കലാകാരന്മാര്‍ക്കൊരു മാതൃക
പ്രശസ്തചിത്രകാരന്‍ യൂസഫ് അറയ്ക്കല്‍ കേരളീയ ചിത്രകാരന്മാര്‍ക്കു മാതൃകയാക്കാവുന്ന ധാരാളം മൂല്യങ്ങള്‍ അവശേഷിപ്പിച്ച കലാകാരനാണ്. എല്ലാതരം അഭിപ്രായ വ്യത്യാസങ്ങള്‍ക്കിടയില്‍നിന്നും സ്വന്തമായ നിലപാടു വ്യക്തമാക്കുകയും ആ നിലപാടു സ്ഥാപിക്കാന്‍വേണ്ടി കഠിനപ്രയത്‌നം ചെയ്യുകയും ചെയ്ത വ്യക്തിയാണദ്ദേഹം.
യൂസഫ് ഏതു കാലത്തും വര്‍ക്ക്‌ഹോളിക്കായിരുന്നു. കര്‍മരംഗത്താല്‍ ഉത്തേജിതനായ ആളായിരുന്നു. ചിത്രകല ലഹരിയാക്കി മാറ്റിയ കലാകാരനായിരുന്നു. എം.എഫ് ഹുസൈനും മറ്റും സമാനമായ സമീപനമായിരുന്നു അദ്ദേഹത്തിന്റേത്. തന്റെ തൊഴില്‍ ആവേശഭരിതമാക്കി അതില്‍ വ്യാപൃതനായി അതു സമൂഹമധ്യത്തിലെത്തിക്കാന്‍ അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിച്ചു. സമൂഹത്തിന്റെ താഴേത്തട്ടില്‍നിന്നു ദുഃഖങ്ങളെ വകഞ്ഞുമാറ്റി ഉയര്‍ന്നുവന്ന കലാകാരനാണ് അദ്ദേഹം.
പലകാലങ്ങളിലായി അദ്ദേഹത്തിന്റെ പല ചിത്രകലാപരമ്പരകളും സമൂഹശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. പ്രസിദ്ധീകരിച്ച പരമ്പരകളില്‍ തെരുവോരങ്ങളാണ് ഏറ്റവും ശ്രദ്ധേയം. എഴുപതുകളുടെ അവസാനംമുതല്‍ അദ്ദേഹവുമായി ഏകദേശം നാല്‍പ്പതു വര്‍ഷത്തെ പരിചയമുണ്ട്. കഴിഞ്ഞ രണ്ടുവര്‍ഷം മാത്രമാണു ബന്ധപ്പെടാതിരുന്നത്. രോഗശയ്യയില്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ സാധിച്ചിട്ടില്ല.
എല്ലാ കലാകാരന്മാര്‍ക്കും തുല്യപരിഗണന നല്‍കിയ വ്യക്തിയാണ് അദ്ദേഹം. തന്നെപ്പോലെത്തന്നെയാണ് എല്ലാവരുമെന്ന് യൂസഫ് കണക്കാക്കിയിരുന്നു. ഓരോ കുശലം ചോദിക്കലിലും കലയോടും ചിത്രത്തോടുമുള്ള അദ്ദേഹത്തിന്റെ സ്‌നേഹം തുളുമ്പി നിന്നിരുന്നു. വാക്കുകളെ ചിത്രങ്ങളാക്കി മാറ്റാന്‍ സാധിച്ച കലാകാരനായിരുന്നു യൂസഫ്. അദ്ദേഹത്തിന്റെ ഓരോ വാക്കും ചിത്രത്തോടു സാമ്യമുള്ളതായിരുന്നു. കലയോടുള്ള അര്‍പ്പണബോധം എന്നും തെളിഞ്ഞു കാണുമായിരുന്നു.
ചിത്രങ്ങള്‍ വരച്ചാണ് യൂസഫിന്റെ കലാജീവിതത്തിന്റെ ഒരോദിവസവും ആരംഭിക്കുന്നത്. കലയോടുള്ള അര്‍പ്പണമനോഭാവമുണ്ടായിരുന്ന യൂസഫ് സമൂഹത്തില്‍നിന്ന് ഉള്‍വലിഞ്ഞുനില്‍ക്കുന്ന പ്രകൃതക്കാരനായിരുന്നില്ല. ആധുനികസംവിധാനം ഉപയോഗിച്ചു തന്റെ ചിത്രങ്ങളെ പരിചയപ്പെടുത്താന്‍ അദ്ദേഹം താല്‍പ്പര്യം കാണിച്ചിരുന്നു. കോഴിക്കോട്ടെത്തുന്ന സമയത്ത് എന്നെ കാണാതെ യൂസഫ് തിരിച്ചുപോവാറില്ല.
കോഴിക്കോട്ടുവന്ന ഒരവസരത്തില്‍ സഹകരണാശുപത്രിയില്‍ ചികിത്സയിലായിരുന്ന എന്നെ കാണാന്‍ യൂസഫ് വന്നിരുന്നു. ആശുപത്രിക്കിടക്കയിലും തന്റെ ചിത്രത്തിന്റെ ഗുണങ്ങളെ കുറിച്ചാണ് അദ്ദേഹം സംസാരിച്ചു കൊണ്ടിരുന്നത്. ഞങ്ങള്‍ കാണാത്ത ചിത്രങ്ങളെ പരിചയപ്പെടുത്തിത്തരുന്ന സമയത്തു സ്വയംപൊക്കുന്ന മനുഷ്യനാണോയെന്ന് ആദ്യകാലങ്ങളില്‍ തോന്നിയിട്ടുണ്ട്. എന്നാല്‍, തീര്‍ത്തും പ്രചോദനപരമായിരുന്നു അദ്ദേഹത്തിന്റെ ഓരോ വിവരണങ്ങളുമെന്നു പിന്നീട് ഞങ്ങള്‍ മനസിലാക്കി.
കലയെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുന്നതില്‍ അദ്ദേഹം ആത്മാര്‍ഥമായി ശ്രദ്ധപുലര്‍ത്തി. ജീവിച്ചിരിക്കുന്ന മറ്റു കലാകാരന്‍മാരില്‍നിന്നു വ്യത്യസ്തമായ ഒരു നിലപാടായിരുന്നു യൂസഫ് സ്വീകരിച്ചത്. തന്നെക്കുറിച്ച് എഴുതിയവരെ വിളിച്ചു കുശലം പറയുന്ന സമ്പ്രദായം അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ തറവാടിത്തം കലയോടുള്ള സങ്കീര്‍ണതയിലൂടെ നമുക്കു വായിച്ചെടുക്കാന്‍ സാധിക്കും. സങ്കീര്‍ണതകളില്ലാത്ത തറവാടിത്തമാണു കലാജീവിതത്തില്‍ അദ്ദേഹം പുലര്‍ത്തിയത്.
മറ്റു കലാകാരന്മാര്‍ക്കിടയില്‍ അസൂയാവഹമായ രീതിയില്‍ പ്രവര്‍ത്തിച്ച വ്യക്തിയാണു യൂസഫ്. കലയില്‍ ആസൂത്രിതവും കേന്ദ്രീകൃതവുമായ രീതി യൂസഫ് സ്വീകരിച്ചിരുന്നു. കലാകാരനെന്ന നിലയില്‍ കലയിലുള്ള നന്മയോടും വ്യക്തിപരമായ നന്മയോടും നീതി പുലര്‍ത്തിയ വ്യക്തിയാണു യൂസഫ്. കലയിലും ജീവിതത്തിലും തുല്യരീതിയില്‍ മാന്യമായ ഒരവബോധം ഉണ്ടാക്കിയെടുക്കുകയും അതു മറ്റുള്ളവര്‍ക്കു പകര്‍ന്നു നല്‍കുകയും ചെയ്തിട്ടുണ്ട്.
കലയുടെ നാടായ കോഴിക്കോട്ട് അദ്ദേഹത്തിനുവേണ്ടി ചിത്രപ്രദര്‍ശനം നടത്തി സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണു ഞാനടക്കമുള്ള കലാകാരന്മാര്‍. സര്‍ഗശക്തിയുള്ളവനും കലാജീവിതത്തില്‍ പരാജയം നുണയാത്തവനുമായിരുന്നു യൂസഫ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."