മൃഗസംരക്ഷണത്തിനും സ്‌പെഷൽ പ്ലീഡർ; ചുമതല നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കി
കൊല്ലം: ഹൈക്കോടതിയിലെ 24 സ്‌പെഷൽ ഗവ. പ്ലീഡർമാരുടെ ചുമതല നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കി. കേസില്ലാ വകുപ്പായ മൃഗസംരക്ഷണത്തിനും ക്ഷീര വികസനത്തിനും പ്ലീഡർമാരെ നിശ്ചയിച്ചിട്ടുണ്ട്. മുൻ സർക്കാരുകളൊന്നും ഈ വകുപ്പിന് മാത്രമായി സ്‌പെഷൽ പ്ലീഡറെ നിയമിച്ചിരുന്നില്ല. ഇത് തിരുത്തിയാണ് മുൻ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഗവ. പ്ലീഡറായിരുന്ന പി.പി പദ്മാലയന് ചുമതല നൽകി ഉത്തരവിറക്കിയയത്. ഇതോടെ ഈ വകുപ്പിന് ഹൈക്കോടതിയിൽ മുഴുവൻസമയ മുതിർന്ന അഭിഭാഷകനെ ലഭിച്ചു.
വകുപ്പ് മന്ത്രി ബിന്ദുകൃഷ്ണയുടെ പ്രത്യേക താൽപര്യത്തെ തുടർന്നാണ് ചുമതല നൽകിയതെന്നാണ് സൂചന. അതേസമയം, ഈ രണ്ടു വകുപ്പുകളിലും കേസുകളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നുവെന്നും അതിനാലാണ് പ്ലീഡറുടെ സേവനം ആവശ്യപ്പെട്ടതെന്നുമാണ് വിശദീകരണം.
കൃഷി, ആരോഗ്യം, കായികം, ഉന്നത വിദ്യാഭ്യാസം എന്നീ സുപ്രധാന വകുപ്പുകൾക്ക് മുൻ സർക്കാരിന്റെ പാത തന്നെ പുതിയ സർക്കാരും പിന്തുടർന്നു. ഈ വകുപ്പുകൾക്ക് ഹൈക്കോടതിയിൽ സ്‌പെഷൽ ഗവൺമെന്റ് പ്ലീഡർമാർ വേണ്ടെന്നാണ് നിലപാട്. ഉന്നത വിദ്യാഭ്യാസം, ആരോഗ്യം, കൃഷി എന്നീ വകുപ്പുകളിൽ മുഴുവൻസമയ ഗവൺമെന്റ് പ്ലീഡർമാരുടെ സേവനം ആവശ്യമായിരിക്കെയാണ് ചുമതല ആർക്കും നൽകാതിരുന്നത്.
തൊഴിൽ, ദേവസ്വം എന്നീ വകുപ്പുകളിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ധനവകുപ്പ് തള്ളിയ സ്‌പെഷൽ ഗവൺമെന്റ് പ്ലീഡർ നിയമനം ഈ സർക്കാർ നടപ്പാക്കി. തൊഴിൽ, ദേവസ്വം എന്നീ വകുപ്പുകൾക്ക് ഇത്തവണ സ്‌പെഷൽ ഗവൺമെന്റ് പ്ലീഡർമാരുടെ സേവനം ലഭ്യമാകും. റവന്യൂ, പട്ടികജാതി, പട്ടികവർഗ വകുപ്പുകളിൽ രണ്ടുവീതം സ്‌പെഷൽ ഗവൺമെന്റ് പ്ലീഡർമാർക്കാണ് ചുമതല നൽകിയിട്ടുള്ളത്.
സ്‌പെഷൽ ഗവ. പ്ലീഡർമാർ, ചുമതല
പി.പി പദ്മാലയൻ - മൃഗസംരക്ഷണം, ക്ഷീരവികസനം
അരുൺ ചന്ദ്രൻ - സഹകരണം
എം.കെ അബൂബക്കർ - തദ്ദേശ സ്വയംഭരണം
കെ. സുനിത വിനോദ് - ഭൂമി ഏറ്റെടുക്കൽ
ഷെറി ജെ. തോമസ്, പി.കെ സോയൂസ് - റവന്യൂ
സി.ആർ ശ്യാംകുമാർ - വനം
കെ.ആർ സുനിൽ - ദേവസ്വം
ബിജു സി. അബ്രഹാം - തൊഴിൽ
പി.കെ സജീവൻ - വിജിലൻസ്
ശ്രീലത പരമേശ്വരൻ - സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമം
ഷൈസൺ പി. മങ്ങുഴ - ജലസേചനം
ടി.കെ ദേവരാജൻ - ക്രിമിനൽ
എ. രഞ്ജിത് - ആർബിട്രേഷൻ, സിവിൽ ലോ
ഡി.പി രേണു - മോട്ടോർ വാഹനം
ടി.ടി മുഹമൂദ് - പൊതുവിദ്യാഭ്യാസം
എസ്. സുധീഷ് കുമാർ - നികുതി
രാജേശ്വരി, പി.കെ ശാന്തമ്മ - എസ്.സി, എസ്.ടി
ആർ. രമ, രശ്മി ജി. നായർ - എ.ജിയുടെ ഓഫിസ്
പി.എം സനീർ, രാജു സെബാസ്റ്റ്യൻ - എ.എ.ജിയുടെ ഓഫിസ്
സി. റഷീദ് - ഡി.ജി.പിയുടെ ഓഫിസ്
The Kerala government has appointed a Special Pleader to handle legal cases related to the Animal Husbandry Department in the High Court. A formal government order has been issued outlining the specific duties and legal responsibilities assigned to the position.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."