സ്റ്റാന്‍ഡില്‍ കയറാത്തതു ചോദ്യം ചെയ്ത യാത്രക്കാരനെ ബസില്‍ നിന്നും തള്ളിയിട്ടതായി പരാതി
നീലേശ്വരം: സ്റ്റാന്‍ഡില്‍ കയറാത്തതു ചോദ്യം ചെയ്ത യാത്രക്കാരനെ ഓടുന്ന ബസില്‍ നിന്നും തള്ളിയിട്ടതായി പരാതി. പരുക്കേറ്റ നീലേശ്വരം താലൂക്ക് ആശുപത്രി ജീവനക്കാരന്‍ പടിഞ്ഞാറ്റംകൊഴുവലിലെ കരിപ്പോത്ത് രഞ്ജിത്തിനെ (40) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം. കാഞ്ഞങ്ങാടു നിന്നും കണ്ണൂരിലേക്കു പോവുകയായിരുന്ന ബസിലായിരുന്നു രഞ്ജിത്തുണ്ടായിരുന്നത്. പടന്നക്കാടെത്തിയപ്പോള്‍ ബസ് നീലേശ്വരം ബസ്സ്റ്റാന്‍ഡില്‍ കയറില്ലെന്നു കണ്ടക്ടര്‍ അറിയിച്ചു. തുടര്‍ന്ന് സ്റ്റാന്‍ഡില്‍ പോകണമെന്നു നിര്‍ബന്ധം പിടിച്ച രഞ്ജിത്തിനെ മാര്‍ക്കറ്റില്‍ വച്ച് തള്ളിയിടുകയായിരുന്നു. ഇയാളുടെ കാലിനു പരുക്കുണ്ട്. നീലേശ്വരം പൊലിസില്‍ പരാതി നല്‍കി.
കാസര്‍കോടു നിന്നും കോഴിക്കോടേക്കു പോവുകയായിരുന്ന സ്വകാര്യ ബസിലെ ക്ലീനര്‍ യാത്രക്കാരനെ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. കലക്ടറേറ്റിലെ ജില്ലാ എംപ്ലോയ്‌മെന്റ് അറ്റന്‍ഡര്‍ ടി.വി സുധാകരനാണു ഇതു സംബന്ധിച്ചു ആര്‍.ടി.ഒയ്ക്കു പരാതി നല്‍കിയത്. ചെര്‍ക്കളയില്‍ നിന്നു ടിക്കറ്റ് എടുക്കുമ്പോള്‍ തന്നെ കണ്ടക്ടര്‍ ബസ് സ്റ്റാന്‍ഡില്‍ കയറില്ലെന്നു കണ്ടക്ടര്‍ അറിയിച്ചു. എന്നാല്‍ കയറണമെന്നു സുധാകരനും നിര്‍ബന്ധം പിടിച്ചു. നീലേശ്വരത്തെത്തിയപ്പോള്‍ ഇറങ്ങുന്ന മറ്റു യാത്രക്കാരുടെ കൂടി നിര്‍ബന്ധത്തില്‍ സ്റ്റാന്‍ഡില്‍ കയറി. തുടര്‍ന്നു സുധാകരന്‍ ഇറങ്ങുമ്പോഴാണ് ക്ലീനര്‍ ഭീഷണിപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."