മത്സ്യവില്പനക്കാരെ ഒഴിപ്പിക്കുന്നതിനിടെ സംഘര്‍ഷം; അഞ്ചു പേര് അറസ്റ്റില്‍
താനൂര്‍: താനൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് അനധികൃതമായി മത്സ്യവില്പന നടത്തിയിരുന്നവരെ ഒഴിപ്പിക്കുന്നതിനിടെ അധികൃതരും വില്പനക്കാരും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളും. ഒഴിപ്പിക്കാനെത്തിയ താനൂര്‍ മുനിസിപ്പല്‍ സെക്രട്ടറി ജോമോന് മാത്യുവിനെ തടഞ്ഞതിനും ജോലിയില്‍ തടസം സൃഷ്ടിച്ചതിനും അഞ്ചു പേരെ പൊലിസ് അറസ്റ്റ് ചെയ്തു.
ബസ് സ്റ്റാന്‍ഡില്‍നിന്നു റെയില്‍വേ സ്റ്റേഷനിലേക്കു പോകുന്ന റോഡരികിലും ബസ് സ്റ്റാന്‍ഡിന്റെ ഒരു വശത്തുമാണ് ഇവര്‍ കച്ചവടം ചെയ്തിരുന്നത്. ഇവിടെ കച്ചവടം ചെയ്യുന്നതിനെതിരേയുള്ള ഹൈക്കോടതി ഉത്തരവിന്റെ പകര്പ്പുകാണിച്ചു നഗരസഭാധികൃതര്‍ കച്ചവടക്കാര്‍ക്കു മുന്നറിയിപ്പു നല്‍കിയിരുന്നു. ഇത് അവഗണിച്ചായിരുന്നു കച്ചവടം.
നിശ്ചിത ദിവസത്തിനുള്ളില്‍ കച്ചവടം നിര്‍ത്തിവയ്ക്കണമെന്ന നിര്‍ദേശം പാലിക്കാത്തതിനെ തുടര്‍ന്നാണ് ഒഴിപ്പിക്കുന്നതടക്കമുള്ള നടപടികള്‍ക്കു നഗരസഭയും ആരോഗ്യവകുപ്പും പൊലിസും തയാറായത്. സംഭവത്തില്‍ വെള്ളിക്കാട്ടില് സലീം (45), ഇല്ലത്ത് പറമ്പില്‍ ശിഹാബ്(33), ചീമ്പാളന്റെ പുരക്കല്‍ അന്‍വര്‍ (31), കളത്തില്‍ ഷൗകത്ത് (30), കല്ലിങ്ങല്‍ അക്ബര്‍ (31) എന്നിവരാണ് അറസ്റ്റിലായത്. നടപടികള്‍ക്കു ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷിലജ, വിനോദ്, താനൂര്‍ സി.ഐ അലവി, എസ്.ഐ സുമേഷ് സുധാകര്‍, മുനസിപ്പല്‍ സെക്രട്ടറി ജോമോന് മാത്യു, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സി.കെ സുബൈദ, കൗണ്‍സിലര്‍മാരായ കെ. സലാം, അഷ്റഫ്, റിയാസ് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."