സ്വത്ത് തട്ടിയെടുക്കാന്‍ വ്യാജ പോക്‌സോ കേസ്: സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്
മൂവാറ്റുപുഴ: സ്വത്ത് തട്ടിയെടുക്കാന്‍ ഒത്താശ ചെയ്യുകയും ദമ്പതികളെ വ്യാജ പോക്‌സോ കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്ന പരാതിയില്‍ പൊലിസ് ഉദ്യോഗസ്ഥനെതിരെ വിജിലന്‍സ് കോടതി പ്രാഥമികാന്വേഷണത്തിന് ഉത്തരവിട്ടു. കോട്ടയം ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടറായ മാത്യു ജോര്‍ജിനെതിരെ അന്വേഷണം നടത്താനാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി നിര്‍ദേശിച്ചത്. ഇടുക്കി മുട്ടം സ്വദേശികളായ രമ്യ ജെ. കളപ്പുര, ഭര്‍ത്താവ് ടിജോ ഫിലിപ്പ് എന്നിവര്‍ നല്‍കിയ ഹരജിയിലാണ് ഈ നടപടി.
പരാതിക്കാരുടെ ബന്ധുക്കളടക്കമുള്ള മറ്റ് എതിര്‍കക്ഷികള്‍ക്ക് സ്വത്ത് കൈക്കലാക്കാന്‍ വേണ്ടി ഇന്‍സ്‌പെക്ടര്‍ വഴിവിട്ട് സഹായിച്ചെന്നാണ് പ്രധാന ആരോപണം. ഇതിന്റെ ഭാഗമായി തന്നെയും ഭര്‍ത്താവിനെയും പോക്‌സോ കേസില്‍ പെടുത്താന്‍ ശ്രമിച്ചെന്നും മൂന്നര ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നും പരാതിയില്‍ പറയുന്നു. കൂടാതെ, ഭര്‍ത്താവിനെ സ്റ്റേഷനില്‍ തടഞ്ഞുവയ്ക്കുകയും വാഹനം അനധികൃതമായി കസ്റ്റഡിയിലെടുക്കുകയും ചെയ്തതായും ആരോപിക്കുന്നുണ്ട്. ഇന്‍സ്‌പെക്ടറുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ റെക്കോര്‍ഡിങും ഇവര്‍ കോടതിയില്‍ തെളിവായി സമര്‍പ്പിച്ചു.
പൊലിസ് ഉദ്യോഗസ്ഥര്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് കൈക്കൂലി ആവശ്യപ്പെട്ടു എന്ന ആരോപണം വളരെ ഗൗരവമുള്ളതാണെന്ന് കോടതി വ്യക്തമാക്കി. ഈ നടപടികള്‍ ഉദ്യോഗസ്ഥന്റെ ഔദ്യോഗിക ചുമതലയുടെ ഭാഗമല്ലാത്തതിനാല്‍ അന്വേഷണത്തിന് മുന്‍കൂര്‍ സര്‍ക്കാര്‍ അനുമതിയുടെ ആവശ്യമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. മൂന്ന് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് ഇടുക്കി വിജിലന്‍സ് യൂണിറ്റിന് കോടതി നല്‍കിയിരിക്കുന്ന നിര്‍ദേശം.
A vigilance court has ordered a preliminary inquiry against a police circle inspector for allegedly attempting to frame a couple in a fake POCSO case to help their relatives usurp their property.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."