ചില അധ്യാപകര്‍ ഉത്തരവാദിത്തം മറന്നത് പൊതുവിദ്യാഭ്യാസ രംഗത്തെ പിന്നോട്ടടിപ്പിച്ചു: മന്ത്രി
ചെറുവത്തൂര്‍: രണ്ടു പതിറ്റാണ്ട് മുന്‍പ് ചില അധ്യാപകര്‍ ഉത്തരവാദിത്തം മറന്നതാണ് പൊതുവിദ്യാഭ്യാസത്തെ പിന്നോട്ടടിപ്പിച്ചതെന്ന് റവന്യു വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍. ചെറുവത്തൂരില്‍ കേരള ഗവണ്‍മെന്റ് പ്രൈമറി സ്‌കൂള്‍ ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രവര്‍ത്തക ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധ്യാപകന്റെ ജോലി ശമ്പളത്തിന് മാത്രമുള്ളതല്ല.
അതിനപ്പുറം സാമൂഹ്യ ഉത്തരവാദിത്തം കൂടി നിര്‍വഹിക്കുന്നവരാണ് അവര്‍. നീ പഠിച്ചില്ലെങ്കിലും എനിക്ക് ശമ്പളം കിട്ടില്ലേ എന്ന് ചോദിച്ച ചില അധ്യാപകരുണ്ടായിരുന്നു. അവര്‍ അന്ന് കാട്ടിയ അനാസ്ഥയുടെ ദുരന്തഫലമാണ് അടുത്ത കാലം വരെ നമ്മുടെ നാട്ടിലെ പൊതുവിദ്യാലയങ്ങള്‍ നേരിട്ടത്.
ഈ പിന്നോട്ട് പോക്കിനിടയിലാണ് വിദ്യാഭ്യാസ കച്ചവടം വ്യാപിച്ചത്. എന്നാല്‍ ഇന്നാ സ്ഥിതി മാറിക്കൊണ്ടിരിക്കുകയാണ്. പൊതുവിദ്യാലയങ്ങള്‍ ജനകീയ കൂട്ടായ്മയില്‍ മികവിന്റെ കേന്ദ്രങ്ങളായി മാറിത്തുടങ്ങി. പ്രൈമറി ഉള്‍പ്പെടെയുള്ള വിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്നതാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ആളുകളെ കണ്ടാല്‍ നിര്‍ത്താതെ ഡബിള്‍ ബെല്‍ അടിച്ച് കടന്നു പോകുന്ന ചില കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍മാര്‍ ഉണ്ടായിരുന്നു.
എന്നാല്‍ ഇന്നവര്‍ ബെല്ലടി നിര്‍ത്തി. പെന്‍ഷനും ഇല്ല ശമ്പളവും ഇല്ല. ചില അധ്യാപകരെ പോലെ അവരും ഇന്ന് പ്രൊട്ടക്ഷന്‍ വിഭാഗത്തിലാണെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."