മതപ്രഭാഷണങ്ങളില്‍ കര്‍മ്മ ശാസ്ത്ര വിഷയങ്ങള്‍ ഉള്‍പ്പെടുത്തണം: വില്ല്യാപ്പള്ളി ഇബ്രാഹീം മുസ്‌ലിയാര്‍
മനാമ: ഇക്കാലത്ത് മതപ്രഭാഷണങ്ങളില്‍ കര്‍മ്മശാസ്ത്ര വിഷയങ്ങള്‍ പ്രതിപാദിക്കുന്നത് കുറഞ്ഞു പോയിട്ടുണ്ടെന്നും ഇതു പരിഹരിക്കാനും കര്‍മ്മശാസ്ത്ര വിഷയങ്ങള്‍ ഉള്‍പ്പെടുത്താന്‍ മഹല്ല് കമ്മറ്റികള്‍ ശ്രദ്ധിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറാംറംഗവും പ്രമുഖ കര്‍മ്മശാസ്ത്ര പണ്ഡിതനുമായ ശൈഖുനാ വില്ല്യാപ്പള്ളി ഇബ്രാഹീം മുസ്‌ലിയാര്‍ ബഹ്‌റൈനില്‍ അഭിപ്രായപ്പെട്ടു. സമസ്ത ബഹ്‌റൈന്‍ കേന്ദ്ര കമ്മറ്റി മനാമയില്‍ സംഘടിപ്പിച്ച മുഹറം ദ്വിദിന പഠന ക്യാംപില്‍ മയ്യിത്ത് പരിപാലനം എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
[caption id="attachment_136056" align="alignnone" width="620"] സമസ്ത ബഹ്‌റൈന്‍ കേന്ദ്ര കമ്മറ്റി മനാമയില്‍ സംഘടിപ്പിച്ച മുഹറം ദ്വിദിന പഠന ക്യാംപിന്റെ സദസ്സ് [/caption]മുന്‍കാലങ്ങളില്‍ നാട്ടില്‍ വ്യാപകമായി നടന്നു വന്നിരുന്ന മതപ്രഭാഷണങ്ങളില്‍ നിന്നാണ് സാധാരണക്കാരായ വിശ്വാസികളെല്ലാം ഫിഖ്ഹ് (ഇസ്‌ലാമിക കര്‍മ്മ ശാസ്ത്രം) പഠിച്ചിരുന്നത്. എന്നാല്‍ ഇന്ന് മതപ്രഭാഷണങ്ങളും പ്രഭാഷകരും നിരവധിയുണ്ടെങ്കിലും ഫിഖ്ഹ് സംബന്ധമായ അറിവുകള്‍ നല്‍കുന്ന പ്രഭാഷണങ്ങള്‍ തുച്ഛമാണെന്നും ചില പഠന ക്ലാസുകള്‍ മാത്രമാണ് ഇതിന് അപവാദമെന്നും ഉസ്താദ് കൂട്ടിച്ചേര്‍ത്തു. സമകാലിക വിഷയങ്ങളില്‍ മാത്രം ഊന്നി സംസാരിക്കുന്ന ഇന്നത്തെ മത പ്രഭാഷകരെ താന്‍ ആക്ഷേപിക്കുകയല്ല മറിച്ച് അവര്‍ക്ക് സംസാരിക്കാനുള്ള വിഷയം തിരഞ്ഞെടുത്തു നല്‍കുന്ന മഹല്ല് കമ്മറ്റികളും സംഘാടകരുമാണ് ഇക്കാര്യം ശ്രദ്ധിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കര്‍മ ശാസ്ത്രപഠനത്തിന്റെ അഭാവംമൂലം, വിശ്വാസികള്‍ പ്രതിദിനം അനുഷ്ഠിച്ചു വരുന്ന കര്‍മ്മങ്ങളില്‍ പലതും നിഷ്ഫലമാകുന്ന അവസ്ഥയാണുള്ളത്. ഫിഖ്ഹ് (കര്‍മ്മ ശാസ്ത്രം) പഠനം വിശ്വാസികള്‍ക്കെല്ലാവര്‍ക്കും അനിവാര്യമാണെന്നും വിപുലമായ സൗകര്യങ്ങളുള്ള ഇക്കാലത്ത് അതിനുള്ള പരിശ്രമം വിശ്വാസികള്‍ക്ക് ഉണ്ടാകണമെന്നും ഉസ്താദ് തുടര്‍ന്നു.
ഒരു വ്യക്തിക്ക് മരണം ആസന്നമായതു മുതല്‍ ചെയ്തു കൊടുക്കേണ്ട കടമകള്‍ നിരവധിയുണ്ട്. നമ്മുടെ സാന്നിധ്യത്തില്‍ എപ്പോഴാണ് ഒരു മരണം സംഭവിക്കുക എന്ന് പറയാനാവില്ല. ആര് മരിച്ചാലും മരണ സമയത്തും ശേഷവും മയ്യിത്തിന് ചെയ്ത് കൊടുക്കേണ്ട കാര്യങ്ങള്‍ യഥാവിധി മനസ്സിലാക്കി ചെയ്തില്ലെങ്കില്‍ ആ മരണ വിവരം അറിഞ്ഞവരെല്ലാം അതിന്റെ കുറ്റത്തില്‍ പങ്കാളികളാകും. കാരണം മയ്യിത്തിന് വേണ്ടി ചെയ്യേണ്ട കാര്യങ്ങളെല്ലാം ഫര്‍ള് കിഫായ (പൊതു ബാധ്യത)യാണ്. ആരെങ്കിലും ഒരാള്‍ കര്‍മ്മങ്ങള്‍ കൃത്യമായി ചെയ്താല്‍ എല്ലാവരും ബാധ്യതയില്‍ നിന്ന് മുക്തരാകും. അതല്ലെങ്കില്‍ ആ മരണ വിവരം അറിഞ്ഞവരെല്ലാം അതില്‍ കുറ്റകാരാകുമെന്നും ഉസ്താദ് വിശദീകരിച്ചു. തുടര്‍ന്ന് കര്‍മങ്ങളോരോന്നും ഉസ്താദ് വിശദീകരിച്ചു.
മയ്യിത്തിന് വേണ്ടിയുള്ള ജനാസ നമസ്‌കാരത്തിന്റെ ചുരുങ്ങിയ രീതി എല്ലാവരും മനസ്സിലാക്കണം. അത് മനസ്സിലാക്കാന്‍ കേവലം മിനുറ്റുകള്‍ മാത്രം മതി. എന്നിട്ടും 'എനിക്ക് അത് പരിചയമില്ലെന്ന്' പറഞ്ഞ് അത്തരം കര്‍മ്മങ്ങളില്‍ നിന്ന് മനപ്പൂര്‍വ്വം ഒഴിവാകുന്നവര്‍ തന്റെ ശാരീരിക സുഖത്തിനാവശ്യമായ കാര്യങ്ങള്‍ പരിചയമില്ലെങ്കില്‍ പോലും ചെയ്യാന്‍ തയ്യാറാകുന്നില്ലേ എന്നും ഉസ്താദ് ചോദിച്ചു. കഴിഞ്ഞ ദിവസം രാവിലെ മുതല്‍ വൈകുന്നേരം വരെ നീണ്ട പഠന ക്യാംപില്‍ കര്‍മ്മശാസ്ത്രവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളാണ് ചര്‍ച്ച ചെയ്തത്. തുടര്‍ന്ന് സംശയ നിവാരണ സെഷനും നടന്നു. സമസ്ത ബഹ്‌റൈന്‍ കേന്ദ്ര ഏരിയാ നേതാക്കളും പണ്ഡിതരും ചടങ്ങില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."