കടന്തറപ്പുഴയില്‍ അരിച്ചുപെറുക്കിയുള്ള തിരച്ചില്‍; വിഷ്ണുവിനെ കണ്ടെത്താനായില്ല
കുറ്റ്യാടി: പശുക്കടവ് കടന്തറപ്പുഴയില്‍ ജീവന്‍ പൊലിഞ്ഞ ആറു യുവാക്കളില്‍ അവശേഷിച്ച രണ്ടുപേര്‍ക്കായി നാട്ടുകാരും ദുരന്തനിവാരണ സേനയും ഫയര്‍ഫോഴ്‌സും അരിച്ചുപെറുക്കിയുള്ള തിരച്ചിലാണ് ഇന്നലെ മുഴുവന്‍ നടത്തിയത്. അപകടസ്ഥലത്തു നിന്ന് ഒന്നരകിലോ മീറ്ററോളം താഴെ സെന്റര്‍ മുക്കിന് സമീപത്തായാണ് രണ്ടു പേരില്‍ ഒരാളായ വിപിന്‍ ദാസിന്റെ മൃതദേഹം കണ്ടെത്തിയത്. അപകടം നടന്ന സ്ഥലത്തെ കയം മുതല്‍ ജനാകിക്കാടിനടുത്തുള്ള കരിമ്പനക്കയം വരെയുള്ള പതിനഞ്ചു കിലോമീറ്റര്‍ ദൂരം തിരച്ചില്‍ സംഘം അരിച്ചുപെറുക്കി. വൈകിട്ടു വരെ നടത്തിയ തിരച്ചിലിലും കാണാതായ വിഷ്ണുവിനെ കണ്ടെത്താനായില്ല. ഇതിനിടയില്‍ പുഴയിലെ ജലനിരപ്പ് അല്‍പ്പം ഉയര്‍ന്നത് പരിഭ്രാന്തി പരത്തി.
ദുരന്തനിവാരണ സേനയിലെ മുങ്ങല്‍ വിദഗ്ധര്‍ ജാനകിക്കാടിനടുത്തുള്ള കരിമ്പനക്കയത്തില്‍ മുങ്ങിതപ്പി. വഴുവഴുപ്പും കുത്തനെയുള്ള പാറക്കൂട്ടങ്ങളും നിറഞ്ഞ പുഴയില്‍ തിരച്ചില്‍ ഏറെ പ്രയാസകരമാണ്. എന്നാല്‍ പരിചയസമ്പന്നരായ നാട്ടുകാരുടെ സഹായത്തോടെയാണ് സര്‍ക്കാര്‍ ഏജന്‍സികള്‍ തിരച്ചിലില്‍ ഏര്‍പ്പെടുന്നത്. ഇ.കെ വിജയന്‍ എം.എല്‍.എ, അസി. കലക്ടര്‍ ഇമ്പശേഖര്‍, ഡെപ്യൂട്ടി കലക്ടര്‍ നീനാ സെബാസ്റ്റ്യന്‍, പൊലിസ് ഉദ്യോഗസ്ഥര്‍ തിരച്ചിലിനു നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."