പോഷകാഹാര സപ്ലിമെന്റുകള്‍ അപകടകാരികളായേക്കും
താങ്കള്‍ നിരന്തരം പോഷകാഹാര സപ്ലിമെന്റുകള്‍ കഴിക്കുന്ന ആളാണോ? എങ്കില്‍ നിങ്ങള്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്കാണ് പോകുന്നത്. ചികിത്സകളുടെ ഭാഗമായി ഇത്തരത്തില്‍ പോഷകാഹാര സപ്ലിമെന്റുകള്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറുണ്ട്. എന്നാല്‍ ഇതില്‍ നിന്നും വിഭിന്നമായി അയണില്ലെന്നു പറഞ്ഞ് അയണ്‍ ഗുളികകളും ടോണിക്കുകളും പ്രതിരോധശക്തി കൂട്ടാനാണെന്നു പറഞ്ഞ് വിറ്റാമിന്‍ സി ഗുളികകളും ടോണിക്കുകളും കഴിക്കുകയും കുട്ടികള്‍ക്ക് കൊടുക്കുകയും ചെയ്യുന്നവര്‍ സമൂഹത്തില്‍ വര്‍ധിച്ചുവരികയാണ്. അവര്‍ ചെയ്യുന്നത് ഫലത്തില്‍ ഒരു രോഗസമ്പൂര്‍ണ സമൂഹത്തെ വാര്‍ത്തെടുക്കുകയാണ്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ അറിവുകള്‍ ഇല്ലാതെ പോഷകാഹാര സപ്ലിമെന്റുകള്‍ ഉപയോഗിക്കരുതെന്ന് വിദഗ്ധര്‍ ഉപദേശിക്കുന്നു.
പോഷകം ലഭിക്കുന്നത്
ഒരാളുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ അയാള്‍ കഴിക്കുന്ന ഭക്ഷണത്തിലൂടെയാണ് ലഭിക്കേണ്ടത്. അത് ലഭിക്കുന്നുമുണ്ടാകും. ഇല്ലെങ്കില്‍ അതിനനുസൃതമായി ഭക്ഷണം ക്രമീകരിക്കണമെന്നാണ് ഡയറ്റീഷ്യന്‍മാര്‍ നിര്‍ദേശിക്കുന്നത്. എന്നാല്‍ അതിനുപകരം ഇന്ന് കണ്ടുവരുന്നത് ഒമേഗ 3 എന്ന പോഷകമില്ലെന്നു പറഞ്ഞ് അതിന്റെ സപ്ലിമെന്റുകളും ശരിയായ വ്യായാമമുറകള്‍ക്കുശേഷം പോലും പ്രോട്ടീന്‍ സ്പ്ലിമെന്റുകളും കടയില്‍ നിന്നും വാരി വിഴുങ്ങുന്നതാണ്.
എന്നാല്‍ ഈ പോഷകങ്ങള്‍ വാഗ്ദാനം ചെയ്യുന്നതുപോലെ നിങ്ങള്‍ക്ക് പോഷകം ലഭ്യമാക്കുന്നില്ലെന്ന് ഓര്‍ക്കണം. കാരണം അത് ഇത്തരത്തില്‍ വെറുതെ പോഷകം കൂട്ടാനുള്ളതല്ല. ആരോഗ്യ ചികിത്സാ രംഗത്ത് ഉപയോഗിക്കാനാണ്. ആരോഗ്യമുള്ളയാള്‍ക്ക് പോഷകാഹാര സപ്ലിമെന്റുകള്‍ ആവശ്യമില്ലെന്നു മാത്രമല്ല അത് രോഗകാരണവുമായേക്കും.
പോഷകാഹാര സപ്ലിമെന്റുകള്‍
എന്തുകൊണ്ട് ആവശ്യമാകുന്നു?
പോഷകങ്ങള്‍ നമ്മുടെ ശരീരത്തിന് അത്യന്താപേക്ഷിതങ്ങളാണ്. എന്നാല്‍ നാം കഴിക്കുന്ന ഭക്ഷണങ്ങളില്‍ ആവശ്യാനുസരണം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ടാവണമെന്നില്ല. അങ്ങനെവരുമ്പോള്‍ പോഷകക്കുറവ് ഉണ്ടാവുകയും അത് പരിഹരിക്കാന്‍ പോഷകാഹാര സപ്ലിമെന്റുകള്‍ നിശ്ചയിക്കപ്പെടുകയും ചെയ്യുന്നു. ഉത്പാദനം കൂട്ടാനുള്ള കൃഷി രീതികളില്‍ പലതും ഇന്ന് മണ്ണിന്റെ പോഷകശേഷിയെ നശിപ്പിക്കുന്നു. അതുപോലെ ഇടതടവില്ലാതെയുള്ള കൃഷി ലാഭേഛമൂലമാകുമ്പോള്‍ ഫലത്തില്‍ മണ്ണിന്റെ പോഷക ശേഷിയെ ജീര്‍ണാവസ്ഥയിലാക്കുന്നു.
ഇങ്ങനെ കൃഷി ചെയ്‌തെടുക്കുന്ന ഉത്പന്നങ്ങള്‍ കാഴ്ചയില്‍ മനോഹരങ്ങളാണെങ്കിലും പോഷക സമ്പുഷ്ടമാകുന്നില്ല. ഇത് ഒരു പരിധിവരെ നമ്മുടെ പോഷക ലഭ്യതയ്ക്ക് മങ്ങലേല്‍പിക്കുന്നു. ഇതുമൂലമാണ് പലപ്പോഴും ഭക്ഷണക്രമീകരണത്തിനുപകരം പോഷകാഹാര സപ്ലിമെന്റിലേക്ക് തിരിയാന്‍ ചികിത്സകരെ പ്രേരിപ്പിക്കുന്നത്.
ഇന്ന് 90 ശതമാനം പേരിലും ക്രോമിയത്തിന്റെ അംശം കുറവുള്ളതായി ഗവേഷകര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. അതുപോലെ മനക്ലേശവും ആയാസജീവിതവും പോഷകാഗിരണം ദുര്‍ബലമാക്കുകയും ചെയ്യുന്നു. ഇതുമൂലം പലപ്പോഴും പോഷകാഹാര സപ്ലിമെന്റുകള്‍ നിര്‍ദേശിക്കപ്പെടാറുണ്ട്.
ജീവിതശൈലീ രോഗങ്ങളും പോഷകങ്ങളും
പോഷകാഹാര സപ്ലിമെന്റുകള്‍ ഉണ്ടെങ്കില്‍ ജീവതശൈലീ രോഗങ്ങളില്‍ നിന്നും ഒരു പരിധിവരെ രക്ഷപ്പെടാമെന്നാണ് ചിലരെങ്കിലും കരുതുന്നത്. വാസ്തവത്തില്‍ ഇതിന് യാതൊരു അടിസ്ഥാനവുമില്ലെന്ന് വിദഗ്ധര്‍ പറയുന്നു.
പ്രമേഹം, ഹൃദയസംബദ്ധമായ അസുഖങ്ങള്‍ എന്നിവയ്ക്ക് ചികിത്സിക്കാനുള്ളതല്ല പോഷകാഹാര സപ്ലിമെന്റുകള്‍. ഒരാളുടെ ശരീരത്തില്‍ പോഷകാഹാര കുറവുണ്ടെങ്കില്‍ അത് നികത്തുക മാത്രമാണ് പോഷകാഹാര സപ്ലിമെന്റുകള്‍ ചെയ്യുന്നത്. എന്നാല്‍ കടയില്‍ നിന്നും പോഷകാഹാര സപ്ലിമെന്റുകള്‍ വാങ്ങുന്നതിനു പകരം നിങ്ങള്‍ക്ക് ഭക്ഷണക്രമത്തില്‍ കാതലായ മാറ്റം വരുത്തി ആ കുറവ് നികത്താവുന്നതേയുള്ളൂ. എന്നാല്‍ ലാഭേഛയോടെ പ്രവര്‍ത്തിക്കുന്നവര്‍ ഒരുപക്ഷേ നിങ്ങള്‍ക്ക് ആ വിദ്യ പറഞ്ഞുതന്നേക്കില്ല. ഇവിടെയാണ് നിങ്ങള്‍ പോഷകാഹാര സപ്ലിമെന്റ് ഗുളികകളെയും ക്യാപ്‌സ്യൂളുകളെയും ആശ്രയിക്കേണ്ടിവരുന്നത്.
ഇന്ന് പലരിലും കണ്ടുവരുന്നത് വിറ്റാമിന്‍ ഡി യുടെ കുറവാണ്. ഈ പോഷകത്തിന്റെ കുറവ് നികത്താന്‍ നേരേ മെഡിക്കല്‍ ഷോപ്പിലേക്ക് വച്ചുപിടിക്കും. ഡോക്ടറുടെ പിന്തുണയും ചിലപ്പോള്‍ ലഭിച്ചേക്കും. പിന്നെ വിറ്റാമിന്‍ ഡി പോഷകാഹാര സപ്ലിമെന്റ് കഴിക്കുകയായി. എന്നാല്‍ ഭക്ഷണകാര്യത്തില്‍ വരുത്തുന്ന ചെറിയ മാറ്റത്തിലൂടെ ഈ പോഷകത്തിന്റെ കുറവ് നികത്താമെന്ന കാര്യം അതിനുമുമ്പ് ഓര്‍ക്കാറില്ല. അഥവാ അതിനുശ്രമിക്കാറില്ല എന്നതാണ് വാസ്തവം.
ആവശ്യത്തിനു പഴവും പച്ചക്കറികളും ഭക്ഷണശീലമാക്കിയാല്‍ത്തന്നെ പോഷകാഹാരക്കുറവ് ഫലപ്രദമായി പരിഹരിക്കാവുന്നതേയുള്ളൂ.
ആഹാരത്തിനു
പകരമാവില്ല പോഷകങ്ങള്‍
ആഹാരം കഴിച്ചില്ലെങ്കില്‍ ആവശ്യത്തിനുള്ള പോഷകങ്ങള്‍ കഴിച്ചാല്‍പോരേ എന്നാണ് ചിലരുടെയെങ്കിലും ധാരണ. അതുതെറ്റായ ഒരു ധാരണയാണ്. പോഷകങ്ങള്‍ മാത്രം കഴിക്കുന്നത് ഒരിക്കലും ഭക്ഷണത്തിനു പകരമാവില്ല.
പാല് കഴിക്കുന്നില്ലെങ്കില്‍ കാല്‍സ്യം കാപസ്യൂളുകളോ ഗുളികകളോ നല്‍കുക. മീന്‍ ഇഷ്ടമല്ലെങ്കില്‍ ഒമേഗാ 3 മരുന്നുകള്‍ നല്‍കുക. ഇങ്ങനെ പോകുന്നു നമ്മുടെ പൊട്ടന്‍ ചികിത്സാ രീതികള്‍. നിങ്ങള്‍ ഇപ്രകാരമാണ് ആരോഗ്യത്തെ കാണുന്നതെങ്കില്‍ മൂഢസ്വര്‍ഗത്തില്‍തന്നെയാണ്. മാത്രമല്ല, നിങ്ങള്‍ രോഗങ്ങളെ വിലയ്ക്കുവാങ്ങുകയാണെന്നും മനസിലാക്കണം. ഭക്ഷണമില്ലാത്തതിന് പോഷക സപ്ലിമെന്റുകളെ ആശ്രയിച്ച് അതു നികത്താമെന്നുകരുതരുത്.
അതുപോലെ സ്വയം നിര്‍ണയിച്ച് ഇത്തരത്തില്‍ പോഷകങ്ങളെ ആശ്രയിക്കുന്നതും വിപത്തുണ്ടാക്കും. ഇങ്ങനെ ചെയ്യുമ്പോള്‍ എത്രമാത്ര, എങ്ങനെ എന്ന കാര്യത്തിലുള്ള അജ്ഞത ഗുരുതര സ്ഥിതിവിശേഷമുണ്ടാക്കും.
ഉദാഹരണത്തിന് കുടുതല്‍ കാത്സ്യമോ വിറ്റാമിനുകളോ പോഷക സപ്ലിമെന്റുകളായി കഴിക്കുകയാണെങ്കില്‍ അത് ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കും. ശരീരത്തിന് ആവശ്യമില്ലാത്തതിലും അധികമായെത്തുന്ന പോഷകം ദോഷം ചെയ്യും.
അതേസമയം പോഷക ആഹാരമാണെങ്കില്‍ ശരീരം ആവശ്യമായത്ര പോഷകങ്ങള്‍ ആഗിരണം ചെയ്യുകയും ബാക്കി പുറംതള്ളുകയും ചെയ്യും. പോഷകക്കുറവ് നേരിടുന്നവര്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം അളവു കണക്കാക്കി കഴിക്കുന്നതുവഴി പോഷക പ്രശ്‌നം വേഗം പരിഹരിക്കുകയും ചെയ്യാം.
പ്രകൃതി ദത്തം ലേബല്‍ മാത്രം
ഇന്ന് മിക്ക പോഷക സപ്ലിമെന്റുകളിലും പ്രകൃതി ദത്തം എന്ന ലേബല്‍ ഉത്പാദകര്‍ മനപ്പൂര്‍വം പ്രിന്റുചെയ്ത് ചേര്‍ക്കാറുണ്ട്. കവറുകളിലെ ഈ കുറിപ്പ് കണ്ട് വാങ്ങി അമളിപറ്റുന്നവര്‍ ഏറെ.
ദീപനരസങ്ങളും മറ്റും അടങ്ങിയിട്ടുണ്ടെന്നുപറഞ്ഞ് ഇങ്ങനെ വിപണിയിലെത്തിക്കുന്ന പല പോഷക സപ്ലിമെന്റുകളും നമുക്ക് ആവശ്യമുള്ളതല്ലെന്ന് മനസിലാക്കണം.
നമുക്ക് ആവശ്യമുള്ള പ്രയോജനം നല്‍കാന്‍ ഇവയ്ക്ക് കഴിയുകയില്ല. അതുമാത്രമോ. ഇത്തരം മരുന്നുകള്‍ക്ക് നാം ഭീമമായ തുക നല്‍കേണ്ടിയും വരുന്നുണ്ടെന്നും ഓര്‍ക്കണം.
പ്രോട്ടീന്‍ പൗഡറുകളും
വ്യത്യാസവും
പ്രോട്ടീന്‍ പൊടികളെല്ലാം ഒരേതരത്തിലാണെന്ന് കരുതരുത്. ഇവയെല്ലാം വ്യത്യസ്ത അനുപാതത്തിലുള്ളവയും വിവിധോദ്ദേശകങ്ങളുമാണ്.
ഇവയില്‍ കാര്‍ബോഹൈഡ്രേറ്റുകളുടെയും കൊഴുപ്പിന്റെയും കൊളസ്‌ട്രോളിന്റെയും കലോറികളുടെയും അളവുകളില്‍ വ്യത്യാസമുണ്ട്. മാത്രമല്ല, ഒന്ന് മറ്റേതില്‍ നിന്നും വ്യത്യസ്തമായാണ് പ്രവര്‍ത്തിക്കുന്നതുപോലും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."