നിയമനം വൈകുന്നു; ആദിവാസി ഉദ്യോഗാര്‍ഥികള്‍ പ്രക്ഷോഭത്തിന്
കല്‍പ്പറ്റ: ദേശീയ തൊഴിലുറപ്പ് പദ്ധതിയിലേക്ക് ബെയര്‍ ഫൂട്ട് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ നിയമനം വൈകുന്നതില്‍ പ്രതിഷേധിച്ച് പ്രക്ഷോഭം ആരംഭിക്കുന്നു. മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഓവര്‍സിയര്‍മാരെ സഹായിക്കുന്നതിന് വേണ്ടിയാണ് ബെയര്‍ഫൂട്ട് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് ആദിവാസികളായ യുവതി യുവാക്കളെ തിരഞ്ഞെടുത്ത് പരിശീലനം നല്‍കിയത്. ജില്ലയില്‍ നിന്നും 32 യുവതീ യുവാക്കളെയാണ് തിരഞ്ഞെടുത്തത്. ഇതിനായി മൂന്നു മാസം നീണ്ടു നില്‍ക്കുന്ന പരിശീനവും നല്‍കി. പരിശീലനം പൂര്‍ത്തിയാക്കിയ ഇവര്‍ക്ക് ഡല്‍ഹിയില്‍ വച്ചാണ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത്. 2014ല്‍ തിരഞ്ഞെടുത്തെങ്കിലും 2015 ഡിസംബറിലാണ് പരിശീലനം നല്‍കിയത്.
2016 ഏപ്രില്‍ ഒന്നുമുതല്‍ അതാത് പഞ്ചായത്തുകളില്‍ നിയമിക്കുമെന്ന ഉറപ്പിലാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. എന്നാല്‍ പരിശീലനം പൂര്‍ത്തിയാക്കി ആറുമാസം പിന്നിട്ടിട്ടും നിയമനം നടത്തിയിട്ടില്ല. ഇതില്‍ പ്രതിഷേധിച്ച് 29 മുതല്‍ കലക്ടറേറ്റിന് മുന്നില്‍ അനിശ്ചിത കാല സത്യാഗ്രഹ സമരം ആരംഭിക്കാനാണ് ഇവരുടെ തീരുമാനം. നേരത്തെയുണ്ടായിരുന്ന താല്‍കാലിക ജോലി പോലും ഉപേക്ഷിച്ചാണ് പലരും പരിശീലനത്തിനായി പോയതെന്ന് ഉദ്യോഗാര്‍ത്ഥികളിലൊരാളായ കെ.ബി സുബിത പറഞ്ഞു. നിയമനം നടത്തണമെന്നഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രിക്കും ജില്ലാ കലക്ടര്‍ക്കുമുള്‍പ്പടെ പരാതി നല്‍കിയിട്ടും ഫലമില്ലാത്തതിനാലാണ് ബെയര്‍ഫൂട്ട് ടെക്‌നീഷ്യന്‍സ് സമരസമിതിയുടെ ആഭിമുഖ്യത്തില്‍ പ്രക്ഷോഭം ആരംഭിക്കുന്നത്.
ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ വിദ്യാസമ്പന്നരായവര്‍ക്ക് തൊഴില്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെ മുന്‍ കലക്ടര്‍ കേശവേന്ദ്രകുമാര്‍ ഉള്‍പ്പടെ മുന്‍ കൈയെടുത്താണ് തിരഞ്ഞെടുപ്പ് നടത്തിയത്. ജാര്‍ഖണ്ഢ്, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ബെയര്‍ഫൂട്ട് തസ്തികയില്‍ നിയമനം നടത്തിയിട്ടുണ്ട്. ഈ മാതൃക സ്വീകരിച്ചാണ് ജില്ലയിലും തിരഞ്ഞെടുപ്പ് നടത്തിയത്. 800 രൂപ ദിവസവേതനം അടിസ്ഥാനമാക്കിയുള്ള നിയമനമാണ് പരിശീലന കാലത്ത് ഉറപ്പ് നല്‍കിയത്. നിയമനം നടത്തുക, വിദഗ്ദതൊഴിലാളികള്‍ക്ക് നല്‍കുന്ന വേതനം നല്‍കുക, കഴിഞ്ഞ ഒമ്പതു മാസമായി തൊഴില്‍ നല്‍കാത്തതിന് നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം ആരംഭിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."