ഖത്തറില്‍നിന്ന് അമേരിക്കയിലേക്ക്; ലോകകപ്പ് മാറിയ വഴികള്‍
അമേരിക്കയില്‍ ലോകകപ്പിന് എത്തിയത് മുതല്‍ പലരും ചോദിക്കുന്ന ചോദ്യമായിരുന്നു ഖത്തര്‍ ലോകകപ്പും അമേരിക്കന്‍ ലോകകപ്പും എന്താണ് മാറ്റമെന്ന്. ഖത്തറിലെ വൈബ് അമേരിക്കയിലുണ്ടോ, മത്സരം കാണാന്‍ ആളുകള്‍ ഉണ്ടോ എന്ന് തുടങ്ങിയ കാര്യങ്ങള്‍. എന്നാല്‍രണ്ട് ലോകകപ്പും വന്‍ വിജയമായിരുന്നു എന്ന് പറയാനാകും. ലോകകപ്പ് എവിടെ ആയിരുന്നാലും ആളുകള്‍ കുറവില്ലാതെ മത്സരം കാണാന്‍ വരും.
2022ല്‍ ഖത്തറില്‍ നടന്ന ലോകകപ്പ് ഫുട്‌ബോള്‍ ഒരു രാജ്യത്തിന്റെ സമഗ്രമായ തയാറെടുപ്പിന്റെ മാതൃകയായിരുന്നു. ലോകകപ്പിനായി ഖത്തര്‍ പുതിയ സ്റ്റേഡിയങ്ങള്‍ പണിതു. റോഡുകളും അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിച്ചു. വിസ നടപടികള്‍ താരതമ്യേന എളുപ്പവും യാത്രാച്ചെലവ് നിയന്ത്രിക്കാവുന്നതുമായിരുന്നതിനാല്‍ നിരവധി മലയാളികളും ഖത്തര്‍ ലോകകപ്പിന് സാക്ഷികളായി.
ലോകകപ്പിന് ശേഷം ഖത്തറില്‍ ഫുട്‌ബോള്‍ ആവേശം അവസാനിച്ചില്ല. അണ്ടര്‍17 ലോകകപ്പ്, അറബ് കപ്പ് തുടങ്ങി നിരവധി അന്താരാഷ്ട്ര ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് രാജ്യം വേദിയായി. ലോകകപ്പിനായി ഒരുക്കിയ അടിസ്ഥാന സൗകര്യങ്ങള്‍ പിന്നീട് തുടര്‍ച്ചയായ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കായി ഉപയോഗിക്കപ്പെടുകയും ചെയ്തു.
എന്നാല്‍ 2026ലെ ലോകകപ്പ് തികച്ചും വ്യത്യസ്തമായ അനുഭവമായിരുന്നു. ഒരൊറ്റ രാജ്യത്ത് കേന്ദ്രീകരിച്ചല്ല, മൂന്ന് രാജ്യങ്ങളിലായാണ് ലോകകപ്പ് നടന്നത്. ഖത്തര്‍ ലോകകപ്പില്‍ നിന്ന് വ്യത്യസ്തമായി, ലോകകപ്പിനായി അമേരിക്ക രാജ്യത്ത് നേരത്തേ തന്നെ നിലവിലുണ്ടായിരുന്ന വലിയ സ്റ്റേഡിയങ്ങളാണ് മത്സരങ്ങള്‍ക്ക് ഉപയോഗിച്ചത്. പുതിയ സ്റ്റേഡിയങ്ങള്‍ പണിയുന്നതിനേക്കാള്‍ നിലവിലുള്ള സൗകര്യങ്ങളെ ലോകകപ്പിനായി ഉപയോഗപ്പെടുത്തുകയായിരുന്നു അമേരിക്കയുടെ രീതി.
എന്നാല്‍ അമേരിക്കന്‍ ലോകകപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ ബഹുസ്വര സ്വഭാവമായിരുന്നു. കുടിയേറ്റ സമൂഹങ്ങളുടെ രാജ്യമായ അമേരിക്കയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ താമസിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഓരോ രാജ്യത്തിന്റെയും ആരാധകര്‍ വലിയ തോതില്‍ സ്റ്റേഡിയങ്ങളിലെത്തി.
കാബോ വെര്‍ദെയുടെ ഉദാഹരണം ഇതിന് ഏറ്റവും മികച്ച തെളിവാണ്. കാബോ വെര്‍ദെ കളിക്കാനിറങ്ങിയപ്പോള്‍ സ്വന്തം രാജ്യത്തേക്കാള്‍ വലിയൊരു ആരാധക സമൂഹം അമേരിക്കയില്‍ ടീമിന് പിന്തുണ നല്‍കാനുണ്ടായിരുന്നു.
ലോകകപ്പ് അമേരിക്കന്‍ ഫുട്‌ബോളിനും പുതിയ വാതിലുകള്‍ തുറന്നുവെന്നാണ് വിലയിരുത്തല്‍. ഇതുവരെ അമേരിക്കന്‍ കായികരംഗത്ത് ബേസ്‌ബോള്‍, അമേരിക്കന്‍ ഫുട്‌ബോള്‍, ബാസ്‌ക്കറ്റ്‌ബോള്‍ തുടങ്ങിയ കായിക ഇനങ്ങള്‍ക്കായിരുന്നു വലിയ സ്വാധീനം. എന്നാല്‍ ലോകകപ്പ് മത്സരങ്ങള്‍ നടന്നതോടെ 'സോക്കര്‍' എന്നറിയപ്പെടുന്ന ഫുട്‌ബോളിന് അമേരിക്കന്‍ ജനതയ്ക്കിടയില്‍ കൂടുതല്‍ ശ്രദ്ധ ലഭിച്ചു.
ഖത്തറില്‍ നിന്ന് അമേരിക്കയിലേക്കും, അവിടെ നിന്ന് കൂടുതല്‍ രാജ്യങ്ങളിലേക്കും ലോകകപ്പ് സഞ്ചരിക്കുകയാണ്. ലോകകപ്പ് ഇനി ഒരു രാജ്യത്തിന്റെ മാത്രം ആഘോഷമല്ല; ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മനുഷ്യരെ ഒരുമിപ്പിക്കുന്ന, അതിര്‍ത്തികള്‍ കടന്നുപോകുന്ന ഒരു ആഗോള ഫുട്‌ബോള്‍ ഉത്സവമായി മാറിക്കൊണ്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."