നിര്‍മാണത്തിലെ അശാസ്ത്രീയത: അപകടമേഖലയായി പെരുമ്പള്ളി ജങ്ഷന്
കായംകുളം: ആറാട്ടുപുഴ തീരദേശ റോഡില്‍ പെരുമ്പള്ളി ജംക്ഷനു സമീപം അപകടം പതിയിരിക്കുന്നു. ഇവിടെ ഓടു പാകി നിര്‍മിച്ച ചപ്പാത്തിലാണ് ദൈനം ദിനം അപകടങ്ങള്‍ പെരുകുന്നത്. കടലും കായലും തമ്മില്‍ ഏതാനും മീറ്ററുകളായി ചുരുങ്ങിയ ഇവിടെ കടലേറ്റമുണ്ടാകുമ്പോള്‍ റോഡിലേക്കു പതിക്കുന്ന വെള്ളം ഒഴുകി പോകാനാണ് ഓടു പാകിയ ചപ്പാത്ത് നിര്‍മിച്ചത്.
എന്നാല്‍ നിര്‍മാണത്തിലുണ്ടായ അശാസ്ത്രീയത മൂലം ഇവിടം അപകട മേഖലയായി മാറുകയായിരുന്നു. ഇതിനോട് അടുത്ത് നിര്‍മിച്ചിരിക്കുന്ന മറ്റൊരു ചപ്പാത്തില്‍ നിന്നും വ്യത്യസ്ഥമായി വലിയ താഴ്ചയില്‍ നിര്‍മിച്ചിരിക്കുന്നതിനാല്‍ ദൂരെ നിന്നുള്ള വാഹനങ്ങള്‍ക്ക് വളരെ അടുത്തു വരുമ്പോള്‍ മാത്രമേ ഈ ചപ്പാത്ത് ശ്രദ്ധയില്‍പ്പെടുകയുള്ളു. ഇതു മൂലം നിരവധി ഇരുചക്ര വാഹനങ്ങളാണ് ഇവിടെ അപകടത്തില്‍ പെടുന്നത്. ഒരു മാസത്തിനുള്ളില്‍ ഇരുപതിലേറെ അപകടങ്ങളാണ് ഇവിടെ നടന്നത്. ഇവിടുത്തെ ഒരു ഗ്രാമ പഞ്ചായത്ത് അംഗവും അപകടത്തില്‍പ്പെട്ടിരുന്നു. കൃത്യമായി ചരിച്ച് നിര്‍മിക്കാത്തതിനാല്‍ വെള്ളം ഒഴുകി പോകാതെ കെട്ടിക്കിടക്കുന്നതും അപകടം വര്‍ധിപ്പിക്കുന്നു.
ഇവിടെ പാകിയിരിക്കുന്ന കോണ്‍ക്രീറ്റ് ഓടിന്റെ ഗ്രിപ്പ് കുറവായതിനാല്‍ ചെറിയ നനവില്‍ പോലും വാഹനങ്ങള്‍ തെന്നിവീഴാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ കടലിനോടു ചേര്‍ന്നുള്ള ഭാഗത്തു നിന്നും അനധികൃതമായി മണല്‍ എടുക്കുന്നതു മൂലം കുഴി രൂപപ്പെട്ടതിനാലും ഇവിടെ വെള്ളം ഒഴുകി പോകാതെ തങ്ങി നില്‍ക്കുന്നുണ്ട്. കൂടാതെ വാഹനങ്ങളുടെ അമിത വേഗതയും അപകടങ്ങള്‍ക്കു കാരണമാകുന്നു. എത്രയും വേഗം നിര്‍മാണത്തിലെ അപാകത പരിഹരിച്ച് അപകടങ്ങള്‍ കുറക്കാനുള്ള നടപടികള്‍ കൈക്കൊള്ളാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."