വെടിപ്പാക്കാന്‍ തുറുമുഖവകുപ്പ് പിയര്‍ റോഡ് ഭൂമി വാടകയ്ക്കു നല്‍കി മോട്ടോര്‍വാഹന അവശിഷ്ടങ്ങള്‍ നീക്കം ചെയ്യും
തലശ്ശേരി: തലശ്ശേരി കടല്‍പാലത്തിലേക്കായി ബ്രിട്ടീഷുകാര്‍ പണിത പിയര്‍ റോഡിന് ഇരുവശവും തള്ളിയ പഴയ മോട്ടോര്‍ വാഹനങ്ങളുടെ പൊളിച്ചുമാറ്റിയ ഭാഗങ്ങള്‍ നീക്കം ചെയ്യാന്‍ വഴിയൊരുങ്ങുന്നു. കടല്‍പ്പാലത്തിലേക്കു കടക്കുന്ന ഭാഗവും പോര്‍ട്ട് ഓഫിസിന്റെ പരിസരം വരെ നീളുന്നതുമാണു പൊളിച്ചുനീക്കിയ വാഹനങ്ങളുടെ കൂമ്പാരം. ഇവ നീക്കം ചെയ്യാന്‍ തുറുമുഖവകുപ്പ് അധികൃതര്‍ പൊലിസിനോടും നഗരസഭയോടും പല തവണ അഭ്യര്‍ഥിച്ചെങ്കിലും നടപ്പായില്ല. ഇതോടെയാണ് സ്വന്തം നിലയ്ക്കു കാര്യങ്ങള്‍ ചെയ്യാന്‍ തുറുമുഖ വകുപ്പ് അധികൃതര്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി ഈ പ്രദേശത്തെ ഭൂമി സ്വകാര്യവ്യക്തികള്‍ക്ക് ഒരുവര്‍ഷത്തേക്കു വാടകയ്ക്കുകൊടുക്കും.
ഇതിനായി ഇവിടെ കൂട്ടിയിട്ട മോട്ടോര്‍ വാഹന അവശിഷ്ടങ്ങള്‍ സ്വന്തം ചെലവില്‍ അവിടെ നിന്ന് എടുത്തു മാറ്റി താല്‍ക്കാലിക ഷെഡുകള്‍ സ്ഥാപിച്ചു ചെറുകച്ചവടത്തിനായി നല്‍കും.
ഒരു മീറ്റര്‍ നീളവും ഒരു മീറ്റര്‍ വീതിയുമുള്ള ഒരു യൂനിറ്റ് ഭൂമിക്ക് പ്രതിമാസം 90 രൂപയാണ് പോര്‍ട്ട് അധികൃതര്‍ക്കു വാടക നിശ്ചയിച്ചിരിക്കുന്നത്.
ഒരുവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ സ്ഥലം കൈവശം വയ്ക്കുന്നതിനുള്ള ലൈസന്‍സ് പോര്‍ട്ട് ഓഫിസില്‍ നിന്നു കൈവശക്കാര്‍ പുതുക്കണം. ഇപ്പോള്‍ അനുവദിച്ച ഭൂമിയുടെ വാടകയായി പ്രതിമാസം മുപ്പതിനായിരം രൂപവരെ തുറമുഖ വകുപ്പിനു ലഭിക്കും.
ഇപ്പോള്‍ സാമൂഹ്യവിരുദ്ധരുടെകേന്ദ്രമാണ് ഈ സ്ഥലം. നഗരത്തിലെ മാലിന്യങ്ങളും ഇവിടെ തള്ളുന്നുണ്ട്. പുതിയ സംവിധാനം വരുന്നതോടെ വൈകുന്നേരങ്ങളില്‍ കടപ്പുറത്തെത്തുന്നവര്‍ക്കു ചായ, ശീതള പാനീയങ്ങള്‍ എന്നിവ ഇവിടെ നിന്നു വില്‍ക്കപ്പെടും. തലശ്ശേരി നഗരത്തിലെ ഇരുണ്ടമൂലയെന്ന ദുഷ്‌പേരുമാറി കൂടുതല്‍ വിനോദസഞ്ചാരികള്‍ ഇവിടേക്ക് ആകര്‍ഷിക്കപ്പെടുമെന്നാണ് തുറുമുഖവകുപ്പ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."