മാലിന്യസംസ്കരണം ക്യാംപയിന് ഊര്‍ജിതമാക്കാന്‍ നഗരസഭ
മലപ്പുറം: നഗരസഭയില്‍ മാലിന്യസംസ്കരണ ക്യാംപയില്‍ ഊര്‍ജിതമാക്കാന്‍ കൗണ്‍സില്‍ തീരുമാനം. നവംബര്‍ ഒന്നിന് നഗരസഭ തലങ്ങളില്‍ അജൈവ മാലിന്യശേഖരണ ക്യാംപയിന് സംഘടിപ്പിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. വാര്‍ഡ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ ജനകീയ കൂട്ടായ്മയോടെ ക്യാംപയിന് സജീവമാക്കാനാണ് തീരുമാനം.
നഗരസഭയുടെ നിലവിലെ സ്ഥിതി അനുസരിച്ച് വിവിധ വാര്‍ഡുകളില്‍ മികച്ചരീതിയില്‍ മാലിന്യ ശേഖരണവും സംസ്കരണവും നടക്കുന്നുണ്ട്. ശേഖരിക്കുന്ന മാലിന്യങ്ങള്‍ കാരാത്തോട് മാലിന്യ സംസ്കരണ പ്ലാന്റിലേക്ക് കൊണ്ട് വരുന്നത് ഒഴിവാക്കണമെന്ന ആവശ്യവും കൗണ്‍സിലില്‍ ഉയര്‍ന്നു. പരിധിയില്‍ കവിഞ്ഞ മാലിന്യമാണ് നിലവില്‍ സംസ്കരണ പ്ലാന്റിലെത്തുന്നത്. ഈ സാഹചര്യം കണക്കിലെടുത്ത് മാലിന്യങ്ങള്‍ കരാര്‍ അടിസ്ഥാനത്തില്‍ കൊണ്ടു പോകാന്‍ ക്ലീന്‍ കേരള അടക്കമുള്ള സ്ഥാപനങ്ങളോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.
വീടുകളില്‍ തന്നെ സംസ്കരിക്കാവുന്ന വസ്തുക്കള്‍ മാലിന്യ ശേഖരത്തില്‍ എത്തിക്കുന്നത് കര്‍ശനമായി തടയാന്‍ മെമ്പര്‍മാര്‍ മുന്നിട്ടിറങ്ങണമെന്ന് യോഗം ആവശ്യപ്പെട്ടു. അജൈവ മാലിന്യങ്ങള്‍ ഒഴികെയുള്ളവ വീടുകളില്‍ തന്നെ സംസ്കരിക്കാന്‍ നിര്‍ദേശം നല്‍കണമെന്നും ഇക്കാര്യത്തില്‍ ജനങ്ങളെ ബോധവത്കരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ പെരുമ്പള്ളി സൈത് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."