ഫോര്‍ട്ട്‌കൊച്ചിയില്‍ കടലിറങ്ങി; ചീനവലകള്‍ നോക്കുകുത്തികളായി
മട്ടാഞ്ചേരി: കൊച്ചി ആഴിമുഖത്ത് കടല്‍ പിന്‍വലിഞ്ഞതിനെ തുടര്‍ന്ന് ചീനവലകള്‍ നോക്കുകുത്തികളായി. തീരങ്ങളില്‍ സ്ഥാപിച്ച് വേലിയേറ്റ ഇറക്കവേളകളില്‍ മത്സ്യബന്ധനം നടത്തുന്ന പ്രവര്‍ത്തന രീതിയിലാണ് ചീനവലകളുടേത്. ഫോര്‍ട്ടുകൊച്ചി ഭാഗത്തെ പതിനൊന്ന് ചീനവലകളില്‍ നാല് വലകളാണ് പ്രവര്‍ത്തിക്കാന്‍ കഴിയാതെ നോക്കുകുത്തികളായി മാറിയത്.
ചീനവലകള്‍ കരയിലായതോടെ ഇതിന്റെ മുകള്‍ഭാഗം അഴിച്ചു മാറ്റിയിരിക്കയാണ് തൊഴിലാളികള്‍. ഒരു ദിവസം ഒരു വലയില്‍ ശരാശരി പത്ത് പന്ത്രണ്ട് മത്സ്യ ബന്ധനതൊഴിലാളികളാണ് പണിയെടുക്കുന്നത്. ഇത് പ്രകാരം അമ്പതോളം കുടുംബങ്ങള്‍ ദുരിതത്തിലായതായി തൊഴിലാളിയായ ആന്റണി പറഞ്ഞു.
ഓരാഴ്ചയായി ചീനവല പ്രവര്‍ത്തനം നിശ്ചലമായിരിക്കയാണ്. തൊഴിലാളികള്‍ പ്രായാധിക്യമുള്ളവരായതിനാല്‍ മറ്റു മേഖലകളില്‍ തൊഴിലെടുക്കാനും കഴിയുന്നില്ല. കഴിഞ്ഞ രണ്ടര പതിറ്റാണ്ടിന്റെ ദൈര്‍ഘ്യത്തില്‍ അഴിമുഖത്ത് ഇത്രയും വിസ്തൃതിയില്‍ കടല്‍ വലിയുന്നത് ആദ്യമാണന്നാണ് മത്സ്യതൊഴിലാളികള്‍ പറയുന്നത്. കൊച്ചിയുടെ സിഗ് നേച്ചര്‍ എന്ന നിലയില്‍ വിഖ്യാതമാണ് ചീനവലകള്‍ കുടാതെ കടല്‍വഴിയെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് കൈകളുയര്‍ത്തി സ്വാഗതം ചെയ്യുന്ന രീതിയില്‍ ഇരുകരകളിലെയും ചീനവലകള്‍ കാഴ്ചയുമൊരുക്കുന്നുണ്ട്.
കൊച്ചിയുടെ ചരിത്രത്തിന്റെ ഭാഗമായ ചീനവലകള്‍ ഓന്നോന്നായി ഇല്ലാതാകുമ്പോഴും ഇവയുടെ സംരക്ഷണത്തിന് പ്രഖ്യാപനങ്ങള്‍ നടത്തിയ പദ്ധതികളും കോടിക്കണക്കിന് രൂപയും ഫലം കാണാതെ ഇല്ലാതാകുകയും ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."