടതിയെ അറിയിച്ചു.
Protests against the Central Government are escalating over alleged irregularities in national competitive examinations. As part of the agitation, the CJP is conducting a protest march to the Parliament today. In anticipation of the demonstration and to maintain law and order, security arrangements have been significantly beefed up at Jantar Mantar and surrounding areas in New Delhi.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."